ജിഎസ്ടി സംസ്ഥാനത്ത് 101 സാധനങ്ങള്‍ക്ക് വിലകുറയും 

നികുതിയിളവിന്റെ ഗുണം വിലക്കുറവായി ജനത്തിന് കിണ്ടേണ്ടതാണെന്നും പരമാവധി വില്‍പ്പന വിലയേക്കാള്‍ അധികം സാധനങ്ങള്‍ക്ക് ഈടാക്കാന്‍ പാടില്ലെന്നും നിയമം ലംഘിക്കുന്നവര്‍ക്ക് കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി
ജിഎസ്ടി സംസ്ഥാനത്ത് 101 സാധനങ്ങള്‍ക്ക് വിലകുറയും 

തിരുവനന്തപുരം: ജിഎസ്ടി നിലവില്‍ വന്നതോടെ കേരളത്തില്‍ 85ശതമാനം ഉത്പന്നങ്ങള്‍ക്ക് വില കുറയുകയാണ് വേണ്ടതെന്ന് ധനമന്ത്രി തോമസ് ഐസക്. ജിഎസ്ടിക്ക് മുമ്പും ശേഷവുമുള്ള സാധനങ്ങളുടെ വിലയുള്ള വിത്യാസം മനസിലാക്കുന്ന പട്ടികയും സര്‍ക്കാര്‍ പുറത്തിറക്കി.

ചില വ്യാപാരികള്‍ വില കൂട്ടി വില്‍ക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. പഴയ സ്‌റ്റോക്ക് ആണെങ്കില്‍ പോലും എം. ആര്‍. പി വിലയേക്കാള്‍ കൂടാന്‍ പാടില്ല. നിലവിലുള്ള വിലയ്ക്കു പുറമെയാണ് ചിലര്‍ ജി. എസ്. ടി  ഈടാക്കുന്നത്. ജി. എസ്. ടി പ്രാബല്യത്തില്‍ വന്നതോടെ ഭൂരിപക്ഷം ഉത്പന്നങ്ങള്‍ക്കും നിലവിലുള്ളതിനേക്കാള്‍ നികുതി കുറയുകയാണ് ചെയ്തിരിക്കുന്നത്. പാല്‍ക്കട്ടിക്കും മിഠായികള്‍ക്കും സ്‌കൂള്‍ ബാഗുകള്‍ക്കും എല്‍പിജി സ്റ്റൗവിനും ആറ് ശതമാനം നികുതി കുറഞ്ഞു. എല്‍ഇഡി ബള്‍ബിന് അഞ്ച് ശതമാനവും സിമന്റ് ചന്ദനത്തിരി ഹെല്‍മറ്റ് എന്നിവയ്ക്ക് നാലുശതമാനവും നികുതിയില്‍ കുറവുണ്ടായിട്ടുണ്ട്.

അണ്‍ബ്രാന്റഡ് അരി ഉള്‍പ്പടെയുള്ള ധാന്യങ്ങള്‍ക്കുള്ള നികുതി പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. ജിഎസ്ടിക്ക് മുമ്പ് 14.5 ശതമാനം നികുതിയുണ്ടായിരുന്ന കോഴിയിറച്ചിയുടെ നികുതിയും പുര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്. 

അധിക വില ഈടാക്കുന്നത് നിയന്ത്രിക്കുന്നതിനും നടപടിയെടുക്കുന്നതിനും കേന്ദ്ര അതോറിറ്റി ഉടന്‍ നിലവില്‍ വരും. സംസ്ഥാനങ്ങളില്‍ ഇതിനായി സ്‌ക്രീനിംഗ് കമ്മിറ്റികളുണ്ടാവും. വില കൂടുതല്‍ ഈടാക്കുന്നതുമായി ബന്ധപ്പെട്ട് ജൂലായ് ഒന്നു മുതലുള്ള പരാതികള്‍ കമ്മിറ്റി പരിഗണിക്കും. നിയമലംഘനം നടത്തുന്നവരുടെ രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെ റദ്ദാക്കുന്ന വിധത്തില്‍ നടപടികളുണ്ടാവും. ഇപ്പോഴുള്ള പരാതികള്‍ ഉപഭോക്താക്കള്‍ക്ക് സംസ്ഥാന വില്‍പ്പന നികുതി ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കാം. സ്‌ക്രീനിംഗ് കമ്മിറ്റി നിലവില്‍ വരുന്നതോടെ പരാതികള്‍ കൈമാറും. ചിലര്‍ കൂടിയ വിലയുടെ സ്റ്റിക്കര്‍ പതിച്ച് ഉത്പന്നങ്ങള്‍ വില്‍ക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇതും നിയമവിരുദ്ധമാണ്. 

 ഹോട്ടലുകളും റസ്‌റ്റോറന്റുകളും ഇത്തരത്തില്‍ വില വര്‍ദ്ധിപ്പിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വ്യാപാരികളുടെയും ഹോട്ടല്‍, റസ്‌റ്റോറന്റ് ഉടമകളുടെയും സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കും. ഉത്തരവാദിത്വത്തോടെ നിയമാനുസൃത വില നിശ്ചയിക്കാന്‍ ഹോട്ടലുകള്‍ തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു. ചരക്ക് വിഭാഗത്തില്‍ നൂറ് ഉത്പന്നങ്ങളുടെ നികുതി താരതമ്യ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. നിജസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് വരും ദിവസങ്ങളില്‍ പത്രങ്ങളില്‍ പരസ്യം നല്‍കും. സിനിമ തിയേറ്ററുകളില്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ച നടപടി പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com