ഓഖി ചുഴലിക്കാറ്റ്: 51 മത്സ്യതൊഴിലാളികള്‍ കൊച്ചിയിലെത്തി; പിണറായി-രാജ്‌നാഥ് സിങ് കൂടിക്കാഴ്ച ഇന്ന് 

ഓഖി ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങുമായി കൂടിക്കാഴ്ച നടത്തും
ഓഖി ചുഴലിക്കാറ്റ്: 51 മത്സ്യതൊഴിലാളികള്‍ കൊച്ചിയിലെത്തി; പിണറായി-രാജ്‌നാഥ് സിങ് കൂടിക്കാഴ്ച ഇന്ന് 

കൊച്ചി: ഓഖി ചുഴലിക്കാറ്റില്‍ നിന്നും രക്ഷപ്പെട്ട മലയാളികളടക്കം 51 മത്സ്യതൊഴിലാളികള്‍ കൊച്ചിയിലെത്തി. ലക്ഷദ്വീപില്‍ നിന്നും എം വി കവരത്തി എന്ന കപ്പലിലാണ് ഇവരെ കൊച്ചിയിലെത്തിച്ചത്. തമിഴ്‌നാട്ടില്‍ നിന്നുമുളള മത്സ്യതൊഴിലാളികള്‍ അടക്കം തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ നിന്നായി മത്സ്യബന്ധത്തിന് പോയവരാണ് രക്ഷപ്പെട്ടവരില്‍ ഭൂരിഭാഗം പേരും.  കോസ്റ്റ് ഗാര്‍ഡിന്റെയും നേവിയുടെയും സഹായത്തോടെ രക്ഷപ്പെട്ട് ലക്ഷദ്വീപില്‍ കഴിയുന്ന മറ്റു മത്സ്യതൊഴിലാളികളും ബോട്ടുകളിലും മറ്റുമായി കൊച്ചിയിലേക്ക് തിരിച്ചു. 302 പേരാണ് നാട്ടിലേക്ക് തിരിച്ചത്. 

അതേസമയം ഓഖി ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങുമായി കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗത്തിന്റെ തീരുമാനപ്രകാരമാണ് കൂടിക്കാഴ്ച. 
ഓഖി ചുഴലിക്കാറ്റില്‍ മരിച്ച മത്സ്യത്തൊഴിലാളികളുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കിയിരുന്നു. ഓഖി കെടുതികളില്‍ കേന്ദ്രസര്‍ക്കാരിനോടു പ്രത്യേക പാക്കേജ് ആവശ്യപ്പെടാനും തിരുവനന്തപുരത്തു ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി. സൗജന്യ റേഷന്‍ കിട്ടാത്തവര്‍ക്ക് 2000 രൂപ സഹായം നല്‍കുമെന്നും യോഗശേഷം മന്ത്രി പറഞ്ഞു.ആശ്വാസ പ്രവര്‍ത്തനത്തിന് യോജിച്ച് നീങ്ങാനും യോഗം തീരുമാനിച്ചു. ഓഖി ദുരന്തത്തിനിരയായവരെ സഹായിക്കുന്നതിന് സംസ്ഥാനത്ത് ഫണ്ട് രൂപീകരിക്കാനും തീരുമാനിച്ചു.ഈ ഫണ്ടിലേക്ക് ഉദാരമായി സംഭാവന നല്‍കാന്‍ സംസ്ഥാനത്തെ മുഴുവന്‍ ജീവനക്കാരോടും പാര്‍ട്ടികളോടും സംഘടനകളോടും സ്ഥാപനങ്ങളോടും യോഗം അഭ്യര്‍ത്ഥിച്ചു.ദുരന്തത്തില്‍ ഇതുവരെ 38 പേരാണ് മരിച്ചത്. അവരില്‍ 19 പേരെ തിരിച്ചറിഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com