ഇതു രക്ഷാപ്രവര്‍ത്തനത്തിനുള്ള സമയമാണ്; വിവാദങ്ങളെക്കുറിച്ചു ചോദിച്ച മാധ്യമങ്ങളെ തള്ളി നിര്‍മല സീതാരാമന്‍

ദുരന്തത്തിനിരയായ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ മുന്നില്‍ നിന്നാണ് നാം സംസാരിക്കുന്നതെന്ന് നിര്‍മല സീതാരാമന്‍
ഇതു രക്ഷാപ്രവര്‍ത്തനത്തിനുള്ള സമയമാണ്; വിവാദങ്ങളെക്കുറിച്ചു ചോദിച്ച മാധ്യമങ്ങളെ തള്ളി നിര്‍മല സീതാരാമന്‍


തിരുവനന്തപുരം: ഇതു രക്ഷാപ്രവര്‍ത്തനത്തിനുള്ള സമയമാണെന്നും അതില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ചുഴലിക്കാട്ടു മുന്നറിയിപ്പു നല്‍കിയതിലെ വീഴ്ചയും രക്ഷാപ്രവര്‍ത്തനത്തിലെ പോരായ്മയും സംബന്ധിച്ച വിവാദങ്ങളിലേക്ക് മാധ്യമ പ്രവര്‍ത്തകര്‍  ശ്രദ്ധ ക്ഷണിച്ചപ്പോഴായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.

ദുരന്തത്തിനിരയായ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ മുന്നില്‍ നിന്നാണ് നാം സംസാരിക്കുന്നതെന്ന് നിര്‍മല സീതാരാമന്‍ ചൂണ്ടിക്കാട്ടി. രക്ഷാപ്രവര്‍ത്തനത്തില്‍ മാത്രമാണ് ഇപ്പോള്‍ ശ്രദ്ധ. മറ്റൊന്നിനെക്കുറിച്ചും ഇപ്പോള്‍ അഭിപ്രായം പറയാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അവര്‍ വ്യ്ക്തമാക്കി.

കാറ്റടിച്ച മുപ്പതാം തീയതി മുതല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ട്. അതില്‍ പങ്കെടുക്കുന്ന ഹെലികോപ്റ്ററുകളുടെയും കപ്പലുകളുടെയും എണ്ണം പിന്നീടു വര്‍ധിപ്പിക്കുകയാണ് ചെയ്തത്. യുദ്ധക്കപ്പലുകള്‍ പോലും രക്ഷാപ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്നുണ്ട്. കര്‍ണാടക, മഹാരാഷ്ട്ര, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലെ തുറമുഖങ്ങളില്‍ കേരളത്തില്‍നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ എത്തയിട്ടുണ്ട്. ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി താന്‍ സംസാരിച്ചു. അവര്‍ക്ക് എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കടല്‍ ശാന്തമാവുമ്പോള്‍ അവര്‍ തിരികെയെത്തുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

ഓരോ മണിക്കൂറിലും നേവിയും കോസ്റ്റ്ഗാര്‍ഡും വിവരങ്ങള്‍നല്‍കുന്നുണ്ട്. അവസാനത്തെയാളെ കണ്ടെത്തുന്നതുവരെയും രക്ഷാപ്രവര്‍ത്തനം തുടരും. കാറ്റടിക്കുന്നതിനു വളരെ മുമ്പ്, പതിനഞ്ചു ദിവസം മുമ്പ് കടലില്‍ പോയവരെ വരെ കണ്ടെത്തി തിരിച്ചെത്തിക്കാനായിട്ടുണ്ട്. അതുകൊണ്ട് താന്‍ പ്രതീക്ഷ കൈവിട്ടിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തില്‍ മത്സ്യത്തൊഴിലാളികളെയും പങ്കാളികളാക്കുമെന്ന് നിര്‍മല സീതാരാമന്‍ അറിയിച്ചു. 

ദുരിത ബാധിത സംസ്ഥാനം എന്ന നിലയില്‍ കേരളത്തിനായി പ്രത്യേക പാക്കെജ് പ്രഖ്യാപിക്കുമോയെന്ന ചോദ്യത്തിന് ഇതു സംബന്ധിച്ച് നടപടിക്രമങ്ങള്‍ പ്രകാരം കേരളത്തിന് കേന്ദ്രത്തെ സമീപിക്കാമെന്ന് മന്ത്രി മറുപടി നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com