ദിലീപ് ആലുവ സബ് ജയിലിലേക്ക്; പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു

By സമകാലിക മലയാളം ഡസ്‌ക്‌  |   Published: 11th July 2017 07:23 AM  |  

Last Updated: 11th July 2017 04:09 PM  |   A+A-   |  

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ കോടതി റിമാന്റ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്. ഇന്ന് രാവിലെ അങ്കമാലി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ദിലീപിനെ കസ്റ്റഡയില്‍ വേണമെന്ന് പൊലീസിന്റെ ആവശ്യം മജിസ്‌ട്രേറ്റ് തള്ളി.ദിലീപിനെ ആലുവ സബ്ജയിലിലേക്ക് കൊണ്ടുപോയി.

 ജാമ്യമില്ലാ വകുപ്പാണ് പോലീസ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്.  ദിലീപിനെതിരെ 19 തെളിവുകളാണ് പോലീസ് ഹാജരാക്കിയത്. ഒന്നര കോടിയുടെ ക്വട്ടേഷനാണ് ദിലീപ് നല്‍കിയത് എന്നാണ് സൂചന.അഡ്വക്കേറ്റ് രാംകുമാറാണ് ദിലീപിന് വേണ്ടി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരായത്. ദിലീപിനെ പ്രത്യേക സെല്ലില്‍ പാര്‍പ്പിക്കണമെന്ന് മസിസ്‌ട്രേറ്റ് നിര്‍ദ്ദേശം നല്‍കി. കേസിലെ പ്രധാന പ്രതി സുനില്‍ കുമാര്‍ ഒഴിച്ച് അറസ്റ്റിലായ ബാക്കിയെല്ലാവരും ഉള്ള ആലുവ സബ് ജയിലിലേക്കാണ് ദിലീപിനെയും എത്തിക്കുന്നത്.
 

നേരത്തെ ആലുവ പൊലീസ് ക്ലബ്ബില്‍നിന്ന് ദിലീപുമായുള്ള പൊലീസ് വാഹനം രാവിലെ പോലീസ് ക്ലബ്ബിലെത്തിച്ചു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് 'എല്ലാം കഴിയട്ടെ'എന്നായിരുന്നു ദിലീപിന്റെ പ്രതികരണം. ദിലീപ് ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. അതേസമയം കേസില്‍ പോലീസ് ചോദ്യം ചെയ്ത സംവിധായകന്‍ നാദിര്‍ഷാ കസ്റ്റഡിയിലില്ലെന്ന് പൊലീസ് വ്യക്തമാക്കി. 

ഇന്നലെയാണ് നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ഗൂഢാലോചനക്കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തത്. രാവിലെതന്നെ പൊലീസ് കസ്റ്റഡിയിലായ ദിലീപിന്റെ അറസ്റ്റ് വൈകുന്നേരം 6.30ഓടെയാണ് രേഖപ്പെടുത്തിയത്.