നയരൂപീകരണത്തില്‍ എവിടെയുണ്ട് സ്ത്രീകള്‍?

തോക്കെടുത്താല്‍ തീരുന്നതല്ല ആ പ്രശ്‌നങ്ങളെന്നാണ് ഇപ്പോള്‍ ഞാന്‍ കരുതുന്നത്. ഞാന്‍ ഇന്ന് തികച്ചും ഒരു ജനാധിപത്യവാദിയാണ്.
നയരൂപീകരണത്തില്‍ എവിടെയുണ്ട് സ്ത്രീകള്‍?

ഓര്‍മക്കുറിപ്പുകള്‍ക്കു രണ്ടാം ഭാഗം എഴുതുകയാണ് അജിത. കേരളം ഏറെ വായിക്കുകയും ചര്‍ച്ചചെയ്യുകയും ചെയ്ത ഓര്‍മക്കുറിപ്പുകളുടെ തുടര്‍ച്ച സമകാലിക മലയാളം വാരികയില്‍ പ്രസിദ്ധീകരിക്കുകയാണ്. അതിനായി ഓര്‍മകള്‍ ചിട്ടയോടെ അടുക്കിവയ്ക്കുന്നതിനിടയില്‍ പുതിയ കാലത്തെയും പുതിയ കേരളത്തെയും കുറിച്ചു സംസാരിക്കുകയാണ്, അജിത. ഓര്‍മക്കുറിപ്പുകളുടെ രണ്ടാം ഭാഗം കേരളീയ സ്ത്രീമുന്നേറ്റ പ്രവര്‍ത്തനങ്ങളുടെ തന്റെ കാഴ്ചപ്പാടിലുള്ള ചരിത്രമാവുമെന്നു വിശ്വസിക്കുന്ന അജിത പറയുന്നതേറെയും സ്ത്രീകളോടും പാര്‍ശ്വവത്കരിക്കപ്പെട്ട ജനങ്ങളോടും ഇന്നും തുടരുന്ന വിവേചനത്തെക്കുറിച്ചുതന്നെ.


മൂന്നര പതിറ്റാണ്ട് മുമ്പാണ് ഓര്‍മക്കുറിപ്പുകള്‍ പ്രസിദ്ധീകരിക്കുന്നത്. ഇത്രയും നീണ്ട ഇടവേളയ്ക്കു ശേഷം അതിന്റെ തുടര്‍ച്ച എഴുതുമ്പോള്‍ കേരളം മാറിപ്പോയി എന്നു പറയാനാവുമോ? ഉണ്ടെങ്കില്‍ എത്രത്തോളം? 

കേരളം മാറിയിട്ടുണ്ട് എന്നത് വസ്തുത തന്നെയാണ്. അതു കാണാതിരുന്നിട്ടു കാര്യമില്ല. എന്നാല്‍ മാറേണ്ട രീതിയില്‍ മാറിയിട്ടുണ്ടോ എന്നതാണ് ചോദ്യം. ഭൂപരിഷ്‌കരണം കേരളീയ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതിനു പിന്നാലെ ആഗോളവത്കരണം വന്നു. ഇതെല്ലാം ജീവിതത്തെ മാറ്റിമറിച്ചു. എന്നാല്‍ അടിസ്ഥാനപ്രശ്‌നങ്ങള്‍ അങ്ങനെ തന്നെ നില്‍ക്കുകയാണ്. തൊഴിലിടങ്ങളിലെ ലിംഗ വിവേചനവും ന്യൂനപക്ഷ അവകാശങ്ങളുടെ ലംഘനവും പരിസ്ഥിതി വിരുദ്ധമായ വികസന നയങ്ങളുമെല്ലാം ഒരു മാറ്റവുമില്ലാതെ തുടരുന്നു. ഞങ്ങളെല്ലാം രാഷ്ട്രീയത്തിലേക്കു വരുന്ന സമയത്ത് ഫ്യൂഡലിസമായിരുന്നു. ഇന്ന് അതിന്റെ സ്ഥാനത്ത് കോര്‍പ്പറേറ്റുകള്‍ വന്നു. അവരുടെ താത്പര്യങ്ങളാണ് ഏതാണ്ട് എല്ലാ രംഗത്തെയും നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്. മാറ്റങ്ങളുണ്ടായി, മാറ്റങ്ങള്‍ക്കനുസരിച്ച് പുതിയ പ്രശ്‌നങ്ങളുമുണ്ടായി എന്നതാണ് വസ്തുത.

പ്രത്യക്ഷമായ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍നിന്ന് സാമൂഹ്യപ്രവര്‍ത്തനത്തിലേക്ക്, പ്രത്യേകിച്ച് സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളിലേക്കു ചുവടു മാറിയ ആളാണ് കെ അജിത. ഈ കാലയളവില്‍ സ്ത്രീകളോടുള്ള സമീപനത്തില്‍ കേരളീയ സമൂഹത്തിന് വലിയ മാറ്റമുണ്ടായെന്നു പറയാനാവുമോ?

പുരുഷാധിപത്യപരമായ ഒരു സമൂഹത്തിന്റെ പുരുഷാധിപത്യപരമായ മനോഭാവം അങ്ങനെ തന്നെ തുടരുകയാണ്. മാറ്റമുണ്ടായത് സ്ത്രീകള്‍ അതിനോടു പ്രതികരിക്കുന്ന വിധത്തിലാണ്. പോരാടാനുള്ള ഒരു മനസ് പുതിയ പെണ്‍കുട്ടികളെങ്കിലും ഏറെക്കുറെ ആര്‍ജിച്ചെടുത്തെന്നു പറയാം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അതിക്രമങ്ങള്‍ കൂടിയെന്നും അതു റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന വിധത്തില്‍ സ്ത്രീകളുടെ പ്രതികരണ ശേഷി കൂടിയെന്നും അതിന് അര്‍ഥമുണ്ട്. ശക്തമായ നിയമമുണ്ടായിട്ടും സ്ത്രീധന സമ്പ്രദായം പിഴുതെറിയാനാവാത്ത സമൂഹമാണ് നമ്മുടേത്. നിയമങ്ങള്‍ കുറെയുണ്ടാവുന്നുണ്ട്. എന്നാല്‍ അതൊന്നും പാലിക്കപ്പെടുന്നില്ല. 

രാഷ്ട്രീയ പാര്‍ട്ടികളുടെ സമീപനത്തിലെങ്കിലും മാറ്റമുണ്ടായിട്ടില്ലേ?

മനസില്ലാ മനസോടെയുള്ളതാണ് ആ മാറ്റം. രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടായിരുന്നെങ്കില്‍ സ്ത്രീയെ സംരക്ഷിക്കുന്നതിനുള്ള നിയമങ്ങള്‍ക്ക് ഇപ്പോഴുള്ള ഗതി വരില്ലായിരുന്നു. രാഷ്ട്രീയ രംഗത്തെ സ്ത്രീപങ്കാളിത്തം ഇപ്പോഴും തീരെ ചെറുതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് അന്‍പതു ശതമാനം സംവരണം നടപ്പാക്കിയിരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ പണിയെന്താണ്? സര്‍ക്കാര്‍ രൂപീകരിക്കുന്ന നയം നടപ്പാക്കുക എന്നതു മാത്രം. നയരൂപീകരണ രംഗത്ത് സ്ത്രീകള്‍ക്ക് എന്തു പങ്കാളിത്തമാണുള്ളത്?

കെ അജിത എന്തുകൊണ്ട് രാഷ്ട്രീയം തുടര്‍ന്നില്ല എന്നതിന് ഓര്‍മക്കുറിപ്പുകള്‍ വായിച്ചാല്‍ ഉത്തരം കിട്ടില്ല. രണ്ടാം ഭാഗത്തില്‍ അതുണ്ടാവുമോ? അന്നത്തെ രാഷ്്ട്രീയത്തിന്റെ പ്രസക്തി നഷ്ടമായി എന്നു കരുതിയതു കൊണ്ടാണോ അതു തുടരാതിരുന്നത്?

ഒന്നാമതായി ഞാന്‍ ഇപ്പോള്‍ ചെയ്യുന്നതും രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയാണ്. പിന്നെ പ്രശ്‌നങ്ങള്‍ ഉള്ളിടത്തോളം അതിന്റെ പ്രസക്തി നഷ്ടമാവുന്നില്ല.എന്നാല്‍ തോക്കെടുത്താല്‍ തീരുന്നതല്ല ആ പ്രശ്‌നങ്ങളെന്നാണ് ഇപ്പോള്‍ ഞാന്‍ കരുതുന്നത്. ഞാന്‍ ഇന്ന് തികച്ചും ഒരു ജനാധിപത്യവാദിയാണ്. പ്രശ്‌നങ്ങള്‍ക്കു പരിഹാരം തേടാന്‍ ജനാധിപത്യത്തില്‍ മാര്‍ഗങ്ങളുണ്ട് എന്നു തന്നെയാണ് കരുതുന്നത്. 

ഓര്‍മക്കുറിപ്പുകളുടെ തുടര്‍ച്ച ഓര്‍മക്കുറിപ്പുകളുടെ പുനര്‍വായന കൂടിയാവുമോ? അന്നത്തെ സംഭവങ്ങളെ ഒന്നുകൂടി വിലയിരുത്താനുള്ള ശ്രമങ്ങള്‍?

അങ്ങനെയൊരു പുനര്‍വായനക്കൊന്നും സാധ്യതയില്ല. ഇത് തുടര്‍ച്ച മാത്രമാണ്. കുറെക്കൂടി പുതിയ കാര്യങ്ങള്‍ എന്നു പറയാമെങ്കിലും പക്വമായ പ്രായത്തില്‍ ഞാന്‍ തുടക്കമിട്ട പ്രവര്‍ത്തനങ്ങളുടെ ചരിത്രമായിരിക്കും ഇത്.

ബോധനയുടെയും അന്വേഷിയുടെയും ചരിത്രം ഐസ്‌ക്രീം കേസ്, സൂര്യനെല്ലി കേസ് തുടങ്ങിയ രാഷ്ട്രീയ വിവാദങ്ങളുടെ കൂടി ചരിത്രമാണ്. ഇവയുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകള്‍ പ്രതീക്ഷിക്കാമോ?

ഈ കേസുകളുമായെല്ലാം ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചപ്പോഴുണ്ടായ അനുഭവങ്ങളും നേരിട്ട പ്രശ്‌നങ്ങളും തുറന്നെഴുതാനാണ് ഞാന്‍ ശ്രമിക്കുന്നത്. അങ്ങനെയെഴുതുമ്പോള്‍ ചില കാര്യങ്ങള്‍ക്ക് പുതിയ വെളിപ്പെടുത്തലിന്റെ സ്വഭാവമുണ്ടായെന്നു വരാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com