സിബി മാത്യൂസ് തുറന്നെഴുതുന്നു; ചാരക്കേസ് വാര്‍ത്ത ചോര്‍ത്തിയത് കരുണാകര വിരുദ്ധരായ നേതാക്കള്‍; ഒത്താശ ചെയ്തത് ഡി.ജി.പി മധുസൂദനന്‍

സി.ബി.ഐ. ഡയറക്ടര്‍ വിജയരാമറാവു തിരുവനന്തപുരത്തെത്തിയതോടെയാണ് കേസന്വേഷണത്തിന്റെ ദിശ മാറ്റിയത്. പ്രധാനമന്ത്രി നരസിംഹറാവുവിന്റെ കേരളത്തിലേക്കുള്ള രഹസ്യയാത്രയും സി.ബി.ഐ. അന്വേഷണത്തിന്റെ ഗതിമാറ്റിവിട്ടു
സിബി മാത്യൂസ് തുറന്നെഴുതുന്നു; ചാരക്കേസ് വാര്‍ത്ത ചോര്‍ത്തിയത് കരുണാകര വിരുദ്ധരായ നേതാക്കള്‍; ഒത്താശ ചെയ്തത് ഡി.ജി.പി മധുസൂദനന്‍

ഇനിയും ദുരൂഹതയുടെ പുകയടങ്ങാതെ എരിയുകയാണ് ഐ.എസ്.ആര്‍.ഒ ചാരക്കേസ്. കേസിന്റെ തുടക്കകാലം മുതല്‍ എന്നും ഉയര്‍ന്ന പേരാണ് സിബി മാത്യൂസിന്റേത്. ആദ്യം സമര്‍ദ്ധനായ അന്വേഷണ ഉദ്യോഗസ്ഥന്‍ എന്ന നിലയിലും പിന്നെ നമ്പി നാരായണന്‍ കൊടുത്ത കേസിലൂടെ പ്രിതസ്ഥാനത്തും സിബി മാത്യൂസ് എത്തി. സര്‍വീസില്‍ നിന്നു വിരമിച്ച ശേഷം സിബി മാത്യൂസ് എല്ലാം തുറന്നു പറയുകയാണ്. ഉടന്‍ പുറത്തുവരുന്ന ആത്മകഥയിലെ ഐ.എസ്.ആര്‍.ഒ കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകള്‍ സമകാലിക മലയാളം വാരിക രണ്ടു ലക്കങ്ങളിലായി പ്രസിദ്ധീകരിക്കുന്നു. വെള്ളിയാഴ്ച പുറത്തിറങ്ങുന്ന ലക്കത്തിലെ പ്രധാന വെളിപ്പെടുത്തലുകള്‍:

►നവംബര്‍ 25-ന് ഞാന്‍ വലിയമല ഐ.എസ്.ആര്‍.ഒ. കേന്ദ്രത്തില്‍ കേസിലെ ചില സാക്ഷികളെ ചോദ്യം ചെയ്യുവാനായി പോയി. അതില്‍ ഒരാള്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പദവിയിലുള്ളയാളാണ്. കോണ്‍ഫറന്‍സ് ഹാളില്‍ ഇരുന്ന് ഞാന്‍ അദ്ദേഹത്തിന്റെ മൊഴിയെടുത്തുകൊണ്ടിരിക്കെ, പെട്ടെന്ന് വാതില്‍ തുറന്നു മറ്റൊരു മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ കയറിവന്നു. ഞങ്ങളെ രൂക്ഷമായി തുറിച്ചുനോക്കിക്കൊണ്ട് ഏതാനും നിമിഷം നിന്നിട്ട്, ഗൗരവത്തോടെ ഇറങ്ങിപ്പോയി. അതോടെ എന്നോടു സംസാരിച്ചുകൊണ്ടിരുന്ന ഡെപ്യൂട്ടി ഡയറക്ടര്‍ അസ്വസ്ഥനായി. ''എന്റെ പേര് രഹസ്യമായി വയ്ക്കണം. എന്നെ നോട്ടമിട്ടുകഴിഞ്ഞു. അവരൊക്കെ വലിയ ആളുകളാണ്. ശക്തരാണ്' എന്നൊക്കെ അയാള്‍ യാചനയായെന്നപോലെ എന്നോടു പറഞ്ഞു. ഞാന്‍ അദ്ദേഹത്തിനു വാക്കുകൊടുത്തു. ''താങ്കളുടെ പേരും താങ്കള്‍ പറഞ്ഞ കാര്യങ്ങളും രഹസ്യമായി സൂക്ഷിക്കും.'
ഞാനതു രഹസ്യമായിത്തന്നെ സൂക്ഷിച്ചു. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ എവിടെയെത്തിയാലും പത്രക്കാര്‍ അറിയും എന്ന അവസ്ഥയാണ്. അത് അയാള്‍ക്കു ദോഷമായി ബാധിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ഞാന്‍ ഏറെനേരം ആലോചിച്ചു. എന്തുവേണം? വേണ്ട, അത് രഹസ്യമായിത്തന്നെ നില്‍ക്കട്ടെ. ഞാന്‍ കാരണം അയാളുടെ ജീവന് എന്തെങ്കിലും അപകടം സംഭവിക്കേണ്ട.
പക്ഷേ, ആ തീരുമാനവും അതിനു ഞാന്‍ കൊടുക്കേണ്ടിവന്ന വിലയും വലുതായിരുന്നു. അദ്ദേഹം പറഞ്ഞ മൊഴി കേസ് ഡയറിയുടെ ഭാഗമാക്കിയിരുന്നുവെങ്കില്‍ കളവും കൃത്രിമവും കെട്ടിച്ചമച്ചതുമായ കേസ് എന്ന് സി.ബി.ഐയ്ക്കും പത്രക്കാര്‍ക്കും പറയാന്‍ കഴിയുമായിരുന്നില്ല. ഡെപ്യൂട്ടി ഡയറക്ടര്‍ക്കു ബുദ്ധിമുട്ടൊന്നുമുണ്ടായില്ലല്ലോ, അതുമതി. അദ്ദേഹം ഡോ. ഇ.വി.എസ്. നമ്പൂതിരി എന്ന ശാസ്ത്രജ്ഞനായിരുന്നു.
അന്ന് അവിടെ കയറിവന്നു താക്കീതുപോലെ ഡെപ്യൂട്ടി ഡയറക്ടറെ നോക്കിനിന്ന ശാസ്ത്രജ്ഞനെ പിന്നീട് രാഷ്ട്രം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചു. ആറ് കരിമ്പൂച്ചകളുടെ മധ്യേ രാജകീയ ഭാവത്തോടെ നടന്നുവരുന്ന അദ്ദേഹത്തെ ഞാന്‍ കുറേ വര്‍ഷങ്ങള്‍ക്കുശേഷം ഒരു പൊതുവേദിയില്‍ വച്ച് കണ്ടിരുന്നു. പിന്നീടദ്ദേഹം ഐ.എസ്.ആര്‍.ഒയുടെ ചെയര്‍മാന്‍ വരെയായി. സി.ബി.ഐ. പിന്നീട് അദ്ദേഹത്തിനെതിരെ കുറ്റപത്രം കോടതി മുന്‍പാകെ നല്‍കി എന്നതു ശ്രദ്ധേയം.
*****************************************

ദ്യോഗിക രഹസ്യനിയമം അഥവാ ഒഫിഷ്യല്‍ സീക്രട്ട്‌സ് ആക്ട് 1923 പ്രകാരം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യത്തെ കേസായിരുന്നു വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷന്‍ ക്രൈം നമ്പര്‍ 246/94 എന്നത്. ഇത്തരം കേസുകള്‍ അന്വേഷിച്ചുള്ള മുന്‍പരിചയം ആര്‍ക്കുമില്ല. കൂടാതെ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. സത്താര്‍കുഞ്ഞിനോട് ഈ കേസിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യരുതെന്ന് ടി.വി. മധുസൂദനന്‍ ഡി.ജി.പി. എന്നോട് താക്കീത് ചെയ്തിരുന്നു. പാകിസ്താന്‍ ചാരന്മാര്‍ ഉള്‍പ്പെടുന്ന കേസാണിതെന്ന് സംശയിക്കുന്നതിനാലാണ് അങ്ങനെയൊരു നീക്കം എന്നും അദ്ദേഹം എന്നെ ഓര്‍മ്മിപ്പിച്ചു. 

********************

ങ്ങള്‍ മാലിവനിതകളെ ചോദ്യം ചെയ്യുന്നതിനായി അകത്തു കയറിയപ്പോള്‍ അവിടെ ഐ.ബിയുടെ ഉദ്യോഗസ്ഥരുണ്ടായിരുന്നു. അവര്‍ തയ്യാറാക്കുന്ന സ്റ്റേറ്റ്‌മെന്റുകളും റിപ്പോര്‍ട്ടുകളും എന്നെയോ കേരളാ പൊലീസിലെ മറ്റ് ഉദ്യോഗസ്ഥരെയോ കാണിക്കുകയില്ലെന്ന് അവര്‍ ശഠിച്ചു.
പത്രപ്രവര്‍ത്തകര്‍ക്ക് പള്ളിപ്പുറം സി.ആര്‍.പി.എഫ്. വക ഗസ്റ്റ് ഹൗസില്‍ കയറിച്ചെല്ലാന്‍ കഴിയില്ലെങ്കിലും മാലി വനിതകളെ സംബന്ധിച്ചും ഐ.ജി. രമണ്‍ ശ്രീവാസ്തവയെ സംബന്ധിച്ചും ധാരാളം വാര്‍ത്തകള്‍ ആ സമയത്തുതന്നെ പത്രങ്ങളില്‍ വന്നു. കേസില്‍ സംശയിക്കപ്പെട്ടവര്‍, സാക്ഷികള്‍ തുടങ്ങിയവരെ ചോദ്യം ചെയ്ത മൊഴികള്‍ പത്രക്കാര്‍ക്ക് അതേപടി കിട്ടി. ആരാണ് പത്രക്കാര്‍ക്ക് ഈ വിവരങ്ങള്‍ നല്‍കിയതെന്ന് അറിയില്ല. എന്തായാലും ഞങ്ങള്‍ അതു ചെയ്തിട്ടില്ല. ഒരുപക്ഷേ ഐ.ബി. ഉദ്യോഗസ്ഥരില്‍ ആരോ ആയിരിക്കാം; വലിയൊരു ചാരശൃംഖലയാണ് തങ്ങള്‍ അനാവരണം ചെയ്തിട്ടുള്ളതെന്ന് മേലധികാരികളേയും സര്‍ക്കാരിനേയും ബോധ്യെപ്പടുത്താന്‍ ചെയ്തതാകാം.
പൊലീസ് ആസ്ഥാനത്തുനിന്നുതന്നെയാകാനും വഴിയുണ്ട്. ഡി.ജി.പി. മധുസൂദനന് അതിനു പറ്റിയ വിശ്വസ്തര്‍ ഉണ്ടായിരുന്നു. കരുണാകരവിരുദ്ധരായ ചില നേതാക്കള്‍ മധുസൂദനന്‍ വഴി ഇതു ചെയ്തതുമാകാം.
***********************

റിയം റഷീദയുടെയും ഫൗസിയ ഹസന്റെയും ചോദ്യം ചെയ്യലില്‍നിന്നും ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലും ഹോട്ടലില്‍നിന്നും ഫോണ്‍കോള്‍ പോയിരുന്നുവെന്ന് തെളിഞ്ഞതിനെത്തുടര്‍ന്നും ശശികുമാരനെ അറസ്റ്റ് ചെയ്യുന്നതു സംബന്ധിച്ച് ഇതിനിടെ ഡി.ജി.പി. മധുസൂദനന്റെ ഓഫീസില്‍ കോണ്‍ഫറന്‍സ് ചേര്‍ന്നു. പേരൂര്‍ക്കട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.കെ. വേണുഗോപാലിനെ ശാസ്ത്രജ്ഞനായ ശശികുമാരനെ അറസ്റ്റ് ചെയ്യുന്നതിനായി അഹമ്മദാബാദിലേക്ക് അയയ്ക്കാം' എന്ന് ഡി.ജി.പി. പറഞ്ഞു. എ.കെ. വേണുഗോപാല്‍ ഈ അന്വേഷണ ടീമിലുള്ളയാളല്ലല്ലോ എന്ന ചോദ്യം ആരെങ്കിലും ചോദിക്കുന്നതിനു മുന്‍പുതന്നെ മധുസൂദനന്‍ ഡി.ജി.പി. പറഞ്ഞു: ''വേണുഗോപാലിനെ സ്‌പെഷല്‍ ടീമില്‍ ഉള്‍പ്പെടുത്തിയതായി പ്രൊസീഡിംഗ്‌സ് എഴുതിക്കോളൂ.' ആരും എതിര്‍ത്തില്ല. വേണുഗോപാല്‍ ഡി.ജി.പിയുടെ വിശ്വസ്തനായിരുന്നു.
**********************
ന്ദ്രശേഖരന്റെ വീട്ടിലേക്കു ഞങ്ങള്‍ കയറി. ഞങ്ങളെ കണ്ടതോടെ അടുത്തെത്തി ചന്ദ്രശേഖരന്‍ ആദ്യം ചോദിച്ച കാര്യം എന്തിനാണ് നിങ്ങള്‍ എന്നെ അറസ്റ്റ് ചെയ്യുന്നത്? കോടതിയുടെ അറസ്റ്റ് വാറണ്ടുമായി എന്തിനാണ് നിങ്ങള്‍ വന്നത്? എന്നൊക്കെയായിരിക്കും എന്നാണ് കരുതിയതെങ്കില്‍ തെറ്റി. എന്തുവേണമെങ്കിലും ചെയ്തുതരാം. എന്നെ ഈ കേസില്‍നിന്നും ഒന്ന് ഒഴിവാക്കണം' എന്നായിരുന്നു ചന്ദ്രശേഖരന്റെ ആദ്യത്തെ പ്രതികരണം.
ഞങ്ങള്‍ ചന്ദ്രശേഖരന്റെ വാഗ്ദാനങ്ങളെ അപ്പാടെ തള്ളി. ചന്ദ്രശേഖരന്റെ അറസ്റ്റ് രേഖെപ്പടുത്തി. കേരളാ പൊലീസിലെ എസ്.ഐ. വിമല്‍ എന്ന ഉദ്യോഗസ്ഥനോടൊപ്പം വിമാനമാര്‍ഗ്ഗം തിരുവനന്തപുരത്തേക്കയച്ചു.
പിറ്റേന്നു രാവിലെ എസ്.കെ. ശര്‍മ്മയുടെ വീട്ടിലും ഓഫീസിലും പരിശോധന നടത്തി. പക്ഷേ, യാതൊരു തെളിവും കിട്ടിയില്ല. അയാളെ അറസ്റ്റ് ചെയ്യാതെ ഞങ്ങള്‍ മടങ്ങി.
ചന്ദ്രശേഖരനെ ചോദ്യം ചെയ്തതില്‍നിന്നും ഒരു നിര്‍ണ്ണായകമായ സൂചന ഞങ്ങള്‍ക്കു ലഭിച്ചിരുന്നു. റഷ്യന്‍ സംഘം ഇവിടെ കേരളത്തില്‍ വന്ന ഘട്ടത്തില്‍ പഴവങ്ങാടിയിലെ ഒരു ഹോട്ടലിന്റെ ഇടനാഴിയിലൂടെ നടക്കുമ്പോള്‍ ഒരു മുറിയില്‍ ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞനായ നമ്പി നാരായണനെയും ഫൗസിയ ഹസനെയും കണ്ടിരുന്നതായി ചന്ദ്രശേഖരന്‍ പറഞ്ഞു. ബിസിനസ് സംബന്ധമായ കാര്യങ്ങളാണ് സംസാരിക്കുന്നതെന്ന് ഫൗസിയ ഹസന്‍ പറഞ്ഞപ്പോള്‍, ആ ബിസിനസ് ചെയ്യാന്‍ തനിക്കും ആഗ്രഹമുണ്ടെന്ന് ചന്ദ്രശേഖരന്‍ പറഞ്ഞു.
മറുപടിയായി ''മാസ്റ്റര്‍ മദ്രാസില്‍ വരുന്നുണ്ട്. അങ്ങോട്ടു വന്ന് മാസ്റ്ററുമായി നേരിട്ട് ബിസിനസിനെക്കുറിച്ച് സംസാരിക്കാം.'
ഇക്കാര്യം ചന്ദ്രശേഖരന്റെ മൊഴിയിലുണ്ടായിരുന്നു.
മദ്രാസിലെ ഹോട്ടലില്‍വച്ച് കൂടെയുണ്ടായിരുന്നവരുടെ കൂട്ടത്തില്‍ ബ്രിഗേഡിയര്‍ ശ്രീവാസ്തവ എന്നൊരു പേര് ഫൗസിയ ഹസന്‍ പറഞ്ഞിരുന്നു. അതാരാണെന്നു കെണ്ടത്തുന്നതിലായിരുന്നു ഐ.ബി.ക്കു തിടുക്കം. കേരളത്തിലെ ഐ.ജി. രമണ്‍ ശ്രീവാസ്തവയെയാണ് അവര്‍ ഉദ്ദേശിക്കുന്നതെന്ന് ഐ.ബി. ഉറപ്പിച്ചു പറഞ്ഞു.
****************************

ദിവസേനയുള്ള കോണ്‍ഫറന്‍സില്‍ രമണ്‍ ശ്രീവാസ്തവയുടെ വീടും ഓഫീസും പരിശോധിക്കണമെന്നും അദ്ദേഹത്തെ ചോദ്യം ചെയ്യണമെന്നും നിരന്തരമായി ഐ.ബി. ആവശ്യെപ്പട്ടുകൊണ്ടിരുന്നു. ശ്രീവാസ്തവയുടെ കാര്യം വരുമ്പോള്‍ ഡി.ജി.പി. മധുസൂദനനും രാജഗോപാലന്‍ നായരും മൗനം പാലിച്ചു. 'വിശ്വസ്തനല്ല' എന്ന് ഐ.ബി. റിമാര്‍ക്ക് ചെയ്ത എസ്.പി. ബാബുരാജിനെ കോണ്‍ഫറന്‍സില്‍ പങ്കെടുപ്പിക്കരുത് എന്നുമാത്രമായിരുന്നു ഇരുവര്‍ക്കും പറയാനുണ്ടായിരുന്നത്.
രമണ്‍ ശ്രീവാസ്തവയുടെ കാര്യം വന്നപ്പോള്‍ ഞാന്‍ എതിര്‍ത്തുകൊണ്ടിരുന്നു. ''വ്യക്തമായ തെളിവില്ലാതെ അദ്ദേഹത്തെ ചോദ്യം ചെയ്യാനാവില്ല. അദ്ദേഹത്തിന്റെ വീടും ഓഫീസും പരിശോധിക്കാനും പറ്റില്ല.' ഇതില്‍ ഞാനുറച്ചുനിന്നു.
''രാജ്യസുരക്ഷയാണ് മുഖ്യം. വ്യക്തിപരമായ കാര്യങ്ങള്‍ അതിനൊന്നും വിലങ്ങുതടിയാവാന്‍ പാടില്ല,' ഐ.ബി. ഉദ്യോഗസ്ഥനായ ദിലീപ് ത്രിപാഠി ശബ്ദമുയര്‍ത്തിക്കൊണ്ടു പറഞ്ഞു. അപ്പോഴും ഞാന്‍ എന്റെ നിലപാടില്‍ ഉറച്ചുനിന്നു. ഒരു ഘട്ടത്തില്‍ മാത്യു ജോണ്‍ ദേഷ്യപ്പെട്ട് എഴുന്നേറ്റ് കസേര തള്ളിമാറ്റി അയാളുടെ ശൗര്യം മുഴുവന്‍ പുറത്തെടുത്തു പറഞ്ഞു: ''തെളിവ്.... തെളിവ്... തെളിവെന്നും പറഞ്ഞു കാര്യങ്ങള്‍ നീട്ടിക്കൊണ്ടുപോവുകയല്ല വേണ്ടത്.' എന്റെ നേരെ തിരിഞ്ഞ്: ''നിങ്ങള്‍ ഇത്തരത്തില്‍ തടസ്സം നില്‍ക്കുന്നയാളാണെന്നു ഞാന്‍ കരുതിയില്ല. കൊലക്കേസുപോലെ ചാരവൃത്തിക്കേസില്‍ ദൃക്‌സാക്ഷിയൊന്നുമുണ്ടാവില്ല. ഒടുവില്‍, തെളിവില്ല എന്നു കണ്ടാല്‍ 24 മണിക്കൂറിനുള്ളില്‍ ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റ്‌വാറണ്ടു വാങ്ങി ജയിലില്‍ അടയ്ക്കും ഞങ്ങള്‍, മനസ്സിലായോ?'
ഐ.ബിയുടെ ഭാഗത്തുനിന്നും ഇത്രയും സമ്മര്‍ദ്ദതന്ത്രം ഞാന്‍ പ്രതീക്ഷിച്ചില്ല. രമണ്‍ ശ്രീവാസ്തവയെ അറസ്റ്റ് ചെയ്യുന്നതിന് എന്തു കാരണമാണുള്ളത് എന്ന എന്റെ ചോദ്യത്തിന്, അതിന്റെ ചര്‍ച്ചയൊന്നും ആവശ്യമില്ലെന്നായിരുന്നു മറുപടി. ഐ.ബി. പറയുന്നതുമാത്രം വിശ്വസിച്ചു മേല്‍നടപടിയെടുക്കുക ഞങ്ങള്‍ക്കു സാധ്യമല്ല. ഡി.ജി.പി.യുടെ മൗനം ഞങ്ങളെയാണ് പിടിച്ചുലച്ചത്.
ഫൗസിയ ഹസന്‍ മദ്രാസിലെ ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ ബ്രിഗേഡിയര്‍ ശ്രീവാസ്തവയടക്കമുള്ളവരുമായി ചര്‍ച്ച ചെയ്തു എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണല്ലോ അത് രമണ്‍ ശ്രീവാസ്തവയാണെന്ന് ഉറപ്പിച്ച് അറസ്റ്റു ചെയ്യാന്‍ ഐ.ബി. പറയുന്നത്. ഹോട്ടലില്‍ ഇങ്ങനെയൊരു കൂടിക്കാഴ്ച നടന്നു എന്നതിന്, പ്രതികള്‍ ഹോട്ടലില്‍ മുറിയെടുത്തിരുന്നു എന്നുള്ളതിന് രേഖയുണ്ടോ എന്നു ഞാന്‍ മാത്യു ജോണിനോടു പലതവണ ചോദിച്ചിരുന്നു.
***************************************

വംബര്‍ അവസാനം 'ഇന്ത്യന്‍ എക്‌സ്പ്രസ്' പത്രത്തിന്റെ ഒന്നാംപേജില്‍ രമണ്‍ ശ്രീവാസ്തവയടക്കം നാലുപേരുടെ ഫോട്ടോ കൊടുത്ത് മുഖ്യസൂത്രധാരന്‍ എന്ന് അടിക്കുറിപ്പോടെ വാര്‍ത്ത വന്നു. ഞാന്‍ വലിയ ചിന്താക്കുഴപ്പത്തിലായി. കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പില്‍ പൊലീസ് വെടിവയ്പില്‍ അഞ്ച് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട ദിവസമായിരുന്നു അത്. പിന്നീട് രണ്ടുദിവസത്തേക്ക് ഹര്‍ത്താലും അക്രമവുംമൂലം കേസിന്റെ അന്വേഷണം സ്തംഭനാവസ്ഥയിലായിരുന്നു.
'ഇന്ത്യന്‍ എക്‌സ്പ്രസ്' പത്രത്തിലെ ഈ വാര്‍ത്തയെത്തുടര്‍ന്ന് ഞാന്‍ അന്വേഷണസംഘത്തിലെ പ്രധാനികളെ വിളിച്ചുവരുത്തി ഓഫീസില്‍ വച്ച് ചര്‍ച്ച ചെയ്തു. ഐ.ബി. എന്തുതന്നെയായാലും രമണ്‍ ശ്രീവാസ്തവയെ അറസ്റ്റ്‌ചെയ്യണമെന്ന് ആവശ്യപ്പെടും. എന്താ ഇനി ചെയ്യേണ്ടത്? ഇതായിരുന്നു എന്റെ മനസ്സില്‍ നീറ്റലായി നിന്നത്.
''സര്‍, ഐ.ബി.ക്കാരോട് തര്‍ക്കത്തിനും വഴക്കിനും പോകണ്ട. വല്ല റിപ്പോര്‍ട്ടും സാറിനെതിരെ എഴുതി കേന്ദ്രഗവണ്‍മെന്റിനയച്ചാല്‍ ബുദ്ധിമുട്ടാവും' എസ്.പി. ബാബുരാജ് സ്‌നേഹത്തോടെ എന്നോടു പറഞ്ഞു.
ഐ.ബിക്കാര്‍ പറയുന്നതുപോലെ ചെയ്യാം എന്ന് കെ.കെ. ജോഷ്വായും പറഞ്ഞു. ജോഗേഷ് മൗനം പാലിച്ചിരുന്നു. കേസ് സി.ബി.ഐ. അന്വേഷിക്കണം എന്നെഴുതിക്കൊടുത്താലോ? എന്നതായിരുന്നു എന്റെ ആലോചന. അത് നല്ലൊരു തീരുമാനമായി എല്ലാവരും അംഗീകരിച്ചു.
പിറ്റേന്ന് വൈകുന്നേരം ഇന്റലിജന്‍സ് ഡി.ജി.പി. രാജഗോപാല്‍ നായരുടെ ഓഫീസില്‍വച്ചു നടന്ന കോണ്‍ഫറന്‍സില്‍ രമണ്‍ ശ്രീവാസ്തവയെ ഉടന്‍ അറസ്റ്റ്‌ചെയ്യണമെന്ന് ഐ.ബി. ഉദ്യോഗസ്ഥര്‍ വാശിപിടിച്ചു. നമ്പി നാരായണനെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്നും അവര്‍ എന്നോടു ചോദിച്ചു.
ഐ.ബി. എന്നോട് ഒരു പ്രതിയോടെന്നപോലെയാണ് ചോദ്യം ചെയ്തുകൊണ്ടിരുന്നത്. അതെനിക്ക് ഇഷ്ടപ്പെട്ടില്ല.
ഇതൊക്കെ വീക്ഷിച്ചുകൊണ്ടിരിക്കുന്ന രാജഗോപാലന്‍ നായര്‍ അനുനയത്തിലെന്നപോലെ പറഞ്ഞു: ''എന്നാപ്പിന്നെ നമ്പി നാരായണന്റെ അറസ്റ്റ് ഇനി വൈകിക്കേണ്ട. ശ്രീവാസ്തവയുടെ കാര്യം പിന്നീട് തീരുമാനിക്കാം, എന്താ?'
ഞാനതു സമ്മതിച്ചു. നമ്പി നാരായണനെതിരെ അറസ്റ്റ് ചെയ്യാനുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ബാംഗ്‌ളൂരില്‍നിന്നും അറസ്റ്റ് ചെയ്ത ചന്ദ്രശേഖരന്റെ മൊഴി, നമ്പി നാരായണനെയും ഫൗസിയ ഹസനെയും ഹോട്ടല്‍മുറിയില്‍വച്ചു കണ്ടുവെന്നും അവര്‍ ഒരു ബിസിനസ് ഡീലാണ് സംസാരിക്കുന്നതെന്ന് ഫൗസിയ പറഞ്ഞതുമാണ്. ഇതിനു പുറമെ, നമ്പി നാരായണന്റെ വീട്ടില്‍ ഉപയോഗിച്ചിരുന്ന ഫോണില്‍നിന്നും അനേകം കോളുകള്‍ അമേരിക്ക, റഷ്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്കാണ് വിളിച്ചിരിക്കുന്നത്. ഈ ടെലഫോണാകട്ടെ, കുര്യന്‍ കളത്തില്‍ എന്ന വന്‍കിട കോണ്‍ട്രാക്ടറുടെ പേരില്‍ എടുത്തിരിക്കുന്നതാണ്.
********************
കോണ്‍ഗ്രസ്സിലെ ആന്റണി ഗ്രൂപ്പുനേതാക്കളായ സുധീരന്‍, ഉമ്മന്‍ചാണ്ടി, ചെറിയാന്‍ ഫിലിപ്പ്, എം.ഐ. ഷാനവാസ് മുതലായവരും കെ.എം. മാണി, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരും മറ്റും ഡല്‍ഹിയിലെത്തി ഹൈക്കമാന്റിനുമേല്‍ നേതൃമാറ്റം എന്ന ആശയം ശക്തിയായി ആവശ്യെപ്പട്ടുകൊണ്ടിരുന്നു. ഒടുവില്‍ 1995 മാര്‍ച്ചില്‍ കെ. കരുണാകരന്‍ രാജിവച്ചു. ഏപ്രില്‍മാസം എ.കെ. ആന്റണി ഡല്‍ഹിയില്‍നിന്നും കേരളത്തിലെത്തി മുഖ്യമന്ത്രിയായി അധികാരമേറ്റു. അന്നുമുതല്‍ ഇന്നുവരെ അധികാരം ആന്റണി ഗ്രൂപ്പിനു സ്വന്തമായി. കരുണാകരന്റെ മക്കളും അടുത്ത അനുയായികളും അധികാരത്തിന്റെ അകത്തളങ്ങളില്‍നിന്നു നിഷ്‌കാസിതരായി. 'എ' ഗ്രൂപ്പിന് അതിന്റെ രാഷ്ട്രീയ അധികാരം നേടാന്‍ ബിഷപ്പുമാരുടെ ഗൂഢാലോചനയില്‍ ആവിര്‍ഭവിച്ചതാണ് ഐ.എസ്.ആര്‍.ഒ. ചാരക്കേസ് എന്നു സമൂഹത്തില്‍ കുറേേപ്പരെങ്കിലും ഇന്നും വിശ്വസിക്കുന്നുണ്ടാവും. ആരോപണങ്ങള്‍ ഉയര്‍ത്തുന്നവര്‍ക്കു തെളിയിക്കേണ്ട ബാധ്യതയില്ലാത്ത രാജ്യമാണല്ലോ ഇന്ത്യ.
രമണ്‍ ശ്രീവാസ്തവ ഉന്നതമായ ഔദ്യോഗിക രാഷ്ട്രീയ മേഖലകളില്‍ അതിശക്തമായ സ്വാധീനമുള്ളയാളാണ്. അദ്ദേഹത്തിന്റെ സഹോദരന്‍ വിക്രം ശ്രീവാസ്തവ ഐ.ജിയാണ്, പ്രധാനമന്ത്രിയുടെ ഓഫീസില്‍ സുരക്ഷാവിഭാഗം മേധാവിയായിരുന്നു. അവരുടെ പിതാവായ കെ.കെ. ശ്രീവാസ്തവയും ഉത്തര്‍പ്രദേശില്‍ ഐ.ജി.യായിരുന്നു. ശ്രീവാസ്തവമാരും സിന്‍ഹമാരുമൊക്കെ ഉള്‍പ്പെടുന്ന കയസ്ഥ സമുദായത്തിന് അതിശക്തമായ സ്വാധീനം എല്ലാ കാലത്തും രാഷ്ട്രീയമണ്ഡലങ്ങളിലുണ്ട്.
ഇതിനെല്ലാം പുറമെ, പ്രധാനമന്ത്രി നരസിംഹറാവുവിന്റെ മകന്‍ പ്രഭാകര റാവു, ഹൈദരാബാദിലെ വന്‍ വ്യവസായിയായ രവീന്ദ്ര റെഡ്ഡി എന്നിവരെപ്പറ്റി ഐ.ബി. എഴുതി അയച്ച റിപ്പോര്‍ട്ടുകള്‍ നരസിംഹറാവുവിനെ രോഷാകുലനാക്കിയിരുന്നു. ഇതെല്ലാം ഉന്നത ഉദ്യോഗസ്ഥ രാഷ്ട്രീയ ബിസിനസ് മേഖലകളില്‍ കടുത്ത ചലനമുണ്ടാക്കിയിരുന്നു. ഐ.എസ്.ആര്‍.ഒ. ചാരക്കേസ് വെറും കളവും കൃത്രിമവും കെട്ടിച്ചമച്ചതുമാണെന്നു തെളിയിക്കേണ്ടത് അവരുടെയൊക്കെ ആവശ്യമായിരുന്നു. 
സി.ബി.ഐ. ഡയറക്ടര്‍ വിജയരാമറാവു തിരുവനന്തപുരത്തെത്തിയതോടെയാണ് കേസന്വേഷണത്തിന്റെ ദിശ മാറ്റിയത്. പ്രധാനമന്ത്രി നരസിംഹറാവുവിന്റെ കേരളത്തിലേക്കുള്ള രഹസ്യയാത്രയും സി.ബി.ഐ. അന്വേഷണത്തിന്റെ ഗതിമാറ്റിവിട്ടു. 
********************
(സിബി മാത്യൂസിന്റെ വെളിപ്പെടുത്തലിന്റെ പൂര്‍ണരൂപം സമകാലിക മലയാളം വാരികയില്‍​)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com