വണ്ണപ്പുറം കൂട്ടക്കൊല : തിരുവനന്തപുരത്ത് നിന്നും ഒരാള്‍ പിടിയില്‍ 

കൊല്ലപ്പെട്ട കൃഷ്ണന്റെ വീട്ടില്‍ നിന്ന്  ആറ് വിരലടയാളങ്ങള്‍ പൊലീസിന് ലഭിച്ചു
വണ്ണപ്പുറം കൂട്ടക്കൊല : തിരുവനന്തപുരത്ത് നിന്നും ഒരാള്‍ പിടിയില്‍ 


തൊടുപുഴ : ഇടുക്കി വണ്ണപ്പുറം കമ്പകക്കാനത്ത് ഇടുക്കി കമ്പകക്കാനത്ത് ഗൃഹനാഥനെയും ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി വീടിന് സമീപം കുഴിച്ചിട്ട സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. തിരുവനന്തപുരം പാങ്ങോട് നിന്നാണ് ഇയാളെ പിടികൂടിയത്. ഷിബു എന്നയാളെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ഇടുക്കിയിലേക്ക് കൊണ്ടുവരികയാണ്. 

നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്ത നെടുങ്കണ്ടം സ്വദേശിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണോ, ഇയാളെ പിടികൂടിയത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. മന്ത്രവാദവുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ ഇപ്പോഴത്തെ നിഗമനം. 

ചോദ്യം ചെയ്യാനായി പൊലീസ് നാലുപേരെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട ഗൃഹനാഥന്‍ കൃഷ്ണനുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന നെടുങ്കണ്ടം സ്വദേശിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. നാലു സംഘങ്ങളായാണ് അന്വേഷണം മുന്നേറുന്നത്. കസ്റ്റഡിയിലുള്ളവരെ ചെറുതോണി, പൈനാവ് ക്യാംപുകളിലും, വിവിധ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലായി ചോദ്യം ചെയ്യുകയാണ്. സംശയമുള്ളവരെയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നുണ്ട്. 

അതിനിടെ കൃഷ്ണന്റെ വീട്ടില്‍ നിന്ന് വീട്ടുകാരുടേത് അല്ലാതെ ആറ് വിരലടയാളങ്ങള്‍ പൊലീസിന് ലഭിച്ചു. ഇത് അക്രമികളുടേതാണെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. സംശയത്തിന്റെ നിഴലിലുള്ള ഏതാനും പേരുടെ പട്ടിക പൊലീസ് നേരത്തെ തയ്യാറാക്കിയിരുന്നു. ഇതുമായി പൊലീസ് ലഭിച്ച വിരലടയാളങ്ങള്‍ ഒത്തുനോക്കും. ബന്ധുക്കള്‍ അടക്കമുള്ളവരുടെ വിരലടയാളങ്ങളും പൊലീസ് പരിശോധിക്കും. ഇതുവഴി അന്വേഷണത്തില്‍ നിര്‍ണായക പുരോഗതി ഉണ്ടാകുമെന്നാണ് പൊലീസിന്റെ നിഗമനം. 

ചോര തീര്‍ന്ന് അറപ്പു തീര്‍ന്നവരാണ് അക്രമികള്‍ എന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. മുമ്പും ഇത്തരം ക്രൂരകൃത്യം ചെയ്തവരാണ് പ്രതികള്‍. കാരണം അത്ര നിഷ്ഠൂരമായാണ് കൃഷ്ണനെയും മറ്റുള്ളവരെയും കൊന്നത്. കൂടാതെ മൃതദേഹം വീടിന് സമീപം കുഴിച്ചിടുകയും ചെയ്തു. ഇത് അക്രമികളുടെ മാനസിക നില വ്യക്തമാക്കുന്നതായും പൊലീസ് സൂചിപ്പിക്കുന്നു. കൂടാതെ കൃഷ്ണന്‍ ആരെയൊക്കെയോ ഭയന്നിരുന്നതായി പൊലീസിന് തെളിവ് ലഭിച്ചു. വീട്ടില്‍ മിക്ക മുറികളിലും ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നു. ഈ ആയുധങ്ങള്‍ തന്നെയാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും പൊലീസ് വിലയിരുത്തുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com