പേടിച്ച് ഓടാന്‍ തുടങ്ങിയാല്‍ ഓടിക്കൊണ്ടേയിരിക്കും; ശ്രീറാം വെങ്കിട്ടരാമന്‍ പറയുന്നു

നിയമം നല്ല രീതിയില്‍ പ്രായോഗികമായി നടപ്പിലാക്കുക എന്നതാണ് ഒരു ഉദ്യോഗസ്ഥന്റെ ദൗത്യം. അത് ശരീയായ രീതിയില്‍ ചെയ്യണമെന്ന ദൃഡമായ തീരുമാനം തന്റെ മനസിലുണ്ടെന്ന് ശ്രീറാം
പേടിച്ച് ഓടാന്‍ തുടങ്ങിയാല്‍ ഓടിക്കൊണ്ടേയിരിക്കും; ശ്രീറാം വെങ്കിട്ടരാമന്‍ പറയുന്നു

പേടിച്ച് ഓടാന്‍ തുടങ്ങിയാല്‍ ജീവിതാവസാനം വരെ ഓടിക്കൊണ്ടേയിരിക്കണം. മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങിത്തിരിച്ച് ജനങ്ങളുടെ പിന്തുണ നേടിയ ശ്രീറാം വെങ്കിട്ടരാമനാണ് ഈ പറയുന്നത്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീറാം തന്റെ നിലപാടുകള്‍ വ്യക്തമാക്കുന്നത്.

പബ്ലിക് സെര്‍വന്റ് എന്ന നിലയില്‍ ജോലി റിസ്‌കാണെന്ന തെറ്റിദ്ധാരണയാണ് പൊതു സമൂഹത്തില്‍ നിലനില്‍ക്കുന്നത്. എന്നാല്‍ ഈ പേടി വെച്ച് ജോലിയില്‍ വിട്ടുവീഴ്ച ചെയ്യാനോ, ഓടാനോ തുടങ്ങിയാല്‍  ജീവിതാവസാനം വരെ ഓടിക്കൊണ്ടേയിരിക്കും.

മാധ്യമങ്ങളിലൂടെയും മറ്റുമാണ് പബ്ലിക് സെര്‍വന്റ് ജോലി അപകടം പിടിച്ചതാണെന്ന് പ്രചാരണം ജനങ്ങളിലേക്കെത്തുന്നത്. ഇത് വീട്ടുകാര്‍ കേള്‍ക്കാന്‍ ഇടയാകുന്നതോടെ അവര്‍ക്കും പേടിയുണ്ടാകും. എന്നാല്‍ എത്രയും പെട്ടെന്ന് ജോലിയുടേതായുള്ള സ്വഭാവവും, റിസ്‌കും വീട്ടുകാര്‍മനസിലാക്കുന്നുവോ അത്രയും കൂടുതല്‍ സമാധാനത്തോടെ നമ്മുക്ക് ജോലി ചെയ്യാന്‍ സാധിക്കുന്നതായും ശ്രീറാം പറയുന്നു. 

മുഖം നോക്കാതെ നടപടിയെടുക്കുമ്പോള്‍ പേടി തോന്നുന്നുണ്ടോ എന്ന ചോദ്യത്തിനും ശ്രീറാമിന്റെ പക്കല്‍ വ്യക്തമായ ഉത്തരമുണ്ട്. മുഖം നോക്കാതെ മുന്നോട്ട് പോയി എന്നത് തന്നെ തെറ്റിദ്ധാരണയാണ്. സിനിമ സ്റ്റൈലിലാണ് തന്റെ നീക്കങ്ങളെന്ന വിമര്‍ശനവും ശ്രീറാം തള്ളുന്നു. എല്ലാവരും പറയുന്നത് കേട്ടാല്‍ തോന്നും ഞങ്ങള്‍ സിനിമയിലൊക്കെ കാണുന്നത് പോലെ വെട്ടൊന്ന് തുണ്ടം രണ്ട് എന്ന പ്രകൃതമാണെന്നാണ്. എന്നാല്‍ അങ്ങിനെയൊന്നുമല്ല. നിയമം നല്ല രീതിയില്‍ പ്രായോഗികമായി നടപ്പിലാക്കുക എന്നതാണ് ഒരു ഉദ്യോഗസ്ഥന്റെ ദൗത്യം. അത് ശരീയായ രീതിയില്‍ ചെയ്യണമെന്ന ദൃഡമായ തീരുമാനം തന്റെ മനസിലുണ്ടെന്ന് ശ്രീറാം വ്യക്തമാക്കുന്നു. 
 
മമ്മൂട്ടിയോടും കിങ് സിനിമയിലെ ജോസഫ് അലക്‌സിനോടുമുള്ള ഇഷ്ടവും ശ്രീറാം മറച്ചുവയ്ക്കുന്നില്ല. എന്നാല്‍ കിങ് സിനിമ ഐഎഎസിനേയോ എന്റെ ജോലിയേയോ സ്വാധീനിച്ചിട്ടുണ്ടോ എന്ന് ചോദ്യത്തിന് ഇല്ല എന്ന വ്യക്തമായ ഉത്തരവും ശ്രീറാം നല്‍കുന്നു. ഞാനെടുക്കുന്ന ഒരു സ്റ്റെപ്പിലും കിങ്ങും ജോസഫ് അലക്‌സും ഒന്നുമില്ല.അതില്‍ നിന്നും ഉള്‍ക്കൊണ്ട കാര്യങ്ങളുമില്ല.
കിങ് സിനിമ കണ്ടതുകൊണ്ടല്ല ഐഎഎസിന് തയ്യാറെടുത്തത്. എന്നാല്‍ സിനിമ കണ്ടാല്‍ ഒരു അഞ്ച് മിനിറ്റ് നേരത്തേക്കെങ്കിലും, ഒരു മമ്മൂട്ടി ആരാധകന്‍ കൂടിയാകുമ്പോള്‍, കൊള്ളാമെന്നൊക്കെ തോന്നമല്ലോ എന്നും ശ്രീറാം പറയുന്നു. 

ഒരു തലമുറയ്ക്ക് തന്നെ നന്മയ്ക്ക് വേണ്ടി നില്‍ക്കണം എന്നതിനുള്ള പ്രചോദനമായിരുന്നു ഇത്തരം സിനിമകളും ക്യാരക്ടേഴ്‌സും. അത്രയ്ക്ക് സ്വാധീനം മാത്രമെ തനിക്കും ഉണ്ടായിട്ടുള്ളു. എന്നാല്‍ സിനിമയില്‍ ചിത്രീകരിക്കുന്നത് പോലുള്ള കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നു ശ്രീറാം വെങ്കിട്ടരാമന്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com