ഗണേഷ് കുമാറിന്റെ പ്രസ്താവന സാക്ഷികളെ സ്വാധീനിക്കാന്‍; ദിലീപ് കേസ് അട്ടിമറിക്കാന്‍ സിനിമാ രംഗത്തുനിന്ന് ശ്രമമെന്ന് പൊലീസ്

സിഐയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ദിലീപിനെ സന്ദര്‍ശിക്കുന്നവരുടെ എണ്ണം കൂടുന്നതു സംബന്ധിച്ച് കോടതി ജയിലില്‍ അധികൃതരില്‍നിന്നു വിശദീകരണം തേടി
ഗണേഷ് കുമാറിന്റെ പ്രസ്താവന സാക്ഷികളെ സ്വാധീനിക്കാന്‍; ദിലീപ് കേസ് അട്ടിമറിക്കാന്‍ സിനിമാ രംഗത്തുനിന്ന് ശ്രമമെന്ന് പൊലീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സിനിമാ രംഗത്തുള്ളവര്‍ കൂട്ടമായി സന്ദര്‍ശിച്ചത് സംശയാസ്പദമാണെന്ന് പൊലീസ്. നടനും എംഎല്‍എയുമായ കെബി ഗണേഷ് കുമാര്‍ ദിലീപിനെ സന്ദര്‍ശിച്ച ശേഷം ജയിലിനു മുന്നില്‍ വച്ച് ദിലീപിനു വേണ്ടി മാധ്യമങ്ങളോട് സംസാരിച്ചത് ആസൂത്രിത നീക്കമാണെന്നും അന്വേഷണ സംഘം സംശയിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദിലീപിന്റെ സന്ദര്‍ശകരെ നിയന്ത്രിക്കുന്നതില്‍ കോടതി അടിയന്തരമായി ഇടപെടണമെന്ന് അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെട്ടു.

സാക്ഷികളെ സ്വാധീനിക്കാനും കേസ് അട്ടിമറിക്കാനുമാണ് സിനിമാ രംഗത്തുള്ള ചിലര്‍ ശ്രമിക്കുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഗണേഷ് കുമാര്‍ ജയിലിനു മുന്നില്‍ വച്ച് നടത്തിയ പ്രസ്താവന ആസൂത്രിതവും കൃത്യമായ ലക്ഷ്യങ്ങളുമുള്ളതാണ്. സാക്ഷികളെ സ്വാധീനിക്കുക തന്നെയാണ് അതിന്റെ ഉദ്ദേശ്യം. ജയിലില്‍ സിനിമാക്കാര്‍ കൂട്ടമായി എത്തിയത് അത്തരമൊരു നീക്കത്തിന്റെ ഭാഗമാണ്. ഇത് അനുവദിക്കരുതെന്നും കോടതി അടിയന്തരമായി ഇടപെടണമെന്നുമാണ് അ്‌ന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂര്‍ സിഐ ബൈജു പൗലോസ് അങ്കമാലി കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. 

സിഐയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ദിലീപിനെ സന്ദര്‍ശിക്കുന്നവരുടെ എണ്ണം കൂടുന്നതു സംബന്ധിച്ച് കോടതി ജയിലില്‍ അധികൃതരില്‍നിന്നു വിശദീകരണം തേടി. ദിലീപിന്റെ ജയില്‍ സന്ദര്‍ശകരുടെ മുഴുവന്‍ വിവരങ്ങളും ഹാജരാക്കാന്‍ ആലുവ സബ് ജയില്‍ സൂപ്രണ്ടിന് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ലീന റിയാസ് നിര്‍ദേശം നല്‍കി. 

കോടതി വിശദീകരണം തേടിയതിനു പിന്നാലെയാണ് ജയിലില്‍ ദിലീപിനു കാണുന്നതിനു അധികൃതര്‍ നിയന്ത്രണം കൊണ്ടുവന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ യാതൊരു നിയന്ത്രണവുമില്ലാതെ സിനിമാ രംഗത്തുള്ളവര്‍ ജയിലിലെത്തി ദിലീപിനെ കണ്ടിരുന്നു. സാധാരണ ഗതിയില്‍ രണ്ടോ മൂന്നോ പേര്‍ക്കാണ് ജയിലില്‍ തടവുകാരെ കാണാന്‍ ഒരു ദിവസം അനുമതി നല്‍കുക. അവധി ദിനങ്ങളില്‍ സന്ദര്‍ശകരെ അനുവദിക്കാറുമില്ല. എന്നാല്‍ ഓണത്തോട് അനുബന്ധിച്ച ദിനങ്ങളില്‍ അവധി  ആയിരുന്നിട്ടു കൂടി അഞ്ചും ആറും പേരാണ് ദിലീപിനെ കണാനെത്തിയത്. ഇവര്‍ക്കെല്ലാം അധികൃതര്‍ അനുമതി നല്‍കുകയും ചെയ്തു. ചട്ടം ലംഘിച്ച് അനുമതി നല്‍കിയതിനെതിരെ ജയില്‍ ഡിജിപിക്കു പരാതി ലഭിച്ചിട്ടുണ്ട്. ദിലീപിന്റെ പ്രത്യേക സാഹചര്യവും സന്ദര്‍ശകരുടെ പ്രാധാന്യവും കണക്കിലെടുത്താണ് അനുമതി നല്‍കിയതെന്നാണ് ജയില്‍ സൂപ്രണ്ടിന്റെ വിശദീകരണം.

കോടതി ഇടപെടലിനെത്തുടര്‍ന്ന് ദിലീപിനെ സന്ദര്‍ശിക്കുന്നതിനുള്ള അനുമതി വീട്ടുകാര്‍, അടുത്ത ബന്ധുക്കള്‍, പ്രധാന വ്യക്തികള്‍, അടുത്ത സഹപ്രവര്‍ത്തകര്‍ എന്നിവര്‍ക്കു മാത്രമായാണ് നിയന്ത്രിച്ചിരിക്കുന്നത്. ഇതനുസരിച്ച് വെള്ളിയാഴ്ച ദിലിപിനെ കാണാനെത്തിയ പത്തോളം പേര്‍ക്ക് അനുമതി നല്‍കിയിരുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com