സോളാര്‍: ഉമ്മന്‍ ചാണ്ടിക്കെതിരെ അന്വേഷണം; തിരുവഞ്ചൂരിനെതിരെ ക്രിമിനല്‍ കേസെടുക്കും

കേസില്‍ ശരിയായ അന്വേഷണം നടത്താതിരുന്ന പ്രത്യേക അന്വേഷണത്തിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി
സോളാര്‍: ഉമ്മന്‍ ചാണ്ടിക്കെതിരെ അന്വേഷണം; തിരുവഞ്ചൂരിനെതിരെ ക്രിമിനല്‍ കേസെടുക്കും

തിരുവനന്തപുരം: സോളാര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് മന്ത്രിസഭായോഗം തീരുമാനിച്ചു. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസില്‍നിന്ന് ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, തമ്പാനൂര്‍ രവി, ബെന്നി ബഹനാന്‍ എന്നിവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്ത് അന്വേഷണം നടത്തും. സരിത എസ് നായര്‍ കത്തില്‍ പേരു പരാമര്‍ശിച്ചവര്‍ക്കെതിരെ ബലാത്സംഗത്തിനും ലൈംഗിക പീഡനത്തിനും കേസെടുക്കും. കേസില്‍ ശരിയായ അന്വേഷണം നടത്താതിരുന്ന പ്രത്യേക അന്വേഷണത്തിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കും.

ഉമ്മന്‍ ചാണ്ടിയും ഉമ്മന്‍ ചാണ്ടി മുഖേന ഓഫിസ് ജീവനക്കാരായിരുന്ന ടെനി ജോപ്പന്‍, ജിക്കുമോന്‍ ജേക്കബ്, സലിംരാജ് എന്നിവരും ഡല്‍ഹിയിലെ സഹായിയായ കുരുവിളയും നിക്ഷേപകരെ കബളിപ്പിക്കുന്നതിന് സരിതയെയും ടീം സോളാര്‍ കമ്പനിയെയും സഹായിച്ചതായി കമ്മിഷന്‍ കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രിസഭാ തീരുമാനങ്ങള്‍ അറിയിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ക്രിമിനല്‍ ഉത്തരാവിദത്വത്തില്‍നിന്നു രക്ഷപ്പെടുത്താന്‍ പൊലീസിനെ സ്വാധീനിച്ചതായും കമ്മിഷന്‍ റിപ്പോര്‍ട്ടിലുണ്ട്.  

ഉമ്മന്‍ചാണ്ടിക്കും മറ്റുള്ളവര്‍ക്കുമെതിരെ അഴിമതി നിരോധന നിയമത്തിലെ 7,8,9,13 വകുപ്പുകള്‍ പ്രകാരം വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താമെന്നാണ് നിയമോപദേശം ലഭിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉമ്മന്‍ ചാണ്ടിയെ ക്രിമിനല്‍ കേസില്‍നിന്ന് ഒഴിവാക്കുന്നതിന് ഉദ്യോഗസ്ഥരെ സ്വാധീനിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ ക്രിമിനല്‍ കേസെടുക്കാമെന്നാണ് നിയമോപദേശം. 

ഊര്‍ജവകുപ്പു മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ് ഉമ്മന്‍ ചാണ്ടി ചെയ്തതുപോലെ തന്നെ നിയമവിരുദ്ധമായി സരിതയെ സഹായിച്ചതായാണ് കമ്മിഷന്‍ കണ്ടെത്തിയിട്ടുള്ളത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ആര്യാടനെതിരെയും വിജിലന്‍സ് അന്വേഷണം നടത്തും. സോളാര്‍ കേസ് അന്വേഷിക്കാന്‍ രൂപീകരിക്കപ്പെട്ട പ്രത്യേക അന്വേഷണ സംഘം ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ കുത്സിത ശ്രമങ്ങള്‍ നടത്തി. വസ്തുതകളും രേഖകളും സംഘം പരിശോധിച്ചില്ലെന്നാണ് കമ്മിഷന്റെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിയെടുക്കും. ഐജിപി പദ്മകുമാര്‍, വിവൈഎസ്പി ഹരികൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി വരിക. ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രത്യേക സംഘം അന്വേഷിക്കും. മേല്‍നോട്ട ചുമതല വഹിച്ച എ ഹേമചന്ദ്രന്റെ പങ്കും അന്വേഷിക്കും.

സരിതയ്‌ക്കെതിരെ ബലാത്സംഗവും ലൈംഗിക പീഡനവും നടന്നതായി അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പ്രത്യേക സംഘം ഇക്കാര്യം അന്വേഷിച്ചില്ലെന്ന് കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. സരിത എസ് നായരുടെ കത്തില്‍ പേരു പറയുന്നവരെ തമ്പാനൂര്‍ രവിയും ബെന്നി ബഹന്നാനും ബന്ധപ്പെട്ടതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. കത്തില്‍ പേരു പരാമര്‍ശിക്കുന്നവര്‍ക്കെതിരെ ബലാത്സംഗത്തിനും ലൈംഗിക പീഡനത്തിനും കേസെടുക്കാം എന്നാണ് നിയമോപദേശം. ഇതനുസരിച്ച് നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവും. 

സോളാര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അഡ്വക്കറ്റ് ജനറലിനോടും ഡിജിപിയോടുമാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്. അന്വേഷണത്തിന് എല്‍ഡിഎഫ് നിര്‍ദേശിച്ച ടേംസ് ഓഫ് റഫറന്‍സ് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്നത്തെ മുഖ്യമന്ത്രിക്കും ഓഫിസിനും എതിരായി ആയിരുന്നു പ്രധാന ആക്ഷേപം. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫിസിനെ അന്വേഷണ പരിധിയില്‍നിന്ന്  ഒഴിവാക്കിയാണ് ടേംസ് ഓഫ് റഫറന്‍സ് തീരുമാനിച്ചത്.

സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടും നടപടി റിപ്പോര്‍ട്ടും ആറു മാസത്തിനകം നിയമസഭയില്‍ വയ്ക്കുമെന്ന് മുഖ്യമന്ത്രി അറയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com