ശോഭായാത്രയിലെ ശിശുപീഡനം പുറംലോകത്തെ അറിയിച്ചയാള്‍ക്ക് വധഭീഷണി

തിരിച്ചറിയാന്‍ സാധിക്കാത്ത നമ്പരുകളില്‍ നിന്ന് തന്നെ വിളിച്ച് ഭീഷണിപ്പെടുത്തുന്നതായി ശ്രീകാന്ത് ഉഷ പ്രഭാകരന്‍ വ്യക്തമാക്കി
ശോഭായാത്രയിലെ ശിശുപീഡനം പുറംലോകത്തെ അറിയിച്ചയാള്‍ക്ക് വധഭീഷണി

യ്യന്നൂരില്‍ ശോഭായാത്രയ്ക്കിടെ പിഞ്ചുകുഞ്ഞിനെ ആലിലയുടെ രൂപത്തിലുള്ള ഫ്‌ളോട്ടില്‍ കെട്ടിയിട്ട് മണിക്കൂറകളോളം വെയിലത്ത് ജാഥ നടത്തിയ സംഭവം പുറംലോകത്തെ അറിയിച്ചയാള്‍ക്ക് വധഭീഷണി. തിരിച്ചറിയാന്‍ സാധിക്കാത്ത നമ്പരുകളില്‍ നിന്ന് തന്നെ വിളിച്ച് ഭീഷണിപ്പെടുത്തുന്നതായി ശ്രീകാന്ത് ഉഷ പ്രഭാകരന്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. 

കഴിഞ്ഞ ദിവസം പയ്യന്നൂരില്‍ വിവേകാനന്ദ സേവാ സമിതിയുടെ നേതൃത്വത്തില്‍ നടന്ന ജാഥയിലായിരുന്നു മൂന്നുവയസ്സ് പ്രായമുള്ള കുഞ്ഞിനെ ആലിലയുടെ രൂപത്തിലുള്ള ഫ്‌ളോട്ടില്‍ കൃഷ്ണനായി അണിയിച്ച് കിടത്തി കെട്ടിവെച്ചത്. ഉച്ചയ്ക്ക് പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും ആരംഭിച്ച ജാഥയിലേക്ക് വിവിധ വേഷങ്ങളില്‍ വാഹനങ്ങളില്‍ കുട്ടികളെ എത്തിക്കുകയായിരുന്നു.അതിലൊന്നായിരുന്നു ഈ കുട്ടി. നല്ല വെയില്‍ ഉണ്ടായിരുന്ന സമയം ആയതിനാല്‍ തന്നെ ഈ കുട്ടി അതുമുഴുവന്‍ സഹിച്ചാണ് ഇവിടെയെത്തിയത്. കുട്ടിയുടെ അരഭാഗം ഇലയില്‍ കെട്ടിവച്ചിരിക്കുകയാണെന്ന് ശ്രീകാന്ത് ഉഷ പ്രഭാകരന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. 

വെയില്‍ ഏല്‍ക്കാതെ കണ്ണും അടച്ച് തലചെരിച്ചാണ് കുട്ടി കിടന്നിരുന്നതെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. ആദ്യം പ്രതിമയാണെന്നാണ് കരുതിയെങ്കിലും കൈകാലുകള്‍ അനക്കുന്നത് കണ്ടപ്പോഴാണ് ജീവനുണ്ടെന്ന് മനസിലായതെന്നും ഇദ്ദേഹം വ്യക്തമാക്കി. ചൈല്‍ഡ് ലൈന്‍ നമ്പരായ 1098ല്‍ വിളിച്ചു ഇതേക്കുറിച്ച് പറയുകയും ചെയ്തു. എന്നാല്‍ കുട്ടിയ്ക്ക് പരാതിയുണ്ടോ? രക്ഷിതാവിന് പരാതിയുണ്ടോ? അനുമതി വാങ്ങിയാണ് അവര്‍ പരിപാടി നടത്തുന്നത് എന്നിങ്ങനെയുള്ള മറുപടികളാണ് അദ്ദേഹത്തിന് ലഭിച്ചത്. മൂന്ന് പ്രാവശ്യം ഫോണ്‍കോളുകള്‍ ട്രാന്‍സ്ഫര്‍ ചെയ്ത് പയ്യന്നൂരിലെ ചൈല്‍ഡ് ലൈന്റെ ചുമതലയുള്ള ഉദ്യോഗസ്ഥയോട് സംസാരിക്കാന്‍ പറ്റിയെങ്കിലും അവരുടെ മറുപടിയും അങ്ങേയറ്റം അവഗണന സമീപനത്തോടെയായിരുന്നു. വിഷയം ഗൗരവത്തോടെയെടുക്കാന്‍ തയ്യാറാകാതിരുന്ന ഇവരോട് സ്ഥലം സന്ദര്‍ശിക്കാന്‍ പറഞ്ഞപ്പോള്‍ അത് തങ്ങളുടെ കടമയല്ലെന്നായിരുന്നു മറുപടി. ബന്ധപ്പെട്ടവരെ അറിയിക്കുക മാത്രമാണ് തങ്ങളുടെ ചുമതലയെന്നും അവര്‍ പറയുന്നു.പയ്യന്നൂര്‍ എസ്‌ഐ ഉള്‍പ്പെടെയുള്ളവരെ സാക്ഷിയാക്കിയാണ് ശോഭായാത്ര നടന്നത് എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഈ പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെയാണ് ശ്രീകാന്തിന് ഭീഷണിയുണ്ടായത്. +31ല്‍ തുടങ്ങിയ ആറക്ക നമ്പരുകളില്‍ നിന്നും പേരോ ഊരോ പറയാതെ ചിലര്‍ ഫോണ്‍ വിളിച്ച് തെറിപ്പാട്ടു പാടുകയും പുറത്തിറക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ചെയില്‍ഡ് ലൈനില്‍ പരാതി എഴിതി നല്‍കേണ്ടതില്ല എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്.പൊലീസിനു കൈമാറിയിട്ടുണ്ട് എന്നു പറഞ്ഞതിനപ്പുറം ഔദ്യോഗികമായി പരാതി സംബന്ധിച്ച് എന്നോട് ഇതുവരെ ആരും ഒരു അന്വേഷണവും നടത്തിയിട്ടില്ല.ഒന്നും നടക്കാനും പോകുന്നില്ല എന്നത് ഇന്നലെ ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞപ്പോള്‍ ലഭിച്ച മറുപടിയില്‍ നിന്നും തന്നെ മനസ്സിലാക്കിയതാണു.

നഗ്‌നമായ ശിശു പീഡനമാണ് ഇന്നലെ നടന്നിട്ടുള്ളത്.അത് അറിയിക്കേണ്ടുന്നവരെ അറിയിച്ചിട്ടും ഇത്രയധികം ചര്‍ച്ച ചെയ്യപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടാകുന്നില്ല എന്നുള്ളത് നമ്മുടെ നിയമ സംവിധാനങ്ങളും അധികാര കേന്ദ്രങ്ങളും എത്രത്തോളം ഹിന്ദുത്വശക്തികള്‍ക്ക് കീഴ്‌പ്പെട്ടാണ് അല്ലെങ്കില്‍ ഭയന്നാണ് പ്രവര്‍ത്തിക്കുന്നതെന്ന് തെളിയിക്കുന്നതാണ്,ശ്രീകാന്ത് കുറിച്ചു.

ശോഭായാത്രയുടെ രാഷ്ട്രീയം എന്താണെന്നും സംഘപരിവാര്‍ ശക്തികളാണ് അതിനു പിന്നില്‍ രഹസ്യ അജണ്ടയുമായി നിലകൊള്ളുന്നതെന്നും നമുക്കെല്ലാം അറിയുന്നതാണ്. ഒരു നബിദിന ഘോഷയാത്രയിലെ ദൃശ്യത്തെ കുറിച്ചാണ് ഞാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കിയിരുന്നത് എങ്കില്‍ ഇവിടെ എന്തു സംഭവിക്കുമായിരുന്നുവെന്നതും നമുക്ക് ഊഹിക്കാവുന്നതാണ് എന്നും ശ്രീകാന്ത് കുറിക്കുന്നു.

ഈ രാജ്യത്ത് എക്കാലത്തും ഇരട്ട നീതിയാണു നിലനിന്നു പോന്നിട്ടുള്ളത്. ഇന്ന് ഇറങ്ങിയ ആംനസ്റ്റിയുടെ റിപ്പോര്‍ട്ടില്‍ വിചാരണ തടവുകാരില്‍ ഭൂരിഭാഗവും മുസ്ലീം ദളിത് ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ളവരാണെന്നു പറയുന്നു.ഈ രാജ്യത്തെ നിയമ സംവിധാനങ്ങള്‍ ഹൈന്ദവശക്തികളെ, ഉന്നത ജാതികളെ എങ്ങനെ സംരക്ഷിച്ച് പോരുന്നുവെന്നതിന്റെ ഉദാഹരണമാണിത്.അവരാരും കുറ്റകൃത്യങ്ങള്‍ ചെയ്യാത്തതുകൊണ്ടല്ല.

ഹിന്ദുത്വഫാസിസ്റ്റു ശക്തികളുടെ അവസാനം വരെയും അതിനെതിരെ എന്നെകൊണ്ട് ചെയ്യാന്‍ കഴിയുന്നതെന്തും ചെയ്യുകതന്നെ ചെയ്യും.അതുകൊണ്ട് സംഘിച്ചേട്ടന്മാര്‍ കഷ്ട്‌പ്പെട്ട് നെറ്റ് കോളൊക്കെ ഉപയോഗിച്ച് ഭീഷണിപ്പെടുത്താന്‍ വിളിക്കേണ്ടതില്ല.ഒരുകാലത്തും മരണത്തെ ഭയന്ന് ഞങ്ങളാരും നിങ്ങള്‍ക്കെതിരായ സമരത്തില്‍ നിന്നും അണുവിട വ്യതിചലിക്കാന്‍ പോകുന്നില്ല.ശ്രീകാന്ത് കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com