ഓഖി മുന്നറിയിപ്പ് നല്‍കുന്നതില്‍ തികഞ്ഞ അനാസ്ഥയുണ്ടായി : ആര്‍ച്ച് ബിഷപ്പ് സൂസപാക്യം

സഭയെ കൂടി വിശ്വാസത്തിലെടുത്ത് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധിക്കണം
ഓഖി മുന്നറിയിപ്പ് നല്‍കുന്നതില്‍ തികഞ്ഞ അനാസ്ഥയുണ്ടായി : ആര്‍ച്ച് ബിഷപ്പ് സൂസപാക്യം

തിരുവനന്തപുരം : ഓഖി മുന്നറിയിപ്പ് നല്‍കുന്നതില്‍ തികഞ്ഞ അനാസ്ഥയുണ്ടായെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യം. അടിയന്തരമായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇത്രയും ജീവഹാനി ഉണ്ടാകില്ലായിരുന്നെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ചുഴലിക്കാറ്റ് സംബന്ധിച്ച വിവരങ്ങള്‍ ദിവസങ്ങള്‍ക്ക് മുമ്പേ പല കേന്ദ്രങ്ങളില്‍ നിന്നും അറിഞ്ഞെങ്കിലും, അത് ഗൗരവമായിട്ടെടുക്കുകയോ, തക്ക സമയത്ത് മുന്നറിയിപ്പ് നല്‍കുകയോ ചെയ്യാത്തത് ആരായിരുന്നാലും, അത് സംസ്ഥാന സര്‍ക്കാരോ, കേന്ദ്ര സര്‍ക്കാരോ ആരാകട്ടെ, ഉത്തരവാദിത്തപ്പെട്ടവര്‍ ആരായിരുന്നാലും അവരുടെ ഭാഗത്തു നിന്നുള്ള തികഞ്ഞ അനാസ്ഥയാണ്. മല്‍സ്യ തൊഴിലാളികളോട് കാണിച്ച ഈ അവഗണനയെ തികഞ്ഞ വേദനയോടെ, ശക്തമായ ഭാഷയില്‍ അപലപിക്കുന്നതായി സൂസപാക്യം പറഞ്ഞു.

ഓഖി ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് 
മല്‍സ്യതൊഴിലാളികള്‍ രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം
ചെയ്യുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്. രക്ഷാപ്രവര്‍ത്തനത്തിനൊപ്പം പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ ഊന്നല്‍ നല്‍കണം. സഭയെ കൂടി വിശ്വാസത്തിലെടുത്ത് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധിക്കണം. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് പുതുക്കണം. മുഖ്യമന്ത്രി കൊച്ചിയില്‍ പറഞ്ഞത് ആത്മാര്‍ത്ഥമായാണെന്ന് വിശ്വസിക്കുന്നു. തീരദേശത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രാലയം രൂപീകരിക്കണമെന്നും ആര്‍ച്ച് ബിഷപ്പ് ആവശ്യപ്പെട്ടു. 

രാജ്ഭവനിലേക്ക് നടന്ന മാര്‍ച്ചില്‍ ആയിരക്കണക്കിന് മല്‍സ്യതൊഴിലാളികളാണ് പങ്കെടുത്തത്. അതിനിടെ ചുഴലിക്കാറ്റ് ദുരന്തത്തില്‍ കാണാതായ രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. പൊന്നാനി കടപ്പുറത്താണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് കോസ്റ്റല്‍ പൊലീസ് കടലിലേക്ക് തിരിച്ചിട്ടുണ്ട്. കടലില്‍ നിന്നും ലഭിച്ച 16 മൃതദേഹങ്ങള്‍ കൂടി ഇനി തിരിച്ചറിയാനുണ്ട്. കാണാതായവര്‍ക്ക് വേണ്ടി നേവിയും കോസ്റ്റ് ഗാര്‍ഡും ഇന്നും തിരച്ചില്‍ തുടരുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com