കൃഷ്ണന്റെയും കുടുംബത്തിന്റെയും ജീവന്‍ എടുത്തത് ഫലിക്കാതെ പോയ നിധിതേടല്‍ 

വണ്ണപ്പുറം കമ്പകക്കാനത്ത് ഗൃഹനാഥന്റെയും കുടുംബത്തിന്റെയും കൊലപാതകത്തിന് പിന്നില്‍ 'ഫലിക്കാതെപോയ' ആഭിചാരക്രിയയുടെ പേരിലുള്ള സാമ്പത്തിക തര്‍ക്കമെന്നു സൂചന
കൃഷ്ണന്റെയും കുടുംബത്തിന്റെയും ജീവന്‍ എടുത്തത് ഫലിക്കാതെ പോയ നിധിതേടല്‍ 

തൊടുപുഴ : വണ്ണപ്പുറം കമ്പകക്കാനത്ത് ഗൃഹനാഥന്റെയും കുടുംബത്തിന്റെയും കൊലപാതകത്തിന് പിന്നില്‍ 'ഫലിക്കാതെപോയ' ആഭിചാരക്രിയയുടെ പേരിലുള്ള സാമ്പത്തിക തര്‍ക്കമെന്നു സൂചന. തമിഴ്‌നാട്ടില്‍ നിധിശേഖരം കണ്ടെത്തി നല്‍കാമെന്നു കൃഷ്ണന്‍ ചിലരോടു പറഞ്ഞിരുന്നു എന്ന അഭ്യൂഹത്തിനു  പിന്നാലെയാണു പോലീസിന്റെ യാത്ര.

ഞായറാഴ്ച രാത്രിയായിരുന്നു കൂട്ടക്കൊലപാതകം. തന്റെ ആഭിചാരക്രിയകള്‍ ഫലിക്കാത്തതിനു പ്രതിവിധി തേടി വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായി കൃഷ്ണന്‍ മൂന്നു ജ്യോത്സ്യന്മാരെ സമീപിച്ചിരുന്നു. കൃഷ്ണന്‍ വളരെ വ്യാകുലപ്പെട്ടിരുന്നെന്നും തന്നെ കാണാനെത്തുന്നവരോട് എന്തു പറയണമെന്ന് അറിയില്ലെന്ന് പറഞ്ഞിരുന്നെന്നും ഇവര്‍ പോലീസിനു മൊഴി നല്‍കി. ആഭിചാരത്തിനായി തനിക്കു പണം നല്‍കിയ ഇവര്‍ എത്തുന്നതിനു മുമ്പ് ദോഷപരിഹാരത്തിനായിരുന്നു കൃഷ്ണന്റെ ശ്രമം.

മന്ത്രവാദത്തെച്ചൊല്ലി തര്‍ക്കമുള്ള സംഘം കൃഷ്ണനെയും കുടുംബത്തെയും വകവരുത്തിയതാകാമെന്ന് പൊലീസ് അനുമാനിക്കുന്നു. 
ആക്രമിക്കപ്പെടുമെന്നു ഭയന്നിരുന്ന കൃഷ്ണന്‍ വീട്ടിലെ ഓരോ മുറിയിലും ആയുധങ്ങള്‍ കരുതിവച്ചിരുന്നു.  ഇവയാണ് കൃഷ്ണനെയും ഭാര്യയെയും രണ്ടു മക്കളെയും വകവരുത്താന്‍ കൊലയാളികള്‍ ആയുധമാക്കിയതെന്ന് പൊലീസ് കണ്ടെത്തി. ഇവ  മൃഗബലിക്ക് ഉപയോഗിച്ചിരുന്നതാണന്നാണ്  സൂചന. കൊലയാളി സംഘാംഗങ്ങളുടേതെന്നു കരുതുന്ന പതിനാലോളം വിരലടയാളങ്ങള്‍ പോലീസിനു ലഭിച്ചു.

അതേസമയം കൃഷ്ണന്റെ വീട്ടില്‍ പതിവായി വരാറുണ്ടായിരുന്ന യുവാവിനെ ചോദ്യം ചെയ്യണമെന്ന് സഹോദരന്‍ യജ്ഞേശ്വരന്‍ ആവശ്യപ്പെട്ടു. 
താടിയുള്ള ഈ യുവാവ് ബൈക്കിലെത്തി കൃഷ്ണനെ പതിവായി കൂട്ടിക്കൊണ്ടുപോകുമായിരുന്നു. കൊലയ്ക്ക് ശേഷം ഇയാളെ കാണാനില്ലെന്ന് സഹോദരന്‍ പറഞ്ഞു 

കേസില്‍ രണ്ടുപേരെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ ഇടുക്കി സ്വദേശികളാണ്. സ്ഥലക്കച്ചവടവും മന്ത്രവാദവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട കൃഷ്ണനുമായി പണമിടപാട് നടത്തിയിരുന്നവരാണ് കസ്റ്റഡിയിലുള്ളതെന്നാണ് സൂചന. കസ്റ്റഡിയിലുള്ള ഒരാള്‍ നെടുങ്കണ്ടം സ്വദേശിയാണ്. ഇയാള്‍ക്ക് സ്ഥലവില്‍പ്പനയുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട കൃഷ്ണനുമായി തര്‍ക്കമുണ്ടെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആറോളം പേരെ നേരത്തെ വിശദമായി ചോദ്യം ചെയ്തിരുന്നു. കൊല്ലപ്പെട്ട ഗൃഹനാഥന്‍ കൃഷ്ണന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് സംശയ നിഴലിലുള്ള 20 ഓളം പേരുടെ പട്ടിക അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്. സംഭവ സ്ഥലത്തിന് സമീപമുള്ള കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. സ്‌പെക്ട്ര സാങ്കേതിക വിദ്യ ഉപയോഗിച്ച് ഫോണ്‍ ടവര്‍ കേന്ദ്രികരിച്ച് കോള്‍ വിവരങ്ങള്‍ വിശകലനം ചെയ്യും. കൊല്ലപ്പെട്ട നാല് പേരുടെയും ഫോണ്‍ വിവരങ്ങളും പൊലീസ് പരിശോധിച്ചു. കൊലപാതകത്തിന് പിന്നില്‍ പ്രൊഫഷണല്‍ കൊലപാതകികള്‍ അല്ലെന്നും പോലീസ് സൂചിപ്പിച്ചു.

തൊടുപുഴ ഡിവൈഎസ്പി കെ.പി. ജോസിന്റെ നേതൃത്വത്തില്‍ കാളിയാര്‍, തൊടുപുഴ, കഞ്ഞിക്കുഴി സിഐമാരും പൊലീസുകാരും സൈബര്‍ വിഭാഗവും ഉള്‍പ്പെട്ട 40 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. അഞ്ച് സംഘങ്ങളായാണ് അന്വേഷണം. ബുധനാഴ്ച രാവിലെയാണ് വണ്ണപ്പുറം കമ്പകക്കാനം കാനാട്ട് വീട്ടില്‍ കൃഷ്ണന്‍ (54), ഭാര്യ സുശീല (50), മക്കളായ ആര്‍ഷ (21), അര്‍ജുന്‍ (17) എന്നിവരെ വീടിനു സമീപം കൊന്ന് കുഴിച്ചുമൂടിയനിലയില്‍ കണ്ടെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com