സെന്‍കുമാറും തച്ചങ്കരിയും തമ്മില്‍ വാക്കേറ്റം? പൊലീസ് ആസ്ഥാനത്ത് പോര് രൂക്ഷം

തച്ചങ്കരിയെ പൊലീസ് മേധാവിയുടെ മുറിയിലേക്ക് വിളിച്ചുവരുത്തിയ സെന്‍കുമാര്‍, താനറിയാതെ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചതിനെതിരെ പൊട്ടിത്തെറിച്ചു
സെന്‍കുമാറും തച്ചങ്കരിയും തമ്മില്‍ വാക്കേറ്റം? പൊലീസ് ആസ്ഥാനത്ത് പോര് രൂക്ഷം

തിരുവനന്തപുരം: അധികാര വടംവലിയെ തുടര്‍ന്ന് പോലീസ് ആസ്ഥാനത്ത് ഡിജിപി സെന്‍കുമാറും എഡിജിപി ടോമിന്‍ തച്ചങ്കരിയും തമ്മിലുണ്ടായ വാക്കേറ്റം കയ്യാങ്കളിയുടെ വക്കോളമെത്തിയതായി സൂചന. സെന്‍കുമാര്‍ മോശമായി പെരുമാറിയെന്ന് കാണിച്ച് തച്ചങ്കരി ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്ക് പരാതി നല്‍കുകയും ചെയ്തു.

സെന്‍കുമാര്‍ പൊലീസ് മേധാവിയായി സ്ഥാനമേറ്റതിന് ശേഷം  അഡ്മിനിസ്‌ട്രേറ്റീവ് എഡിജിപിയായ തച്ചങ്കരി പൊലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുകയും, തന്റെ അറിവോടെയല്ലാതെ ഭരണപരമായ കാര്യങ്ങളില്‍ തീരുമാനം എടുക്കരുതെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതാണ് സെന്‍കുമാറിനെ പ്രകോപിപ്പിച്ചത്.

മെയ് 9ന് തച്ചങ്കരിയെ പൊലീസ് മേധാവിയുടെ മുറിയിലേക്ക് വിളിച്ചുവരുത്തിയ സെന്‍കുമാര്‍, താനറിയാതെ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചതിനെതിരെ പൊട്ടിത്തെറിച്ചു. എന്നാല്‍ താനും സംസ്ഥാനത്തെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരില്‍ ഒരാളാണെന്നും, ചട്ടപ്രകാരമാണ് കാര്യങ്ങള്‍ നടന്നിരിക്കുന്നതെന്നും തച്ചങ്കരി വാദിച്ചു. ചട്ടലംഘനം അനുവദിക്കില്ലെന്ന് സെന്‍കുമാറും നിലപാടെടുത്തതോടെ ഇരുവരും തമ്മിലുള്ള വാക്കേറ്റം കനത്തു. ഇതിനിടെ പഴയ കേസുകളെ കുറിച്ചുള്ള പരാമര്‍ശങ്ങളും വാക്കേറ്റത്തിനിടെ കടന്നുവന്നു.

തുടര്‍ന്ന് മറ്റൊരു മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ എത്തിയാണ് ഇരുവരേയും ശാന്തരാക്കിയത്. ഇതിന് പിന്നാലെ തച്ചങ്കരി സെന്‍കുമാറിനെതിരെ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്ക് പരാതി നല്‍കി. പരാതിയില്‍ തുടര്‍ നടപടി സ്വീകരിച്ചില്ലെങ്കിലും വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായാണ് സൂചന. 

ജൂണ്‍ 30ന് താന്‍ വിരമിക്കും വരെ സംസ്ഥാന പൊലീസില്‍ മറ്റൊരു അധികാര കേന്ദ്രം വേണ്ടെന്നാണ് സെന്‍കുമാറിന്റെ നിലപാട്. സെന്‍കുമാറിനെ നിരീക്ഷിക്കുന്നതിനായാണ് ടോമിന്‍ തച്ചങ്കരിയെ സര്‍ക്കാര്‍ പൊലീസ് ആസ്ഥാനത്തെ എഡിജിപിയായി നിയമിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. 

പൊലീസ് മേധാവിക്ക് വേണ്ടി എന്ന് രേഖപ്പെടുത്തി എഡിജിപി മുതല്‍ താഴേക്കുള്ള ഉദ്യോഗസ്ഥര്‍ ഉത്തരവിറക്കാന്‍ പാടില്ലെന്ന് കാണിച്ച് സെന്‍കുമാര്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. എന്നാല്‍ തന്നെ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായ നീക്കങ്ങളെയെല്ലാം സെന്‍കുമാര്‍ ശക്തമായി പ്രതിരോധിക്കുന്നുണ്ട്.

പൊലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചതിന് പിന്നാലെ ഉദ്യോഗസ്ഥരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പും തച്ചങ്കരി ആരംഭിച്ചിരുന്നു. എന്നാല്‍ ഇതില്‍ സെന്‍കുമാറിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com