ഫോണ്‍ കായലില്‍ എറിഞ്ഞെന്നത് സുനി കെട്ടിച്ചമച്ച കഥ; സുനിയുടെ അഭിഭാഷകനെ ചോദ്യം ചെയ്യും

ഏറ്റവും ഒടുവില്‍ നടത്തിയ കുറ്റസമ്മതത്തില്‍ സുനി തന്നെ ഇക്കാര്യം വെളിപ്പെടുത്തിയതായും പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
ഫോണ്‍ കായലില്‍ എറിഞ്ഞെന്നത് സുനി കെട്ടിച്ചമച്ച കഥ; സുനിയുടെ അഭിഭാഷകനെ ചോദ്യം ചെയ്യും

കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കായലില്‍ എറിഞ്ഞു എന്നത് പ്രതി പള്‍സര്‍ സുനി കെട്ടിച്ചമച്ച കഥയെന്ന് പൊലീസ്. അന്വേഷണം വഴിതെറ്റിക്കാന്‍ സുനി ചമച്ച കഥയാണ് ഇത്. ഏറ്റവും ഒടുവില്‍ നടത്തിയ കുറ്റസമ്മതത്തില്‍ സുനി തന്നെ ഇക്കാര്യം വെളിപ്പെടുത്തിയതായും പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

കേസ് വഴിതിരിച്ചു വിടാനായി ഫോണ്‍ ഗോശ്രീ പാലത്തില്‍ നിന്ന് താഴേക്ക് എറിഞ്ഞെന്നായിരുന്നു സുനി ആദ്യം പൊലീസിനോട് പറഞ്ഞത്.ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കായലില്‍ തിരച്ചില്‍ നടത്തി. നാവിക സേനയുടെ സഹായത്തോടെയായിരുന്നു തിരച്ചില്‍. എന്നാല്‍ ദൗത്യം പരാജയപ്പെടുകയായിരുന്നു. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് ഫോണല്ല വെള്ളത്തിലേക്ക് എറിഞ്ഞതെന്ന് സുനി സമ്മതിച്ചത്. 

പിന്നീട് കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ കിട്ടാന്‍ പൊലീസ് പള്‍സര്‍ സുനിയുമായി പല സ്ഥലങ്ങളിലും സഞ്ചരിച്ചു. സുനിയുടെ അഡ്വക്കേറ്റിന്റെ വീട്ടില്‍ നിന്നും മൊബൈല്‍ ഫോണ്‍ അടങ്ങിയ ഒരു ബാഗ് പൊലീസ് കണ്ടെത്തിയിരുന്നു. നാല് സിം കാര്‍ഡ്, മെമ്മറി കാര്‍ഡ്, കാര്‍ഡ് റീഡര്‍, നടിയെ തട്ടിക്കൊണ്ടു പോകുന്ന സമയത്ത് പ്രതി ധരിച്ച വസ്ത്രം എന്നിവയാണ് ബാഗില്‍ ഉണ്ടായിരുന്നത്. 

സുനി കോടതിയില്‍ ഹാജരാവുന്നതിന് മുന്‍പ് ഈ ബാഗ് വക്കീലിനെ ഏല്‍പ്പിച്ചിരുന്നു. പ്രതി അവസാനമായി ഫോണില്‍ ബന്ധപ്പെട്ടത് അഡ്വക്കേറ്റിന്റെ ഓഫിസുമായാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മനസിലാക്കാനായിട്ടുണ്ട്.

അതിനിടെ സുനിയുടെ അഭിഭാഷകന്‍ അഡ്വ. സതീഷ് ചാക്കോയെ ചോദ്യം ചെയ്യാന്‍ പൊലീസിന് ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ട്. മൊഴി നല്‍കാന്‍ ഹാജരാകുന്നതിന് പൊലീസ് നല്‍കിയ നോട്ടിസിനെ ചോദ്യം ചെയ്ത് സതീഷ് ചാക്കോ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. സാക്ഷിയെന്ന നിലയില്‍ ചില കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യുന്നതെന്ന പൊലീസ് വാദംഅംഗീകരിച്ചാണ് കോടതി നടപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com