ഓഖി ദേശീയദുരന്തമായി പ്രഖ്യാപിക്കില്ല ; മുന്നറിയിപ്പ് നല്‍കുന്നതില്‍ കാലതാമസമുണ്ടായെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം

നവംബര്‍ 30 ന് മാത്രമാണ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയത്. കേരളം മികച്ച രക്ഷാപ്രവര്‍ത്തനമാണ് നടത്തിയതെന്നും കണ്ണന്താനം
ഓഖി ദേശീയദുരന്തമായി പ്രഖ്യാപിക്കില്ല ; മുന്നറിയിപ്പ് നല്‍കുന്നതില്‍ കാലതാമസമുണ്ടായെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം

ന്യൂഡല്‍ഹി : ഓഖി ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ല. ഇത്തരത്തില്‍ പ്രഖ്യാപിക്കുന്ന പതിവ് ഇപ്പോഴില്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം അറിയിച്ചു. ചുഴലിക്കാറ്റിനെക്കുറിച്ച് കൃത്യമായ മുന്നറിയിപ്പ് നല്‍കിയിരുന്നു എന്ന കേന്ദ്ര ഏജന്‍സികളുടെ വാദവും കേന്ദ്രമന്ത്രി തള്ളി. നവംബര്‍ 30 ന് മാത്രമാണ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയത്. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള സ്ഥിതിനേരിടാന്‍ കേരളം മികച്ച രക്ഷാപ്രവര്‍ത്തനമാണ് നടത്തിയതെന്നും കണ്ണന്താനം പറഞ്ഞു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിന് ശേഷമാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. 

കേന്ദ്ര-സംസ്ഥാന സേനകളെ ഏകോപിപ്പിച്ച് മികച്ച രീതിയില്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സംസ്ഥാനത്തിനായി. ദുരിതാശ്വാസത്തിന് ആവശ്യമായ ഫണ്ട് കേന്ദ്രം അനുവദിച്ചിട്ടുണ്ട്. വേണമെങ്കില്‍ ഇനിയും അനുവദിക്കും. ദുരിതബാധിത പ്രദേശങ്ങല്‍ താന്‍ സന്ദര്‍ശിക്കുമെന്നും കണ്ണന്താനം പറഞ്ഞു. ദിശ മാറിക്കൊണ്ടിരിക്കുന്ന കാറ്റായതിനാല്‍ ബോട്ടുകള്‍ പലതും വടക്കുഭാഗത്തേക്ക് പോയെന്നാണ് കരുതുന്നത്. അതിനാല്‍ തെരച്ചില്‍ വടക്കുഭാഗത്തേക്ക് കേന്ദ്രീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. തീരദേശത്തുള്ള മല്‍സ്യ തൊഴിലാളികളെ കൂടി ഉള്‍പ്പെടുത്തി കൂടുതല്‍ ഊര്‍ജ്ജിതമായ രക്ഷാപ്രവര്‍ത്തനം നടത്തുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് വൈകീട്ട് കേരളത്തിലെത്തും. 

അതിനിടെ ഇന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. വിഴിഞ്ഞത്തുനിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 16 ആയി. അതേസമയം കടലില്‍ കാണാതായവരെ തിരഞ്ഞ് മല്‍സ്യതൊഴിലാളികളും കടലില്‍ പോയി. വിഴിഞ്ഞത്തുനിന്നും പൂന്തുറയില്‍ നിന്നുമാണ് തിരച്ചില്‍ സംഘങ്ങള്‍ കടലില്‍ പോയത്. പൂന്തുറയില്‍ നിന്നും 40 ഓളം വള്ളങ്ങളിലാണ് തൊഴിലാളികള്‍ കടലില്‍ പോയത്. പൂന്തുറയില്‍ നിന്നുമാത്രം 33 പേരെ കണ്ടെത്താനുണ്ടെന്നാണ് നാട്ടുകാര്‍ അറിയിച്ചത്. 

അതേസമയം 12 പേര്‍ രക്ഷപ്പെട്ട് ലക്ഷദ്വീപ് തീരത്തെത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഇവര്‍ എവിടത്തുകാരാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. നാല് വിഴിഞ്ഞംകാരെയും കൊല്ലത്ത് 13 മല്‍സ്യ തൊഴിലാളികളെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപ് തീരം വിട്ട് വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയാണ്. മണിക്കൂറില്‍ പതിനാല് കിലോമീറ്റര്‍ വേഗതയിലാണ് കാറ്റുവീശുന്നതെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com