ആരോപണം സത്യമാണെന്ന് തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും; ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വിജയന്‍ ചെറുകര

ഭൂമാഫിയയുമായി ബന്ധമുണ്ടെന്ന് തനിക്കെതിരെ വന്ന വാര്‍ത്ത വാസ്തവ വിരുദ്ധമെന്ന് സിപിഐ വയനാട് ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര.
ആരോപണം സത്യമാണെന്ന് തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും; ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വിജയന്‍ ചെറുകര

വയനാട്: ഭൂമാഫിയയുമായി ബന്ധമുണ്ടെന്ന് തനിക്കെതിരെ വന്ന വാര്‍ത്ത വാസ്തവ വിരുദ്ധമെന്ന് സിപിഐ വയനാട് ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര. വാര്‍ത്ത പുറത്തുവിട്ട ഏഷ്യാനെറ്റ് ന്യൂസിന് എതിരെ നിയമനടപടി സ്വീകരിക്കും. തനിക്ക് ഭൂമി ഇടപാടുകാരുമായി യാതൊരു ബന്ധവുമില്ല. പാര്‍ട്ടിയെ കരിവാരി തേക്കാനുള്ള ഗൂഢാലോചനയാണ് നടന്നതെന്നും വിജയന്‍ ആരോപിച്ചു. 

ഏത് അന്വേഷണത്തിനും തയ്യാറാണ്. ആരോപണങ്ങള്‍ സത്യമാണ് എന്ന് തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും വിജയന്‍ പറഞ്ഞു. വേഷം മാറിവന്നത് മാധ്യമപ്രവര്‍ത്തകനാണ് എന്ന് തനിക്ക് മനസിലായിരുന്നുവെന്നും ഇവരെ വീട്ടില്‍നിന്ന് ഇറക്കിവിടുകയായിരുന്നു താന്‍ ചെയ്ത് എന്നും സിപിഐ ജില്ലാ സെക്രട്ടിറി പറഞ്ഞു.
അതേസമയം, മിച്ചഭൂമി മറിച്ചു വില്‍ക്കുന്ന റാക്കറ്റിനെക്കുറിച്ച് ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങിയ വയനാട് ഡെപ്യൂട്ടി കളക്ടര്‍ ടി.സോമനാഥനെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്യാന്‍ ജില്ലാ കളക്ടര്‍ക്ക് റവന്യൂമന്ത്രി നിര്‍ദേശം നല്‍കി.

ഇടനിലക്കാരന്‍ വയനാട് സ്വദേശി കുഞ്ഞുമുഹമ്മദ്, വയനാട് ഡപ്യൂട്ടി കളക്ടര്‍ സോമനാഥന്‍, സിപിഐ വയനാട് ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, എന്നിവര്‍ സര്‍ക്കാര്‍ ഭൂമി തരപ്പെടുത്താന്‍ സഹായം നല്‍കുന്ന ഒളിക്യാമറ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ആണ് പുറത്തുവിട്ടത്.

നാലരയേക്കര്‍ സര്‍ക്കാര്‍ ഭൂമി തരപ്പെടുത്താന്‍ 20 ലക്ഷം കൈക്കൂലിയും 20 ലക്ഷം രൂപ സ്ഥല വിലയായും നല്‍കിയാല്‍ മതി. ഇതിന് മുഖ്യകണ്ണിയായി നില്‍ക്കുന്നത് റവന്യു വകുപ്പ് കൈകാര്യം ചെയ്യുന്ന സിപിഐ യുടെ വയനാട് ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകരയാണ്. റവന്യൂ രേഖകള്‍ അട്ടിമറിച്ച് ചുവപ്പ് നാട എളുപ്പത്തില്‍ തുറന്ന് കൊടുക്കുന്നത് ഡപ്യൂട്ടി കള്കടര്‍ സോമനാഥനാണ്.

ഇടനിലക്കാരന്‍ കുഞ്ഞുമുഹമ്മദ് പറയുന്നത് സിപിഐയുടെ ജില്ലാ സെക്രട്ടറിക്ക് 10 ലക്ഷവും ഡപ്യൂട്ടി കളക്ടര്‍ സോമനാഥന് പത്ത് ലക്ഷവും ഭൂമി തരപ്പെടുത്താന്‍ നല്‍കണമെന്നാണ്. വിജയന്‍ ചെറുകരയിലേക്ക് എത്തുന്നത് സിപിഐ ജില്ലാ എക്‌സിക്യൂട്ടിവ് അംഗത്തിന്റെ നിര്‍ദേശ പ്രകാരം. എല്ലാം ശരിയാക്കിത്തരാം, അനുമതി മുകളില്‍ നിന്ന് വരുന്നത് പോലെ ലഭ്യമാക്കണം എന്ന് ഡപ്യൂട്ടി കളക്ടര്‍ സോമനാഥന്‍ വ്യക്തമാക്കുന്നു.

വിജയന്‍ ചെറുകരയെ വീട്ടില്‍ പോയി കാണുന്ന ആവശ്യക്കാരോട് തനിക്കുള്ള പണത്തിന്റെ കാര്യം പിന്നീട് പറയാമെന്നും, എങ്ങനെയൊക്കെ നീങ്ങണമെന്ന് താന്‍ പറഞ്ഞു തരാമെന്നും പറയുന്ന ദൃശ്യങ്ങളും പുറത്തു വന്നു. എന്നെന്നേക്കുമായി പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ പിന്നെയും പിന്നെയും ഓരോന്ന് കുത്തിപ്പൊക്കി വരുമെന്നും വിജയന്‍ ചെറുകര പറയുന്നുണ്ട്. ഡപ്യൂട്ടി കള്കടറിനെ താന്‍ വിളിച്ചോളാമെന്ന് ജില്ലാ സെക്രട്ടറി പറയുന്നതും ഫോണ്‍ വിളിച്ച് കാര്യം പറയുന്നതും ദൃശ്യങ്ങളിലുണ്ട്.

ആദ്യ ഗഡു എന്ന നിലയ്ക്ക് കുറച്ച് തുക ഡപ്യൂട്ടി കള്കടര്‍ വാങ്ങി കീശയില്‍ വയ്ക്കുന്നുണ്ട്. തിരുവനന്തപുരത്ത് എത്തിയ സംഘം, റവന്യു മന്ത്രിയുടെ ഓഫീസില്‍ പ്രവേശിക്കാന്‍ സിപിഐ ആസ്ഥാനമായ എംഎന്‍ സ്മാരകത്തില്‍ നിന്ന് അനുമതി തരപ്പെടുത്തിയ ശേഷം, മന്ത്രിയുടെ ഓഫീസില്‍ ഇതു സംബന്ധിച്ച വിവരങ്ങളും നല്‍കുന്നുണ്ട്. ഇരുപത് ദിവസങ്ങള്‍ക്ക് ശേഷം മന്ത്രിയുടെ ഓഫിസില്‍ നിന്ന് നാലരയേക്കര്‍ മിച്ച ഭൂമി തരപ്പെടുത്തി കൊടുത്ത് കൊണ്ടുള്ള അനുകൂല തീരുമാനം സര്‍ക്കാര്‍ വിധിയായി ലഭിച്ചതും റിപ്പോര്‍ട്ടില്‍ വ്യക്തമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com