കന്നുകാലി വിഷയം: ബിജെപിയില്‍നിന്നും ഒരു നേതാവ് സിപിഎമ്മിലേക്ക് വേലിചാടി; അമിത് ഷായുടെ കേരളാസന്ദര്‍ശനത്തിന് കിട്ടിയ സമ്മാനം

ഇനിയും ആളുകള്‍ സിപിഎമ്മിലേക്കു വരുമെന്ന സൂചനയോടെയായിരുന്നു ദേവകുമാറിന്റെ സിപിഎം പ്രവേശനം
പിഎം. ദേവകുമാര്‍ സിപിഎം വേദിയില്‍
പിഎം. ദേവകുമാര്‍ സിപിഎം വേദിയില്‍

കോഴിക്കോട്: കേരളത്തില്‍ ഭരണം പിടിച്ചെടുക്കാനുള്ള ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായുടെ ആഹ്വാനത്തിനു പിന്നാലെ ബിജെപി ഉണര്‍ന്നു! കോഴിക്കോട് നിയോജകമണ്ഡലം സെക്രട്ടറി പി.എം. ദേവകുമാര്‍ പാര്‍ട്ടി വിട്ട് സിപിഎം ചേരിയിലേക്കെത്തിയാണ് നേതാവിന്റെ ആഹ്വാനം സ്വീകരിച്ചത്.
ഭരണം പിടിച്ചെടുക്കേണ്ട കാര്യമില്ല, ഭരണത്തിനൊപ്പംതന്നെ വന്ന് പി.എം. ദേവകുമാര്‍ മാതൃകയായതിനു കാരണം ബിജെപിയുടെ സമകാലീന രാഷ്ട്രീയ നിലപാടുകളിലുള്ള വിയോജിപ്പാണ് എന്ന് അദ്ദേഹം പറഞ്ഞു.

പി.എം. ദേവകുമാറിനെ സിപിഎം ഏരിയാ സെക്രട്ടറി മുസാഫര്‍ അഹമ്മദ് സ്വീകരിക്കുന്നു

ഇന്നലെ കന്നുകാലി കൈമാറ്റനിരോധനത്തിനെതിരായി സിപിഎം സംഘടിപ്പിച്ച പൊതുയോഗത്തിനിടെയായിരുന്നു സിപിഎമ്മിനൊപ്പം ചേരാനുള്ള തീരുമാനം പി.എം. ദേവകുമാര്‍ അറിയിച്ചത്. കോഴിക്കോട് ഏരിയാകമ്മറ്റി സെക്രട്ടറി മുസാഫര്‍ അഹമ്മദ് ദേവകുമാറിനെ ചുവന്ന മാലയണിയിച്ച് സ്വീകരിക്കുകയും ചെയ്തു.
കന്നുകാലികളെ കൈമാറ്റം ചെയ്യുന്നതില്‍ കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഏറ്റവും ശക്തമായ പ്രക്ഷോഭങ്ങള്‍ നടത്തിയതും നിലപാടെടുത്തതും സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനുമായിരുന്നു. ഇത് ഇന്ത്യയില്‍ ദേശീയമാധ്യമങ്ങളടക്കം വളരെ വിപുലമായ രീതിയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് ബിജെപിയെ ചെറുതായിട്ടൊന്നുമല്ല നോവിച്ചത്.


ബിജെപി ദേശീയ പ്രസിഡന്റ് കേരളത്തിലേക്കെത്തി കേരളത്തിന്റെ ഭരണം പിടിച്ചെടുക്കാനുള്ള തന്ത്രങ്ങള്‍ അണികള്‍ക്ക് പഠിപ്പിക്കാനുള്ള ശ്രമം നടത്തുന്നതിനിടെയായിരുന്നു കോഴിക്കോട്ടുനിന്നും നേതാവിന് ഉഗ്രന്‍ സ്വീകരണമൊരുക്കിക്കൊണ്ട് ദേവകുമാറിന്റെ സിപിഎം പ്രവേശനം. ബിജെപിയില്‍നിന്നും ഇനിയും ആളുകള്‍ സിപിഎമ്മിലേക്കു വരുമെന്ന സൂചനയോടെയായിരുന്നു ദേവകുമാറിന്റെ സിപിഎം പ്രവേശനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com