സരിതയുടെ കത്തില്‍ ഗണേഷ് നാലുപേജുകള്‍ എഴുതിച്ചേര്‍ത്തു ; മന്ത്രിയാക്കാത്തതിലുള്ള വിരോധമെന്ന് ഉമ്മന്‍ചാണ്ടി കോടതിയില്‍

മന്ത്രിസഭയില്‍ തിരിച്ചെടുക്കാത്തതില്‍ ഗണേഷ് പ്രതികാരം തീര്‍ക്കുകയായിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി
സരിതയുടെ കത്തില്‍ ഗണേഷ് നാലുപേജുകള്‍ എഴുതിച്ചേര്‍ത്തു ; മന്ത്രിയാക്കാത്തതിലുള്ള വിരോധമെന്ന് ഉമ്മന്‍ചാണ്ടി കോടതിയില്‍

പത്തനംതിട്ട : സോളാര്‍ വിവാദത്തില്‍ സരിത എസ് നായരുടെ കത്തിന് പിന്നില്‍ കെ ബി ഗണേഷ് കുമാറെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഗണേഷ് കുമാര്‍ വിരോധം തീര്‍ക്കുകയായിരുന്നു. കൊട്ടാരക്കര ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഉമ്മന്‍ചാണ്ടി മൊഴി നല്‍കിയത്. 

സരിതയുടെ വിവാദ കത്തിലെ നാലു പേജുകള്‍ വ്യാജമാണ്. ഈ പേജുകള്‍ വ്യാജമായി നിര്‍മ്മിച്ചതാണ്. ഇത് കത്തിനൊപ്പം കൂട്ടിചേര്‍ക്കുകയായിരുന്നു. ഇതിന് പിന്നില്‍ ഗണേഷ് കുമാറാണ്. മന്ത്രിസഭയില്‍ തിരിച്ചെടുക്കാത്തതില്‍ ഗണേഷ് പ്രതികാരം തീര്‍ക്കുകയായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി മൊഴിയില്‍ വ്യക്തമാക്കി.

യഥാര്‍ത്ഥ കത്തില്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ക്കെതിരെ ലൈംഗികാരോപണങ്ങള്‍ കൂട്ടിച്ചേര്‍ത്തതിന് പിന്നില്‍ ഗണേഷ്‌കുമാറാണെന്നും സരിതയുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. 21 പേജുള്ള യഥാര്‍ത്ഥ കത്തില്‍ ഒരു നേതാവിനെതിരെയും ലൈംഗികാരോപണങ്ങള്‍ സരിത ഉന്നയിച്ചിരുന്നില്ല. ഗണേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം ഇവ കൂട്ടിച്ചേര്‍ക്കുകയായിരുന്നുവെന്നായിരുന്നു ഫെനിയുടെ വെളിപ്പെടുത്തല്‍. 

പത്തനംതിട്ട ജയിലില്‍ നിന്ന് താന്‍ വാങ്ങികൊണ്ടുവന്ന 21 പേജുള്ള സരിതയുടെ കത്ത് ജയില്‍ സൂപ്രണ്ട് കണ്ട് ബോധ്യപ്പെട്ടതാണെന്ന് ഫെനി വ്യക്തമാക്കിയിരുന്നു. കത്തില്‍ 21 പേജാണെന്നും ജയില്‍ രേഖകളിലും വ്യക്തമാക്കുന്നുണ്ട്. കത്ത് ജയിലിനു പുറത്തുള്ള ഗണേഷ്് കുമാറിന്റെ പി.എ പ്രദീപിന് കൈമാറുകയായിരുന്നു. സരിതയുടേത് 21 പേജുള്ള കത്താണെന്ന് ജയില്‍ സൂപ്രണ്ട് ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ വെളിപ്പെടുത്തിയിരുന്നതായും ഫെനി പറഞ്ഞു. 

2015 മാര്‍ച്ച് 13 ന് കൊട്ടാരക്കാരയില്‍ വെച്ച് ബാലകൃഷ്ണപിള്ളയുടെ അനന്തരവനും കേരള കോണ്‍ഗ്രസ് ബി നേതാവുമായ ശരണ്യ മനോജും ഗണേഷ്‌കുമാറിന്റെ പി.എ പ്രദീപും സരിതയും താനുമായി കൂടിക്കാഴ്ച നടത്തി. 21 പേജുള്ള യഥാര്‍ത്ഥ കത്തില്‍ ചില നേതാക്കളുടെ പേരുകളും ലൈംഗികാരോപണങ്ങളും കൂട്ടിച്ചേര്‍ക്കണമെന്ന് ഗണേഷ് കുമാര്‍ അറിയിക്കുകയായിരുന്നു. കോണ്‍ഗ്രസ് നേതാക്കളുടെ പേരും ലൈംഗിക ആരോപണങ്ങളും ഇങ്ങനെയാണ് കൂട്ടിച്ചേര്‍ത്തത്. ഗണേഷ് കുമാറിനെ മന്ത്രിയാക്കാത്തതിലുള്ള വിരോധം കാരണമാണ് ഇത്തരം കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുന്നതെന്ന് ശരണ്യ മനോജ് പറഞ്ഞതായും ഫെനി വെളിപ്പെടുത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com