കൊച്ചി മെട്രൊ ഉദ്ഘാടനം 30ന്, പ്രധാനമന്ത്രിക്കായി അനന്തമായി കാത്തിരിക്കാനാവില്ലെന്ന് കടകംപള്ളി

പ്രധാനമന്ത്രിക്ക് ചടങ്ങിന് എത്താന്‍ കഴിയാതിരുന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മെട്രൊ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി
കൊച്ചി മെട്രൊ ഉദ്ഘാടനം 30ന്, പ്രധാനമന്ത്രിക്കായി അനന്തമായി കാത്തിരിക്കാനാവില്ലെന്ന് കടകംപള്ളി


തിരുവനന്തപുരം: കൊച്ചി മെട്രൊയുടെ ഉദ്ഘാടനം ഈ മാസം 30ന് നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി എത്തുമെന്നാണ് പ്രതീക്ഷ. എന്നാല്‍ പ്രധാനമന്ത്രിയുടെ സമയത്തിനായി അനന്തമായി കാത്തിരിക്കാനാവില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ഈ മാസം ഒടുവില്‍ മെട്രൊ റെയില്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. മെയ് അവസാനത്തോടെ ഉദ്ഘാടനം നടക്കുമെന്ന് കൊച്ചി മെട്രൊ അധികൃതര്‍ നേരത്തെ തന്നെ സൂചന നല്‍കിയിരുന്നു. ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയുടെ സമയത്തിനായി ശ്രമിക്കുന്നതിനാലാണ് ഇതുവരെ തീയതി പ്രഖ്യാപിക്കാതിരുന്നത്. പ്രധാനമന്ത്രിയുടെ സാന്നിധ്യം ഇപ്പോഴും ഉറപ്പാക്കാനായിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി ചടങ്ങിന് എത്തുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. എന്നാല്‍ പ്രധാനമന്ത്രിക്കായി അനന്തമായി കാത്തിരിക്കാനാവില്ല. എന്തെങ്കിലും കാരണവശാല്‍ പ്രധാനമന്ത്രിക്ക് ചടങ്ങിന് എത്താന്‍ കഴിയാതിരുന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മെട്രൊ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. ആലുവയില്‍ ആയിരിക്കും ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക.

മെട്രൊ റെയില്‍ ഉദ്ഘാടനത്തിനായി സര്‍ക്കാര്‍ പ്രധാനമന്ത്രിയുടെ ഓഫിസുമായി തുടര്‍ച്ചയായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നതായാണ് സൂചനകള്‍. കഴിഞ്ഞ ദിവസവും പ്രധാനമന്ത്രിയുടെ ഓഫിസ് ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണങ്ങള്‍ ആരാഞ്ഞിരുന്നു. ഇതിനെല്ലാം കൃത്യമായി മറുപടി നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 

സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികത്തോട് അനുബന്ധിച്ച് മെട്രൊയുടെ ഉദ്ഘാടനം നടത്തണമെന്ന് സര്‍ക്കാരിനു താത്പര്യമുണ്ട്. പ്രധാനമന്ത്രിയുടെ സമയം ഉറപ്പാക്കാനായിട്ടില്ലെങ്കിലും ഉദ്ഘാടന തീയതി പ്രഖ്യാപിച്ചതില്‍ ഈ താത്പര്യമാണെന്നു വ്യക്തം. 

കൊച്ചി മെട്രൊയുടെ സുരക്ഷാ പരിശോധനകള്‍ ഈ മാസം ആദ്യ ആഴ്ചയില്‍ തന്നെ പൂര്‍ത്തിയായിരുന്നു. മെട്രൊ സര്‍വീസ് തുടങ്ങാന്‍ പര്യാപ്തമാണെന്ന് വ്യക്തമാക്കിയ മെട്രൊ റെയില്‍ സുരക്ഷാ കമ്മിഷണര്‍ സൗകര്യങ്ങളില്‍ തൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള റൂട്ടിലാണ് ആദ്യഘട്ടത്തില്‍ മെട്രൊ സര്‍വീസ് തുടങ്ങുന്നത്. തൃപ്പൂണിത്തുറ വരെയുള്ള ആദ്യഘട്ടത്തിലെ ശേഷിച്ച ഭാഗങ്ങളില്‍ പണി പുരോഗമിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com