അപ്പുണ്ണിയെ കുരുക്കിയത് പൊലീസിന്റെ നാടകം ; കൂടുതൽ ആയുധങ്ങളും കണ്ടെത്തി

രാജേഷ് വധത്തിൽ കൊലയാളി സംഘം ഉപയോ​ഗിച്ച കൂടുതൽ ആയുധങ്ങൾ പൊലീസ് കണ്ടെത്തി
അപ്പുണ്ണിയെ കുരുക്കിയത് പൊലീസിന്റെ നാടകം ; കൂടുതൽ ആയുധങ്ങളും കണ്ടെത്തി

തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തിലെ പ്രധാന പ്രതി അപ്പുണ്ണിയെ പൊലീസ് കുരുക്കിയത് പൊലീസ് നടത്തിയ നാടകത്തിലൂടെ. എന്നാൽ ഈ നീക്കത്തിന് പിന്നിൽ പൊലീസാണെന്ന് മനസ്സിലാകാതെ അപ്പുണ്ണി, പൊലീസിന്റെ വലയിൽ വീഴുകയായിരുന്നു. രാജേഷിന്റെ വധത്തിന് ശേഷം കേസിലെ മുഖ്യപ്രതി അലിഭായിക്കൊപ്പം ബം​ഗളൂരുവിലേക്കാണ് അപ്പുണ്ണി പോയത്. അവിടെ നിന്നും ചെന്നൈയിലേക്ക് പോയതായും പൊലീസ് കണ്ടെത്തിയിരുന്നു. 

എന്നാൽ ചെന്നൈയിൽ സഹോദരിയുടെ വീട്ടിലെത്തിയ അപ്പുണ്ണി, പൊലീസ് പിന്തുടരുന്നതറിഞ്ഞ് അവിടെ നിന്ന് മുങ്ങി. പിന്നീട് തമിഴ്‌നാട്, കര്‍ണാടക, പുതുച്ചേരി, ഗോവ എന്നിവിടങ്ങളില്‍ അപ്പുണ്ണി ഒളിവിൽ കഴിഞ്ഞു. ഇതിനിടയ്ക്ക് കേരളത്തിലും വന്നുപോയി. പോലീസ് പിന്തുടരുന്നത് മനസ്സിലാക്കി അപ്പുണ്ണി ഒരിടത്തും ഒരു ദിവസത്തില്‍ കൂടുതല്‍ കഴിഞ്ഞിരുന്നില്ല.  ചെന്നൈയിലുള്ള ഗുണ്ടാ സുഹൃത്തുകളുടെ ഫോണിൽനിന്നുമായിരുന്നു ഇയാൾ പലപ്പോഴും മറ്റുള്ളവരുമായി ബന്ധപ്പെട്ടിരുന്നത്. 

ക്വട്ടേഷൻ സംഘങ്ങളെ കേന്ദ്രീകരിച്ച്  നടത്തിയ അന്വേഷണത്തിൽ ചിലഫോണുകളിൽ നിന്ന് ഖത്തറിലേക്ക് കോളുകൾ പോയിട്ടുള്ളതായി മനസ്സിലാക്കിയ അന്വേഷകസംഘം ഇയാളുടെ നീക്കങ്ങൾ കണ്ടെത്തുകയും പിൻതുടരുകയുമായിരുന്നു. പൊലീസ‌് സംഘം പിന്നാലെയുണ്ടെന്ന് മനസ്സിലാക്കിയ അപ്പുണ്ണി യാത്രചെയ്ത കാർ ഉപേക്ഷിച്ച് സഞ്ചാരം ദീർഘദൂര ബസുകളിലാക്കി. 

സഹോദരിയെയും അവരുടെ ഭര്‍ത്താവിനെയും നിരീക്ഷണത്തിലാക്കിയെങ്കിലും അപ്പുണ്ണിയെ കണ്ടെത്താനായിരുന്നില്ല. ഇയാള്‍ക്ക് എറണാകുളത്ത് ഒരു വനിതാസുഹൃത്തുണ്ടെന്ന് മനസ്സിലാക്കിയ പോലീസ് പിന്നീട് ആ വഴിക്ക് നീങ്ങി. അതിനിടെ എറണാകുളത്തെ ഒരു വക്കീലുമായി അപ്പുണ്ണി ബന്ധപ്പെടുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. എന്നാൽ ഇവർ നേരിട്ട് ബന്ധപ്പെടുന്നില്ലെന്നും പോലീസ് മനസ്സിലാക്കി. 

അപ്പുണ്ണി വനിതാസുഹൃത്തിനെയും വനിതാസുഹൃത്ത് വക്കീലിനെയും ബന്ധപ്പെടുകയായിരുന്നു. ഈ വനിതാസുഹൃത്തിനെ ചോദ്യംചെയ്ത പൊലീസ്, ഇവര്‍ വഴി വക്കീലിന് അപ്പുണ്ണിയെ കാണണമെന്നും അതിനായി ഒരിടത്തെത്തണമെന്നും ആവശ്യപ്പെട്ടു. വക്കീല്‍ നേരിട്ട് വന്നാല്‍ പ്രശ്‌നമാകും. അതിനാൽ മറ്റൊരാളെ അയയ്ക്കാമെന്നും നിര്‍ദേശം വെച്ചു. 

കാറിൽ ഒരാൾ മാത്രമേ ഉണ്ടാകാൻ പാടുള്ളൂ എന്നായിരുന്നു അപ്പുണ്ണി ആവശ്യപ്പെട്ടത്. അതനുസരിച്ച് പൊലീസ് നിർദേശിച്ച സ്ഥലത്തെത്തിയ അപ്പുണ്ണിയെ ബലപ്രയോ​ഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. അതിനിടെ രാജേഷ് വധത്തിൽ കൊലയാളി സംഘം ഉപയോ​ഗിച്ച കൂടുതൽ ആയുധങ്ങൾ പൊലീസ് കണ്ടെത്തി. അപ്പുണ്ണിയുമൊത്ത് നടത്തിയ തെളിവെടുപ്പിലാണ് ആയുധങ്ങൾ പിടിച്ചെടുത്തത്. കേസിലെ കൂട്ടുപ്രതി സനുവിന്റെ കൊല്ലം വള്ളിക്കീഴിലെ പുരയിടത്തിൽ നിന്നാണ് വാൾ കണ്ടെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com