എം വിന്‍സെന്റിനെതിരെ ശക്തമായ തെളിവുകള്‍, രാജിവച്ചേക്കും

വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്തതായും നിരന്തരമായി പീഡിപ്പിക്കുന്നതായുമുള്ള വീട്ടമ്മയുടെ പരാതിയില്‍ വിന്‍സെന്റിനെ പൊലീസ് ചോദ്യം ചെയ്തു
എം വിന്‍സെന്റിനെതിരെ ശക്തമായ തെളിവുകള്‍, രാജിവച്ചേക്കും


തിരുവനന്തപുരം: കോവളം എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ എം വിന്‍സെന്റ് ബലാത്സംഗ കേസില്‍ കുരുങ്ങിയതോടെ രാജിക്കു സാധ്യതയേറി. വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്തതായും നിരന്തരമായി പീഡിപ്പിക്കുന്നതായുമുള്ള വീട്ടമ്മയുടെ പരാതിയില്‍ വിന്‍സെന്റിനെ പൊലീസ് ചോദ്യം ചെയ്തു.  എംഎല്‍എ പീഡിപ്പിച്ചെന്ന് ആരോപിച്ച് വീ്ട്ടമ്മ ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. വിന്‍സെന്റിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റത്തിനും കേസെടുത്തി്ട്ടുണ്ട്.

ഉച്ചയോടെ എംഎല്‍എ ഹോസ്റ്റലില്‍ എത്തിയ, പാറശ്ശാല എസ്‌ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വിന്‍സെന്റിനെ ചോദ്യം ചെയ്തത്. വിന്‍സന്റിനെ ചോദ്യം ചെയ്യുന്നതിന് അനുമതിയുടെ ആവശ്യമില്ലെന്ന് സ്പീക്കറുടെ ഓഫിസ് പൊലീസിനെ അറിയിച്ചിരുന്നു. വിന്‍സെന്റിനെതിരെ ശക്തമായ തെളിവുണ്ടെന്ന് പൊലീസ് അറിയിച്ചതോടെ എംഎല്‍എയുടെ രാജിക്കു സാധ്യതയേറി. വിന്‍സെന്റ് രാജിവയ്ക്കണമെന്ന് പാര്‍ട്ടി നേതാവ് ഷാനിമോള്‍ ഉസ്മാന്‍ ആവശ്യപ്പെട്ടു. രാജി ആവശ്യം ഉന്നയിച്ച് എല്‍ഡിഎഫ് സമരപരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വിന്‍സെന്റ് രാജിക്കൊരുങ്ങുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയാല്‍ ഉടന്‍ രാജിയെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. 

കേസില്‍ വിന്‍സെന്റിനെതിരെ ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളും ശക്തമാണെന്ന് പൊലീസ് പറഞ്ഞു. വിന്‍സെന്റ് പരാതിക്കാരിയായ വീട്ടമ്മയെ കഴിഞ്ഞ അഞ്ചു മാസത്തിനിടെ 900 തവണ വിളിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. 

കേവലം പരിചയം മാത്രമുളള വീട്ടമ്മയെ ഇത്രയധികം പ്രാവശ്യം വിന്‍സെന്റ് ഫോണില്‍ വിളിക്കേണ്ട കാര്യമില്ലെന്നും ഇത് വിന്‍സെന്റിനെതിരായ ശക്തമായ തെളിവാണെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. വിന്‍സെന്റിന്റെ ഫോണിലേക്ക് വീട്ടമ്മ തിരിച്ചുവിളിച്ചിട്ടുള്ളത് വളരെ കുറച്ചു തവണ മാത്രമാണ്. വീട്ടമ്മയുടെ മൊഴി ശരിവയ്ക്കുന്നതാണ് ഇത്. 

വിന്‍സെന്റ് ഉപദ്രവിക്കുന്നതായി സഹോദരനെക്കൂടാതെ ഒരു വൈദികനോടും കന്യാസ്ത്രീയോടും വീ്ട്ടമ്മ പറഞ്ഞിരുന്നു. ഇവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇവരുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കുന്ന കാര്യവും പൊലീസ് ആലോചിക്കുന്നുണ്ട്.

വിന്‍സെന്റ് വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്‌തെന്നും നിരന്തരമായി ഉപദ്രവിച്ചെന്നുമാണ് വീട്ടമ്മ പൊലീസിനു നല്‍കിയ മൊഴി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com