ഓഖി ചുഴലിക്കാറ്റ് : 400 പേരെ രക്ഷപ്പെടുത്തി ; മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി

ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 529 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. ബോട്ട് നഷ്ടപ്പെട്ടവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കും
ഓഖി ചുഴലിക്കാറ്റ് : 400 പേരെ രക്ഷപ്പെടുത്തി ; മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കുടുങ്ങിക്കിടന്ന 400 ഓളം പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് നിന്ന് 132, കോഴിക്കോട് 66, കൊല്ലം 55, തൃശൂര്‍ 40, കന്യാകുമാരി 100 എന്നിങ്ങനെ 393 പേരെയാണ് രാവിലെ വരെ രക്ഷപ്പെടുത്തിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് അവലോകനയോഗത്തിന് ശേഷം അറിയിച്ചതാണ് ഇക്കാര്യം. രക്ഷാപ്രവര്‍ത്തനം യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്. 138 പേര്‍ ലക്ഷദ്വീപിലെത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. ഇതില്‍ മലയാളികളും ഉള്‍പ്പെടുന്നതായാണ് സൂചന. ഇവരെ കേരളത്തിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍  ഊര്‍ജ്ജിതമാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു. 

അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സാധാരണ കടലില്‍ പോയി മരണപ്പെടുന്നവര്‍ക്ക് മല്‍സ്യബന്ധന ബോര്‍ഡ് നല്‍കുന്ന ധനസഹായത്തിന് പുറമേയാണിത്. കടലില്‍ മരിച്ചവര്‍ക്ക് നാലു ലക്ഷമാണ് സാധാരണ നഷ്ടപരിഹാരം നല്‍കാറ്. എന്നാല്‍ ചുഴലിക്കാറ്റ് ദുരന്തമായി പരിഗണിച്ചാണ് നഷ്ടപരിഹാര തുക വര്‍ധിപ്പിച്ചത്. പരുക്കുപറ്റിയവര്‍ക്ക് 15000 രൂപ ധനസഹായം നല്‍കും. മല്‍സ്യതൊഴിലാളി ക്ഷേമബോര്‍ഡ് നേരത്തെ 5000 രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. അതിന് പുറമേയാണിതെന്ന് മുഖ്യമന്ത്രി അറിയിച്ചു. 

തീരദേശത്തുള്ളവര്‍ക്ക് ഒരാഴ്ച സൗജന്യറേഷന്‍ അനുവദിക്കും. സംസ്ഥാനത്ത് 30 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 529 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. 2845 പേരെയാണ് വിവിധ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിട്ടുള്ളത്. ആശുപത്രികളില്‍ കഴിയുന്നവര്‍ക്ക് മരുന്നും ഭക്ഷണവും നല്‍കാന്‍ സര്‍ക്കാര്‍ എല്ലാവിധ ഏര്‍പ്പാടുകളും ചെയ്തിട്ടുണ്ട്. മരുന്ന് ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ ആരോഗ്യ വകുപ്പ് ഇതിനകം കൈക്കൊണ്ടിട്ടുണ്ട്. ബോട്ട് നഷ്ടമാകുമെന്ന ഭയം മൂലമാണ് ചിലര്‍ ബോട്ട് ഉപേക്ഷിച്ച് പോരാന്‍ വിസമ്മതിച്ചത്. ബോട്ട് നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ന്യായമായ നഷ്ടപരിഹാരം നല്‍കും. മുന്‍കാലങ്ങളില്‍ പേരിന് നല്‍കിയിരുന്ന നഷ്ടപരിഹാരം വര്‍ധിപ്പിക്കുന്നത് ആലോചിക്കുന്നു. മല്‍സ്യ ബന്ധന ബോര്‍ഡിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും നടപടി സ്വീകരിക്കുക. 

കടലില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ നാവികസേന, വ്യോമസേന, കോസ്റ്റ് ഗാര്‍ഡ് തുടങ്ങിയവ അഭിനന്ദനാര്‍ഹമായ പങ്ക് വഹിച്ചു. ആര്‍മി സുസജ്ജമായി നില്‍ക്കുന്നുണ്ടായിരുന്നു. എല്ലാവര്‍ക്കും സര്‍ക്കാര്‍ നന്ദി അറിയിക്കുന്നു. കേന്ദ്ര ഏജന്‍സികളും വകുപ്പുകളും നല്ല രീതിയില്‍ ഇടപെട്ടു. മാധ്യമങ്ങലില്‍ നിന്നും നല്ല സഹകരണമാണ് ഉണ്ടായത്. അതേസമയം ചില കേന്ദ്രങ്ങളില്‍
നിന്ന് അറിയിപ്പ് ലഭിച്ചാലും മല്‍സ്യ തൊഴിലാളികള്‍ അടക്കമുള്ളവര്‍ക്ക് മുന്നറിയിപ്പ് ലഭ്യമാകാത്ത സ്ഥിതിയുണ്ട്. ഇതു പരിഗണിച്ച് ഭാവിയില്‍ കൃത്യമായ മുന്നറിയിപ്പ് നല്‍കുന്നതിന് ഫലപ്രദമായ സംവിധാനം ഒരുക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. വ്യക്തികള്‍ക്ക് നേരിട്ട് സന്ദേശം നല്‍കുന്ന തരത്തിലുള്ള സംവിധാനത്തെക്കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനും വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതനായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com