സിബിഐയ്ക്ക് കേരള പൊലീസിന്റെ സഹായം വേണ്ട; പൊലീസ് സേനാംഗങ്ങളെ ഒഴിവാക്കാന്‍ തീരുമാനം

സിബിഐയ്‌ക്കെതിരെ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് കൈക്കൊള്ളുന്ന നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചാണ് തീരുമാനം
സിബിഐയ്ക്ക് കേരള പൊലീസിന്റെ സഹായം വേണ്ട; പൊലീസ് സേനാംഗങ്ങളെ ഒഴിവാക്കാന്‍ തീരുമാനം

കൊച്ചി : കേരള പൊലീസിന്റെ സഹായം ഇനി മുതല്‍ സ്വീകരിക്കേണ്ടെന്ന് കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സിയായ സിബിഐയുടെ തീരുമാനം. ഇതുസംബന്ധിച്ച നിര്‍ദേശം കേരളത്തിലെ സിബിഐ യൂണിറ്റുകള്‍ക്ക് ലഭിച്ചു. സിബിഐയ്‌ക്കെതിരെ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് കൈക്കൊള്ളുന്ന നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചാണ് സിബിഐയുടെ തീരുമാനം. 

ഇതേത്തുടര്‍ന്ന് സിബിഐയെ സഹായിച്ചുകൊണ്ടിരുന്ന കേരള പൊലീസ് സേനാംഗങ്ങളെ മടക്കി അയക്കാന്‍ സിബിഐ തീരുമാനിച്ചു. കേസ് അന്വേഷണത്തിനായി കേരള പൊലീസ് അനുവദിച്ച വാഹനങ്ങളും സര്‍ക്കാരിന് തിരിച്ച് നല്‍കി. സംസ്ഥാന ആഭ്യന്തര വകുപ്പ് നിലവില്‍ കേരള പൊലീസില്‍ നിന്ന് 30 ഓളം ഉദ്യോഗസ്ഥരെയാണ് വിവിധ ജില്ലകളില്‍ നിന്നായി സിബിഐയെ സഹായിക്കാന്‍ നിയോഗിച്ചിട്ടുള്ളത്. വാഹനങ്ങളും ഡ്രൈവര്‍മാരെയും അനുവദിച്ചിട്ടുണ്ട്. 

പ്രധാനപ്പെട്ട ചില കൊലക്കേസുകളുടെ പുനരന്വേഷണവുമായി ബന്ധപ്പെട്ട് മൂന്നു വര്‍ഷമായി തിരുവനന്തപുരം, കൊച്ചി, ചെന്നൈ യൂണിറ്റുകള്‍ സംസ്ഥാനത്ത് ക്യാമ്പ് ചെയ്ത് അന്വേഷണം നടത്തിവരികയാണ്. അതത് ജില്ലകളിലെ റസ്റ്റ് ഹൗസുകളില്‍ ക്യാമ്പ് ഓഫീസ് തുറന്നാണ് സിബിഐയുടെ പ്രവര്‍ത്തനം. ഹൈക്കോടതിയുടെയും സര്‍ക്കാരിന്റെയും നിര്‍ദേശ പ്രകാരം കേസുകളില്‍ പുനരന്വേഷണം നടത്തിയിരുന്ന സിബിഐയോട് യുഡിഎഫ് സര്‍ക്കാര്‍ റസ്റ്റ്ഹൗസിലെ മുറി വാടക ഈടാക്കിയിരുന്നില്ല. 

എന്നാല്‍ ഇടതുമുന്നണി സര്‍ക്കാര്‍ അദികാരത്തിലെത്തിയതോടെ, മുറി വാടക ഈടാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് സിബിഐയ്ക്ക് ക്യാമ്പ് ഓഫീസായി ഉപയോഗിക്കുന്ന മുറികളുടെ വാടക ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുകയുമായിരുന്നു. ഈ നടപടിയാണ് സിബിഐയെ ചൊടിപ്പിച്ചതും, കേരള പൊലീസിന്റെ യാതൊരു സഹായവും സ്വീകരിക്കേണ്ടെന്ന തീരുമാനത്തില്‍ എത്തിച്ചതും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com