ഹാദിയ കേസ്; ഷെഫിന്‍ ജഹാന്‍ എസ്ഡിപിഐയുടെ സ്ഥിരം പ്രവര്‍ത്തകനെന്ന് പൊലീസ്, ഇയാള്‍ക്കെതിരെ ക്രിമിനല്‍ കേസുകളും

ഷെഫിന്റെ ഫേസ്ബുക്ക് പോസ്റ്റുകളില്‍ അവിശ്വാസികള്‍ക്ക് എതിരെയുള്ള വിശുദ്ധ യുദ്ധത്തെ അനുകൂലിക്കുന്ന നിലപാടുകള്‍
ഹാദിയ കേസ്; ഷെഫിന്‍ ജഹാന്‍ എസ്ഡിപിഐയുടെ സ്ഥിരം പ്രവര്‍ത്തകനെന്ന് പൊലീസ്, ഇയാള്‍ക്കെതിരെ ക്രിമിനല്‍ കേസുകളും

മാതാപിതാക്കളുടെ എതിര്‍പ്പ് അവഗണിച്ച് മതം മാറി കഴിച്ച വിവാഹം ഹൈക്കോടതി റദ്ദാക്കിയത്‌ ചോദ്യം ചെയ്തായിരുന്നു അഖിലയെന്ന ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ വിവാഹം റദ്ദാക്കി ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ ഗൗരവമുള്ളതാണെന്ന് വിലയിരുത്തി, കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ച് എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു സുപ്രീംകോടതി. 

ഹാദിയ കേസില്‍ സുപ്രീംകോടതി എന്‍ഐഎ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ എസ്ഡിപിഐയിലെ സ്ഥിരം പ്രവര്‍ത്തകനാണ് ഷെഫിന്‍ ജഹാനെന്നും, ഇയാള്‍ക്കെതിരെ പൊലീസ് നേരത്തെ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നുമുള്ള പൊലീസ് റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. 

പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ വിഭാഗമായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ സ്ഥിര സാന്നിധ്യമായ ഷാഫിനെതിരെ കിളിക്കൊല്ലൂര്‍ പൊലീസ് മൂന്ന് ക്രിമിനല്‍ കേസുകളും, പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട് കൊല്ലം ഈസ്റ്റ് പൊലീസ് മറ്റൊരു കേസുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നു. 2011ല്‍ J3947001 എന്ന ഐഡിയിലും, 2014ല്‍ L7759080 എന്ന ഐഡിയില്‍ തത്കാല്‍ വിഭാഗത്തിലും ഷെഫിന്‍ പാസ്‌പോര്‍ട്ട് സ്വന്തമാക്കിയിരുന്നു. 

എന്നാല്‍ ജിഹാദുമായി ബന്ധപ്പെട്ട് ഷാഫിന്‍ പ്രവര്‍ത്തിച്ചതിന് പൊലീസിന്റെ പക്കല്‍ തെളിവുകള്‍ ഇല്ല. ഷെഫിന്റെ ഫേസ്ബുക്ക് പോസ്റ്റുകളില്‍ നിന്നും ജിഹാദിന് അനുകൂലമായാണ് ഷെഫിന്റെ നിലപാടുകളെന്നാണ് പൊലീസിന്റെ നിഗമനം. 

പിന്നോക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ടിരുന്ന ഷാഫിന്റെ പിതാവ് മതം മാറി ഇസ്ലാം സ്വീകരിക്കുകയും, മുസ്ലീം സ്ത്രീയെ വിവാഹം കഴിക്കുകയായിരുന്നു എന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല്ലത്ത് നിന്ന് മാറി എറണാകുളത്താണ് ഇപ്പോള്‍ ഷെഫിനും കുടുംബവും താമസിക്കുന്നത്. 

ഹാദിയ കേസ് ഹൈക്കോടതിയുടെ പരിഗണനയിലുള്ള സമയത്ത് ഷെഫിനും കുടുംബവും ചന്ദനത്തോപ്പിലായിരുന്നു താമസം. പിന്നീട് കുടുംബം ഇവിടുത്തെ സ്വത്തുക്കള്‍ വില്‍ക്കുകയും ചതിനാംകുളത്തിലേക്ക് മാറുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com