വയല്‍ക്കിളികള്‍ കാലങ്ങളായി കമ്യൂണിസ്റ്റ് വിരുദ്ധത ഉള്ളില്‍ക്കൊണ്ടു നടക്കുന്നവര്‍: സന്തോഷ് കീഴാറ്റൂര്‍

വയല്‍ക്കിളികള്‍ കാലങ്ങളായി കമ്യൂണിസ്റ്റ് വിരുദ്ധത ഉള്ളില്‍ക്കൊണ്ടു നടക്കുന്നവര്‍: സന്തോഷ് കീഴാറ്റൂര്‍
വയല്‍ക്കിളികള്‍ കാലങ്ങളായി കമ്യൂണിസ്റ്റ് വിരുദ്ധത ഉള്ളില്‍ക്കൊണ്ടു നടക്കുന്നവര്‍: സന്തോഷ് കീഴാറ്റൂര്‍

കണ്ണൂര്‍: കാലങ്ങളായി കമ്യൂണിസ്റ്റ് വിരുദ്ധത ഉള്ളില്‍ കൊണ്ടുനടന്നവര്‍ അവസരം കിട്ടിയപ്പോള്‍ ഉപയോഗിക്കുന്നതാണ് കീഴാറ്റൂരില്‍ കാണുന്നതെന്ന് നടന്‍ സന്തോഷ് കീഴാറ്റൂര്‍. മാധ്യമങ്ങള്‍ ആവര്‍ത്തിച്ചു പറയുന്നതുപോലെ സിപിഎം പ്രവര്‍ത്തകല്ല വയല്‍ക്കിളികളായി സമരം ചെയ്യുന്നതെന്ന് സന്തോഷ് കീഴാറ്റൂര്‍ ചൂണ്ടിക്കാട്ടി. ഇതുവരെ ഇടതുപക്ഷത്തിന് വോട്ടുചെയ്യാത്തയാളാണ് സമരനായിക എന്നു വിശേഷിപ്പിക്കപ്പെടുന്ന വ്യക്തി. കുടുംബരപമായി ഇടതുപക്ഷ വിരോധം പിന്തുടരുന്നവരാണ് അവര്‍. സമരത്തിലുള്ള മറ്റു ചിലര്‍ ബിജെപിക്കാരാണ്. ഇതുവരെ ആര്‍എസ്എസിനെ തള്ളിപ്പറയാന്‍ വയല്‍ക്കിളികള്‍ തയ്യാറായിട്ടില്ലെന്ന് സന്തോഷ് കീഴാറ്റൂര്‍ ദേശാഭിമാനി പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞു.

ദേശീയപാതാ അലൈന്‍മെന്റ് കീഴാറ്റൂര്‍ വയല്‍വഴിയാക്കിയതിനെ ആശങ്കയോടെയാണ് താന്‍ ഉള്‍പ്പെടെയുള്ള നാട്ടൂകാര്‍ കണ്ടതെന്ന് സന്തോഷ് കീഴാറ്റൂര്‍ എഴതുന്നു. പിന്നീട് സര്‍ക്കാര്‍തലത്തില്‍ നനടന്ന ചര്‍ച്ചകളിലാണ് കാര്യങ്ങള്‍ ബോധ്യപ്പെട്ടത്. ഇതിനിടയിലാണ് ഇപ്പോള്‍ സമരനായകവേഷം അണിയുന്ന സുരേഷ് കീഴാറ്റൂര്‍ കുറച്ചുപേരെ കൂടെക്കൂട്ടി സമാന്തരമായി ലഘുരേഖ വിതരണം നടത്തുകയും നിരാഹാരസമരം ആരംഭിക്കുകയും ചെയ്തത്. അതുവരെ നാടൊന്നാകെ ചെയ്ത സമരത്തെ അട്ടിമറിക്കുന്ന രീതിയില്‍ പുറത്തുനിന്ന്, ഒരു കാര്‍ഷികസമരത്തിന്റെയും ഏഴയലത്ത് ചെല്ലാത്ത വത്സന്‍ തില്ലങ്കേരിയെപ്പോലുള്ള  ആര്‍എസ്എസ് നേതാക്കളടക്കം കുറെപ്പേര്‍ സമരത്തിലേക്ക് എത്തുന്നു. പുറത്തുനിന്നുള്ള ഇടപെടലുകളെ നാട്ടുകാരൊന്നാകെ ചോദ്യംചെയ്തപ്പോള്‍ സുരേഷ് ഏകാധിപതിയെപ്പോലെ പെരുമാറാന്‍ തുടങ്ങി. ഞാനടക്കമുള്ള നാട്ടുകാര്‍ ഒരുമിച്ച് നടത്തിയ സമരത്തിന്റെ വഴിമാറുന്നത് അവിടെനിന്നാണ്- സന്തോഷ് ലേഖനത്തില്‍ എഴുതുന്നു. 

മന്ത്രി ജി സുധാകരനുമായുള്ള ചര്‍ച്ചയില്‍ രണ്ടു നിര്‍ദേശങ്ങളാണ് അദ്ദേഹം മുന്നോട്ടുവച്ചത്. ആദ്യത്തേത്, കുറച്ച് വീടുകള്‍മാത്രം നഷ്ടമാകുന്ന കിഴക്ക് വശത്തുകൂടി റോഡ് നിര്‍മിക്കുക. രണ്ട്, പടിഞ്ഞാറ് ഭാഗത്തുകൂടി. അതില്‍ സമരനേതാക്കളുടെയടക്കം നിരവധി വീടുകള്‍ നഷ്ടമാകും. ചര്‍ച്ചയില്‍ സുരേഷ് കീഴാറ്റൂരടക്കം കിഴക്ക് ഭാഗത്തുകൂടി പോകാമെന്ന നിര്‍ദേശം അംഗീകരിച്ച് ചര്‍ച്ച വിജയകരമായി അവസാനിപ്പിക്കുന്നു. തിരിച്ചുവന്ന് സമരവിജയം പടക്കം പൊട്ടിച്ചും പ്രകടനവും പായസവിതരണവും നടത്തി ആഘോഷിച്ചു. സമരം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിക്കുന്നു. എന്നാല്‍, ദിവസങ്ങള്‍ക്കകം 'വയല്‍ക്കിളി കൂട്ടായ്മ' എന്ന പേരില്‍ കീഴാറ്റൂര്‍ വയലില്‍ സമരജ്വാല സംഘടിപ്പിക്കുന്നു. ഇതിനിടെ നടന്നത്, കിഴക്ക് ഭാഗത്ത് വീടുള്ള ചിലര്‍ വീട് വിട്ടുനല്‍കാന്‍ തയ്യാറല്ലെന്ന് പറഞ്ഞ് സുരേഷിനെ സമീപിച്ചു. അവരെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കേണ്ടതിനുപകരം വീട് വിട്ടുകൊടുക്കാന്‍ പാടില്ലെന്ന് പറഞ്ഞ് അവരെ എരിവുകേറ്റി സമരത്തിനിറക്കി. തികഞ്ഞ ഇരട്ടത്താപ്പ്. രണ്ടാംഘട്ടസമരം എന്ന രീതിയില്‍ പന്തലൊരുക്കുകയും മാധ്യമങ്ങളെ വിളിച്ചുകൂട്ടി മന്ത്രിയുമായുള്ള ചര്‍ച്ചയിലെടുത്ത തീരുമാനങ്ങളെ തള്ളിപ്പറയുകയും ചെയ്യുന്നു. പിന്നെ വാര്‍ത്താപ്രാധാന്യം കിട്ടാനായി കുറച്ച് സ്ഥലത്ത് കൃഷിയിറക്കുന്നു. സര്‍വേ തടയാന്‍ തീരുമാനിക്കുന്നു. പിന്നീടാണ് ഗാന്ധിയന്‍ രീതിയില്‍ സമരമെന്ന് പറഞ്ഞ് വയ്‌ക്കോല്‍ക്കൂനയ്ക്ക് തീയിട്ട് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് നാടിനെയാകെ ഭീഷണിയിലാഴ്ത്തിയത്. ഇത് ഏത് ഗാന്ധിയന്‍ സമരരീതിയാണ്?- സുരേഷ് ചോദിക്കുന്നു.

പൂക്കോത്ത്‌തെരുവിലൂടെ പോയ അലൈന്‍മെന്റ് അട്ടിമറിച്ചത് കോണ്‍ഗ്രസും ബിജെപിയും കൈകോര്‍ത്താണ്. കാരണം ഇരുപാര്‍ടികള്‍ക്കും തുല്യസ്വാധീനമുള്ള സ്ഥലമാണത്. കെ സുധാകരന്‍ സംസ്ഥാന സര്‍ക്കാരിലും പി കെ കൃഷ്ണദാസ് കേന്ദ്രത്തിലും സമ്മര്‍ദം ചെലുത്തിയാണ് അലൈന്‍മെന്റ് മാറ്റിയത്. അതുകൊണ്ടാണ് സുധാകരന്‍ ഇപ്പോഴും സമരത്തില്‍ അര്‍ധമനസ്സുമാത്രം നല്‍കുന്നതെന്ന് സുരേഷ് കീഴാറ്റൂര്‍ ലേഖനത്തില്‍ ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com