ആ 'മാഡം' ആര്? അഭിഭാഷകയും ഒരു നടിയും സംശയനിഴലില്‍

സഹായികളായ മഹേഷും മനോജും എത്തിയപ്പോഴാണ് മാഡത്തെക്കുറിച്ച് പറഞ്ഞത്
ആ 'മാഡം' ആര്? അഭിഭാഷകയും ഒരു നടിയും സംശയനിഴലില്‍

കൊച്ചി: കോടതിയില്‍ കീഴടങ്ങുന്നതിനായി അഡ്വ. ഫെനി ബാലകൃഷ്ണന്റെ മുന്നിലെത്തിയ പള്‍സര്‍ സുനിയുടെ അനുയായികള്‍ പറഞ്ഞ ആ 'മാഡം' ആരാണ് എന്ന അന്വേഷണത്തിലാണ് പോലീസ്. ഒരു അഭിഭാഷകയുടേയും ഒരു നടിയുടേയും നേരെയാണ് ആ 'മാഡം' ചെന്നുനില്‍ക്കുന്നത്.
സരിത എസ്. നായര്‍ കേസില്‍ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണന്റെ അടുത്ത് വക്കാലത്ത് ഏല്‍പ്പിക്കുന്നതിനായി പള്‍സര്‍ സുനിയുടെ സഹായികളായ മഹേഷും മനോജും എത്തിയപ്പോഴാണ് മാഡത്തെക്കുറിച്ച് പറഞ്ഞത്. ചെങ്ങന്നൂരില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഇവരോട് മാവേലിക്കര കോടതിയില്‍ ഹാജരാവാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍, അന്ന് മാവേലിക്കരയില്‍ ഹര്‍ത്താലായിരുന്നു. ഒരുപാട് പോലീസുകാര്‍ ഉള്ളതിനാല്‍ മാവേലിക്കരയില്‍ ഹാജരാകുന്നതില്‍ അവര്‍ക്ക് താത്പര്യമുണ്ടായിരുന്നില്ല. ഈ സമയത്താണ് മനോജും മഹേഷും തമ്മില്‍ തമിഴില്‍ മാഡത്തോട് അന്വേഷിച്ച് തീരുമാനിക്കാം എന്നു പറഞ്ഞത്. ഇതോടെയാണ് മാഡത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം തുടങ്ങിയത്.
ആ മാഡത്തെക്കുറിച്ചുള്ള അന്വേഷണം ആദ്യം എത്തിയത് ഒരു അഭിഭാഷകയിലേക്കായിരുന്നു. ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന ഒരു അഭിഭാഷകയാണ് ആ മാഡം എന്നതായിരുന്നു പോലീസിന്റെ ഒരു നിഗമനം. ഫെനി ബാലകൃഷ്ണന്റെ അടുത്ത് പള്‍സര്‍ സുനിയുടെ സുഹൃത്തുക്കള്‍ എത്തിയ ദിവസം ഒരു ഫോണ്‍കോള്‍ പോലീസിനെത്തിയിരുന്നു. അത് ട്രെയിനില്‍ യാത്ര ചെയ്യുന്ന ഒരു സ്ത്രീ സുനില്‍കുമാര്‍ എന്നും മാര്‍ട്ടിന്‍ എന്നുമൊക്കെ പറയുന്നുണ്ട്. പള്‍സര്‍ സുനിയെക്കുറിച്ചാണോ എന്ന് സംശയമുണ്ട് എന്നതായിരുന്നു ആ ഫോണ്‍കോള്‍. അതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ട്രെയിനില്‍ നിന്നും ഒരു അഭിഭാഷകയെ നിരീക്ഷിക്കുകയും അവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
അഭിഭാഷക ഈ കേസില്‍ തനിക്ക് പങ്കില്ലെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് വിട്ടയച്ചു. തിരുവനന്തപുരം കോടതിയില്‍ പള്‍സര്‍ സുനി കീഴടങ്ങുമെന്നും അതിനായി അഭിഭാഷക തിരുവനന്തപുരത്തെത്തിയതെന്നുമായിരുന്നു പോലീസ് നിഗമനം. തിരുവനന്തപുരത്ത് പള്‍സര്‍ സുനി കീഴടങ്ങാതിരുന്നതോടെയാണ് അഭിഭാഷകയെ പോലീസ് വിട്ടയച്ചത്. തൊട്ടടുത്ത ദിവസം ഈ അഭിഭാഷക പോലീസ് കംപ്ലയിന്റ് അതോറിറ്റിയ്ക്ക് പരാതി നല്‍കുകയും ചെയ്തു. പള്‍സര്‍ സുനിയുമായി തനിക്ക് ബന്ധമൊന്നുമില്ലെന്ന് ആ അഭിഭാഷക തറപ്പിച്ചു പറയുന്നു. അഭിഭാഷകയുടെ കേസ് ഇപ്പോഴും പോലീസ് കംപ്ലയന്റ് അതോറിറ്റിയിലുണ്ട്. ഈ അഭിഭാഷകയുടെ പേരായിരുന്നു ആദ്യം മാഡമായി സംശയമുണ്ടായത്.
മറ്റൊരു അഭിഭാഷകയെ ചുറ്റിപ്പറ്റിയും പോലീസ് അന്വേഷിക്കുന്നുണ്ട്. ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ ഭാര്യയായ ഒരു അഭിഭാഷകയാണ് പോലീസ് സംശയിക്കുന്ന മറ്റൊരു അഭിഭാഷക. ഇവര്‍ ഈ കേസുമായി ബന്ധപ്പെട്ട് ഫോണ്‍ വിളിച്ചതിനെക്കുറിച്ചും പള്‍സര്‍ സുനിയുടെ സഹായികളിലൊരാള്‍ ഒന്നില്‍ക്കൂടുതല്‍ തവണ ഇവരെ വിളിച്ചതായും പോലീസിന് വിവരമുണ്ട്. പക്ഷെ, പ്രതീഷ് ചാക്കോയുടെ വക്കാലത്തിലാണ് കൊച്ചിയില്‍ പള്‍സര്‍ സുനിയടക്കമുള്ളവര്‍ കീഴടങ്ങാന്‍ ശ്രമിച്ചത് എന്നതാണ് അഭിഭാഷകയെയാണ് വിളിച്ചത് എന്നതില്‍ വൈരുദ്ധ്യമായി നില്‍ക്കുന്നത്. മനഃപൂര്‍വ്വം മാഡം എന്ന് പറയിപ്പിച്ച് തെറ്റിദ്ധരിപ്പിക്കാന്‍ അഭിഭാഷകന്‍ ശ്രമിച്ചതാണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
പള്‍സര്‍ സുനിയുടെ സഹായികളുടെ മാഡത്തെക്കുറിച്ചുള്ള പരാമര്‍ശം കേട്ട ഫെനി ബാലകൃഷ്ണന്റെ വാദമാകട്ടെ മറ്റൊരു വഴിക്കാണ്. അഭിഭാഷകയെ വിളിക്കാനുള്ള സാധ്യത കുറവാണ്. മറ്റാരോ അതിനു പിന്നിലുണ്ട് എന്ന് തോന്നിയതിനാലാണ് നടന്‍ ദിലീപിനെ വിളിച്ച് കാര്യം പറഞ്ഞത് എന്നായിരുന്നു ഫെനി ബാലകൃഷ്ണന്‍ പറയുന്നത്. സൂക്ഷിക്കണം, ഇങ്ങനെയൊരു മാഡത്തെക്കുറിച്ച് പറഞ്ഞു. അവരുടെ പിന്നില്‍ ഒരു മാഡം ഉണ്ട് എന്ന് ഫെനി ബാലകൃഷ്ണന്‍ പറഞ്ഞപ്പോള്‍ തന്നെ തകര്‍ക്കാന്‍ ആരൊക്കെയോ ശ്രമിക്കുന്നുണ്ട് എന്നായിരുന്നു ദിലീപിന്റെ മറുപടി. ഫെനി ബാലകൃഷ്ണന് തോന്നിയതും ദിലീപിനെതിരെയുള്ള ഒരാളാണ് ആ മാഡം എന്നാണ്. ദിലീപ് തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട് എന്ന് മറുപടി പറഞ്ഞതോടെ അത് സിനിമയിലുള്ള മാഡമാകും എന്ന സൂചനയാണ് നല്‍കുന്നത്. ഫെനി ബാലകൃഷ്ണനും നാളെ പോലീസിന് ഈ സൂചന തന്നെയാണ് പറയാന്‍ പോകുന്നത്.
'മാഡ'ത്തിന്റെ സ്വാധീനം ആദ്യംമുതലേ ഈ കേസില്‍ ഉണ്ടായിരുന്നു. എന്നാല്‍ ആരാണ് അതെന്ന് കണ്ടുപിടിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. കൂടുതല്‍ ചോദ്യം ചെയ്യലുകളും മൊഴിയെടുക്കലുകളും തുടരുന്നതോടെ പ്രമുഖയായ ആ 'മാഡം' ആരാണെന്ന് കണ്ടെത്താന്‍ സാധിക്കുമെന്നുതന്നെയാണ് പോലീസും കരുതുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com