

നീറ്റ് പരീക്ഷയില്‍ പ്രവേശനം ലഭിക്കാതെ തമിഴ്‌നാട്ടില്‍ ദലിത് വിദ്യാര്‍ത്ഥിനിയായ അനിത ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധവുമായി ഡിഎസ്എ. വിദ്യാഭ്യാസത്തിന്റെ വരേണ്യ വത്കരണമാണ് നീറ്റ് പരീക്ഷ എന്ന പേരിലൂടെ ഭരണകൂടം ഒളിച്ചു കടത്തുന്നതെന്ന് ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. നീറ്റ് പരീക്ഷയ്‌ക്കെതിരെ പോരാടിയ വിദ്യാര്‍ത്ഥിനിയായിരുന്നു അനിത.പരീക്ഷയില്‍ 98 ശതമാനം മാര്‍ക്ക് വാങ്ങിയിട്ടും അനിതയ്ക്ക് എംബിബിഎസ് പ്രവേശനം ലഭിച്ചിരുന്നില്ല. ഇതില്‍ മനം നൊന്താണ് അനിത ആത്മഹത്യ ചെയ്തത്. അനിതയുടെ ആത്മഹത്യയെത്തുടര്‍ന്ന് തമിഴ്‌നാട്ടിലും പുറത്തും ശക്തമായ വിദ്യാര്‍ത്ഥി,യുവജന പ്രതിഷേധം ഉയര്‍ന്നു വന്നിരിക്കുകയാണ്.
ഡിഎസ്എയുടെ പ്രതിഷേധക്കുറിപ്പിന്റെ പൂര്‍ണരൂപം:
നീറ്റ് പരീക്ഷയ്‌ക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച തമിഴ് നാട്ടില്‍ നിന്നുള്ള അനിത എന്ന ദളിത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തിരിക്കുന്നു. നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നേടാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ആത്മഹത്യ.പ്ലസ് ടു പരീക്ഷക്ക് തൊണ്ണൂറ്റി എട്ട് ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥിനി ആയിരുന്നു അനിത. എന്നാല്‍ ഏകീകൃത പരീക്ഷ ആയ നീറ്റ് ഇംഗ്ലീഷില്‍ മാത്രം ആയതിനാല്‍ തമിഴ് മീഡിയത്തില്‍ പഠിച്ച അനിതയെ പോലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ വളരെ പ്രയാസം നിറഞ്ഞതും ആയിരുന്നു. അനിതയുടെ റാങ്കിങ് വളരെ താഴെയും ആയതു ഈ കാരണത്താല്‍ ആയിരുന്നു. ഇതിനെതിരെ ആയിരുന്നു അനിത സുപ്രീം കോടതിയെ സമീപിച്ചത്.കഴിഞ്ഞ വര്ഷം വരെ പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു തമിഴ്‌നാട്ടില്‍ മെഡിക്കല്‍ പ്രവേശനം അങ്ങനെ ആയിരുന്നെങ്കില്‍ തൊണ്ണൂറ്റി എട്ടു ശതമാനം മാര്‍ക് നേടിയ അനിതക്കു പ്രവേശനം ഉറപ്പും ആയിരുന്നു. എന്നാല്‍ നീറ്റ് പരീക്ഷയിലൂടെ ഇല്ലാതായത് അനിതയെ പോലെ ഉള്ളവരുടെ ജീവനും ഒരു പാട് വിദ്യാര്‍ത്ഥികളുടെ പഠന സ്വപ്നങ്ങളും ആണ്.
കഴിഞ്ഞ വര്ഷം നീറ്റ് പരീക്ഷ നടത്താനുള്ള സുപ്രീം കോടതി ഉത്തരവ് മറി കടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു ഓര്‍ഡിനന്‍സ് കൊണ്ട് വരികയും രാഷ്ട്രപതി അതിനു അംഗീകാരം നല്‍കുകയും ചെയ്തത് മൂലം ഒരു വര്‍ഷത്തേയ്ക്ക് നീറ്റ് പരീക്ഷ നീട്ടി വച്ചിരുന്നു അതിനെ തുടര്‍ന്നാണ് ഈ വര്ഷം പരീക്ഷ നടന്നതും വീണ്ടും കോടതിയെ സമീപിക്കലും അതിനെ തുടര്‍ന്ന് ആത്മഹത്യയും സംഭവിക്കുന്നത്.
വിദ്യാഭ്യാസത്തിന്റെ വരേണ്യ വല്‍ക്കരണം ആണ് നീറ്റ് പരീക്ഷ എന്ന പേരിലൂടെ ഭരണകൂടം ഒളിച്ചു കടത്തുന്നത്. ഇന്ത്യയെ ഒരു ഏക ശിലാ രൂപത്തിലേക്ക് കൊണ്ട് വരാനായി ഉള്ള ശ്രമങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ മേഖലയില്‍ അവര്‍ നടപ്പാക്കുന്ന അജണ്ടയുടെ പേര് മാത്രം ആണ് നീറ്റ് എന്നത്. ഈ പരീക്ഷയുടെ നേട്ടം എന്ന് അവര്‍ അവകാശപ്പെട്ടിരുന്നത് പല തട്ടില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികളെ ഒരു ഏകീകൃത രൂപത്തിലേക്ക് കൊണ്ട് വരാന്‍ കഴിയും എന്നായിരുന്നു. എന്നാല്‍ ഇന്ത്യ പോലെ ഒരു രാജ്യത്തു വ്യത്യസ്ത സാമൂഹ്യ സാഹചര്യങ്ങളില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികളെ എങ്ങനെ ആണ് ഒരേ തട്ടില്‍ കണക്കാക്കാന്‍ കഴിയുക കോച്ചിങ് സെന്ററുകളും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങളും നിറഞ്ഞ വരേണ്യ വിഭാഗം വിദ്യാര്‍ത്ഥികളോട് ഒപ്പം മത്സരിക്കാന്‍ താഴെ തട്ടില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് എങ്ങനെ ആണ് കഴിയുക. ഇന്ത്യ പോലെ ഭാഷാ സാംസ്‌കാരിക സാമൂഹ്യ വൈവിധ്യങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു രാജ്യത്തു അതില്‍ ഭാഷയുടെ കാര്യത്തില്‍ ഒട്ടനവധി പ്രധാന ഭാഷകള്‍ ഉള്ളയിടത്തു മിക്ക സംസ്ഥാനങ്ങളിലും പ്ലസ് ടു വരെ പ്രാദേശിക ഭാഷകളില്‍ തന്നെ അധ്യയനം നടക്കുമ്പോള്‍ ഇത്തരം ഏകീകൃത പരീക്ഷയിലൂടെ ഇന്ത്യയുടെ വൈവിധ്യങ്ങളെ തന്നെ തമസ്‌കരിക്കുക ആണ് ചെയ്യുന്നത്. സംവരണം എന്ന പേരില്‍ പ്രക്ഷോഭങ്ങളെ തണുപ്പിക്കുന്ന ബ്രാഹ്മണ്യവാദ ഭരണകൂടം അതെ സംവരണത്തെ പോലും പ്രഹസനമാക്കി കൊണ്ടാണ് നീറ്റ് എന്ന ഏകീകൃത പരീക്ഷ നടപ്പിലാക്കുന്നത്.രോഹിത് വെമുലയുടെ സ്ഥാപന വത്കൃത കൊലപാതകത്തെ തുടര്‍ന്ന് ഇന്ത്യ മുഴുവന്‍ കലാലയങ്ങളില്‍ പ്രക്ഷോഭങ്ങള്‍ ആഞ്ഞടിച്ചപ്പോഴും നീറ്റ് പരീക്ഷയുടെ പേരില്‍ വലിയ കോലാഹലങ്ങള്‍ ഉണ്ടാകാതെ ഒതുക്കിത്തീര്‍ക്കാന്‍ ഭരണകൂടത്തിന് കഴിഞ്ഞു.കേരളത്തില്‍ നീറ്റ് പരീക്ഷയുടെ ഡ്രസ്സ് കോഡും ആയി ബന്ധപ്പെട്ടു പ്രതിഷേധങ്ങള്‍ ഉയര്‍ന്നെങ്കിലും അതും പരീക്ഷയെ ചോദ്യം ചെയ്യുന്ന തലത്തിലേക്ക് ഉയര്‍ന്നില്ല.ഇത്തരം ഭരണകൂട അജണ്ടകളെ മറനീക്കി പുറത്തു കാണിക്കുക എന്നതാണ് വിദ്യാര്‍ത്ഥി സമൂഹത്തിന്റെയും പൊതു സമൂഹത്തിന്റെയും കടമ. നീറ്റ് പരീക്ഷ പോലെ ഉള്ള ഭരണകൂട നയങ്ങള്‍ക്കെതിരെ ഡി.എസ്.എ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates