ഗുരുവായൂരില്‍ ഇനി അന്യമതസ്ഥര്‍ക്കും പ്രസാദ ഊട്ട്; പാന്റ്‌സും ഷര്‍ട്ടും ധരിച്ചുമെത്താം

അന്നലക്ഷ്മി ഹാളില്‍ പ്രവേശിക്കുന്നതിന് വസ്ത്രധാരണത്തില്‍ ഉള്‍പ്പെടെ ഉണ്ടായിരുന്ന നിബന്ധനകളും എടുത്ത് കളഞ്ഞിട്ടുണ്ട്
ഗുരുവായൂരില്‍ ഇനി അന്യമതസ്ഥര്‍ക്കും പ്രസാദ ഊട്ട്; പാന്റ്‌സും ഷര്‍ട്ടും ധരിച്ചുമെത്താം

ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രസാദ ഊട്ടിലേക്ക് ഇനി അന്യമതസ്ഥരേയും പ്രവേശിപ്പിക്കും. ക്ഷേത്രത്തിനെ പുറത്തെ അന്നലക്ഷ്മി ഹാളില്‍ നടന്നു വരുന്ന പ്രസാദ ഊട്ടിന് ഇതുവരെ അഹിന്ദുക്കളെ പ്രവേശിപ്പിച്ചിരുന്നില്ല. എന്നാല്‍ ഈ രീതി മാറ്റുകയാണെന്ന് ദേവസ്വം ചെയര്‍മാന്‍ കെ.ബി.മോഹന്‍ദാസ് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കുന്നു. 

അന്നലക്ഷ്മി ഹാളില്‍ പ്രവേശിക്കുന്നതിന് വസ്ത്രധാരണത്തില്‍ ഉള്‍പ്പെടെ ഉണ്ടായിരുന്ന നിബന്ധനകളും എടുത്ത് കളഞ്ഞിട്ടുണ്ട്. പാന്റ്‌സ്, ഷര്‍ട്ട്, ബനിയന്‍ എന്നിവ ധരിച്ച് നേരത്തെ അന്നലക്ഷ്മി ഹാളില്‍ പ്രവേശിച്ച് ഭക്ഷണം കഴിക്കുന്നതിന് നേരത്തെ അനുമതിയുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അഹിന്ദുക്കള്‍ക്ക് ഉള്‍പ്പെടെ ഷര്‍ട്ട്‌സും പാന്റ്‌സും, ചെരുപ്പും ധരിച്ചും പ്രസാദ ഊട്ടില്‍ പങ്കെടുക്കാം. 

നേരത്തെ ക്ഷേത്രത്തിന് ഉള്ളില്‍ തന്നെയായിരുന്നു പ്രസാദ ഊട്ട് നടത്തിയിരുന്നത്. എന്നാല്‍ മൂന്ന് വര്‍ഷം മുന്‍പ് ഇത് ക്ഷേത്രത്തിന് പുറത്തെ അന്നലക്ഷ്മി ഹാളിലേക്ക് മാറ്റുകയായിരുന്നു. ക്ഷേത്രത്തിന് പുറത്തേക്ക് മാറ്റി എങ്കിലും ക്ഷേത്രാചാര പ്രകാരമുള്ള മര്യാദകള്‍ പിന്തുടരുകയായിരുന്നു. 

ലുങ്കി ധരിച്ചെത്തുന്നതിനും, മൊബൈല്‍ ഫോണ്‍ കയ്യില്‍ വയ്ക്കുന്നതിനുമുള്ള വിലക്ക് തുടരും. നിലവില്‍ പ്രസാദ ഊട്ടിന് 816 പേര്‍ക്ക് ഒരേ സമയം പങ്കെടുക്കാം. വൈശാഖമാസം ആരംഭിച്ചത് മുതല്‍ 400 സീറ്റുകള്‍ കൂടി ഏര്‍പ്പെടുത്തുകയായിരുന്നു. രാവിലെ  ഏഴ് മുതല്‍ ഒന്‍പതു വരെയാണ് പ്രഭാത ഭക്ഷണം. രാവിലെ 10.30 മുതല്‍ 1.30 വരേയും, രാത്രി അത്താഴ നിവേദ്യത്തിന് ശേഷവും പ്രസാദ ഊട്ടായി ഊണ് വിളമ്പും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com