ഇ മാലിന്യസംസ്‌കരണ പദ്ധതിക്ക് തുടക്കമിട്ട് സംസ്ഥാന സര്‍ക്കാര്‍

ചെറിയ അളവില്‍പോലും മനുഷ്യശരീരത്തേയും പരിസ്ഥിതിയെയും വളരെ ദോഷകരമായി ബാധിക്കുന്ന പദാര്‍ത്ഥങ്ങള്‍ പ്രകൃതിയില്‍ അവശേഷിക്കും
ഇ മാലിന്യസംസ്‌കരണ പദ്ധതിക്ക് തുടക്കമിട്ട് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സ്‌കൂളുകളിലെ ഏകദേശം ഒരു കോടി കിലോഗ്രാം ഇ - മാലിന്യം ശേഖരിച്ചു സംസ്‌കരിക്കുന്ന പദ്ധതിക്ക് സര്‍ക്കാര്‍ തുടക്കം കുറിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇമാലിന്യങ്ങള്‍ ശാസ്ത്രീയമായി കണ്ടെത്തി പുന:ചംക്രമണത്തിനും തുടര്‍ന്നുള്ള സംസ്‌കരണത്തിനും ക്രമീകരണം ഒരുക്കുന്ന തലത്തില്‍ വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള ഐടി@സ്‌കൂള്‍ പ്രോജക്ടും തദ്ദേശഭരണവകുപ്പിനു കീഴിലുള്ള ക്ലീന്‍കേരള കമ്പനിയുമായി ചേര്‍ന്ന് ആവിഷ്‌കരിച്ച പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കയതായും പിണറായി വ്യക്തമാക്കി. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പിണറായി വിജയന്‍ ഇക്കാര്യം അറിയിച്ചത്

മുഖ്യമന്ത്രി പിണറായി വിജന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

രാജ്യത്തെ ഏറ്റവും വലുതും വ്യത്യസ്തവുമായ ഇമാലിന്യ നിര്‍മാജന പദ്ധതി... സ്‌കൂളുകളിലെ ഏകദേശം ഒരു കോടി കിലോഗ്രാം ഇ–മാലിന്യം ശേഖരിച്ചു സംസ്‌കരിക്കുന്നു


സംസ്ഥാനത്തെ സ്‌കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 2000 മുതല്‍ വിവിധ ഏജന്‍സികള്‍ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കി വരുന്നുണ്ട്. ഇവയില്‍ തീരെ പ്രവര്‍ത്തനക്ഷമമല്ലാതെ ഇമാലിന്യമായി മാറിക്കഴിഞ്ഞ ഉപകരണങ്ങള്‍ നിര്‍മ്മാര്‍ജനം ചെയ്യാന്‍ ഇതുവരെയും ഉത്തരവ് ലഭിക്കാതിരുന്നത് സ്‌കൂള്‍ കമ്പ്യൂട്ടര്‍ ലാബുകളിലെ മറ്റു പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന വിധം ഇവ കുമിഞ്ഞുകൂടുന്ന സാഹചര്യം സൃഷ്ടിച്ചിരുന്നു. ഇത്തരം ഇമാലിന്യങ്ങള്‍ ശാസ്ത്രീയമായി കണ്ടെത്തി പുന:ചംക്രമണത്തിനും തുടര്‍ന്നുള്ള സംസ്‌കരണത്തിനും ക്രമീകരണം ഒരുക്കുന്ന തലത്തില്‍ വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള ഐടി@സ്‌കൂള്‍ പ്രോജക്ടും തദ്ദേശഭരണവകുപ്പിനു കീഴിലുള്ള ക്ലീന്‍കേരള കമ്പനിയുമായി ചേര്‍ന്ന് ആവിഷ്‌കരിച്ച പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കി.


സംസ്ഥാനത്തെ പതിനായിരത്തിലധികം സ്‌കൂളുകളിലും ഓഫീസുകളിലും നിലവിലുള്ള ഏകദേശം ഒരു കോടി കിലോഗ്രാം ഇമാലിന്യങ്ങളായി മാറിയ ഉപകരണങ്ങള്‍ ഇതുവഴി നിര്‍മാര്‍ജനം ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് രാജ്യത്ത് തന്നെ ഏറ്റവും വലിയ ഇമാലിന്യ നിര്‍മാജന പ്രക്രിയ ആയിരിക്കും. ഇതിനായി സ്‌കൂളുകളില്‍ നിന്നുള്ള ഓണ്‍ലൈന്‍ ഡേറ്റാ ശേഖരണം ഐ.ടി.@സ്‌കൂള്‍ പ്രോജക്ട് ആരംഭിച്ചു കഴിഞ്ഞു. സ്‌കൂളുകളില്‍ ആരംഭിച്ച 'ഹായ് സ്‌കൂള്‍ കുട്ടിക്കൂട്ട'ത്തിലെ ഹാര്‍ഡ്‌വെയര്‍ വിഭാഗത്തിലെ കുട്ടികളെയും ഇമാലിന്യം നിശ്ചയിക്കുന്ന സ്‌കൂള്‍തല സമിതിയില്‍ ഉള്‍പ്പെടുത്തി പുതിയൊരു മാലിന്യനിര്‍മാര്‍ജന സംസ്‌കാരത്തിന് കൂടി സംസ്ഥാനത്ത് തുടക്കം കുറിക്കുകയാണ്.


ഇലക്ട്രോണിക് ഉപകരണങ്ങള്‍ പഴയ വിലക്ക് തൂക്കി വിറ്റാലും മെര്‍ക്കുറി, ലെഡ്, കാഡ്മിയം, ബേറിയം, ബെറിലിയം തുടങ്ങി ചെറിയ അളവില്‍പോലും മനുഷ്യശരീരത്തേയും പരിസ്ഥിതിയെയും വളരെ ദോഷകരമായി ബാധിക്കുന്ന പദാര്‍ത്ഥങ്ങള്‍ പ്രകൃതിയില്‍ അവശേഷിക്കും. എന്നാല്‍ ഇവയെ ഹൈദരാബാദുള്ള പ്രത്യേക കേന്ദ്രത്തില്‍ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്ന രീതിയാണ് ഇവിടെ അവലംബിക്കുന്നത്.


'പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ'ത്തിന്റെ ഭാഗമായി, ഐ.ടി.@സ്‌കൂള്‍ നടപ്പാക്കുന്ന ഹൈടെക് സ്‌കൂള്‍ പദ്ധതിയോടൊപ്പം നടപ്പാക്കുന്ന മാതൃകാപരമായ ഈ പ്രവര്‍ത്തനം ഹരിതകേരളം മിഷന്റെയും പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ഈ മറ്റു മാതൃകകള്‍ വകുപ്പുകളിലേക്കുകൂടി വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com