ഓഖി ദുരിതാശ്വാസം വേഗത്തിലാക്കും; കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരും: മുഖ്യമന്ത്രി

മരിച്ചവരുടെ കുടുംബത്തിന് ഇരുപത് ലക്ഷം രൂപ ഒന്നിച്ച് നല്‍കുമെന്നും ഇതിനായി സര്‍ക്കാര്‍ പത്തുലക്ഷം രൂപയും മത്സ്യക്ഷേമനിധി ബോര്‍ഡ് 5 ലക്ഷം രൂപയും ഫിഷറിസ് 5 ലക്ഷം രൂപയും നല്‍കുമെന്നും പിണറായി
ഓഖി ദുരിതാശ്വാസം വേഗത്തിലാക്കും; കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരും: മുഖ്യമന്ത്രി

തിരുവനന്തപുരം: ഓഖി ദുരിത ബാധിതര്‍ക്ക് ധനസഹായ വിതരണം വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആശ്രിതര്‍ക്ക് ധനസഹായം ഒന്നിച്ചു നല്‍കണമെന്നാണ് സര്‍ക്കാര്‍ കാണുന്നത്. മരിച്ചവരുടെ കുടുംബത്തിന് ഇരുപത് ലക്ഷം രൂപ നല്‍കും. പത്ത് ലക്ഷം രൂപ സര്‍ക്കാരും അഞ്ച് ലക്ഷം രൂപ വീതം മല്‍സ്യബന്ധന വകുപ്പും, മല്‍സ്യത്തൊഴിലാളി ക്ഷേമനിധിബോര്‍ഡുമാണ് നല്‍കുക.  ഇത് ഒരുമിച്ചു നല്‍കും. ദേശീയ ദുരന്ത നിവാരണഫണ്ടില്‍നിന്നും 1843 കോടി രൂപ നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്‍ഷൂറന്‍സ് കാലതാമസം ഒഴിവാക്കാനായി ബോര്‍ഡിന്റെ ഫണ്ടില്‍ നിന്നും എടുക്കും. ക്ഷേമനിധിയില്‍ അംഗമല്ലാത്തവര്‍ക്ക് വലിയ ദുരന്തം എന്ന പ്രത്യേക പരിഗണനയാല്‍ ബോര്‍ഡ് അത്തരം തീരുമാനം എടുക്കുമെന്നും ദുരന്തത്തില്‍പ്പെട്ട ആരെയും ധനസഹായത്തില്‍ നിന്ന് ഒഴിവാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്തത്തിന് ഇരയായവരുടെ വീട് സന്ദര്‍ശനം ഉദ്യോഗസ്ഥര്‍ തുടരും. സഹായത്തിനായി ദുരന്തബാധിതര്‍ ഓഫീസ് കയറി ഇറങ്ങുന്ന സ്ഥിതിയുണ്ടാവില്ല. ദുരന്തത്തില്‍പ്പെട്ട് ജോലിക്ക് പോകാന്‍ കഴിയാത്തവരായി തുടരുന്നവര്‍ക്ക് സഹായധനം ഉടന്‍ നല്‍കും. ഇനി ജോലി ചെയ്യാന്‍ കഴിയാത്ത ഗുരുതരമായി പരുക്കേറ്റവര്‍ക്ക് 5 ലക്ഷം രൂപ നല്‍കുമെന്നും പിണറായി പറഞ്ഞു. പരുക്കേറ്റവര്‍ക്ക് 20,000 രൂപ നല്‍കും. ആശുപത്രി വിട്ടുപോയവര്‍ക്കും ഈ സഹായം ലഭിക്കും. യാനം നഷ്ടപ്പെട്ടവര്‍ക്ക് തത്തുല്യമായ തുക നല്‍കും. മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി രണ്ടു ലക്ഷം രൂപ അനുവദിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍നിന്ന് തുക ആവശ്യപ്പെട്ടിട്ടുണ്ട്. ദുരന്തത്തിന്റെ തീവ്രത കേന്ദ്രത്തിന് ബോധ്യപ്പെട്ടെന്നാണ് ബന്ധപ്പെട്ട മന്ത്രിമാരില്‍നിന്നുള്ള പ്രതികരണങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. ദുരന്തത്തിന്റെ നാശനഷ്ടം കണക്കാക്കാന്‍ കേന്ദ്ര സംഘം എത്തുമെന്ന് കേന്ദ്രമന്ത്രിമാര്‍ ഉറപ്പ് നല്‍കിയട്ടുണ്ട്. അവര്‍ ഉടനെ എത്തും

കടലില്‍ പോകുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ശാസ്ത്രീയവും സാങ്കേതികവുമായ നടപടി സ്വീകരിക്കും.ബോട്ടുകളില്‍ ജിപിഎസ് സംവിധാനം ഏര്‍പ്പെടുത്തും. മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ നിധിയിലേക്ക് മന്ത്രിമാര്‍ ഒരു മാസത്തെ വേതനം നല്‍കിയിട്ടുണ്ട്. ദുരിത ബാധിതരെ സഹായിക്കാന്‍ എല്ലാവിധ സഹായങ്ങളും സര്‍ക്കാര്‍ സ്വീകരിക്കും .ദുരന്ത ബാധിതരെ സഹായിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com