

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഡാമിലെ ജലനിരപ്പ് 136 അടിയായി. ഇതോടെ ആദ്യ ഘട്ട ജാഗ്രതാ നിര്‍ദേശം നല്‍കി. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുകയാണ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്കിലും നല്ല വര്‍ധനവുണ്ട്. 142 അടിയാണ് അണക്കെട്ടിന്റെ സംഭരണ ശേഷി.
142 അടിയിലെത്തിയാലുടന്‍ കൂടുതല്‍ വെള്ളം തമിഴ്നാട്ടിലേക്കൊഴുക്കും. തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകാന്‍ പറ്റാത്ത വിധം മഴ കൂടിയാല്‍ മാത്രമേ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തി ഇടുക്കി ഡാമിലേക്ക് വെള്ളം ഒഴുക്കാന്‍ തമിഴ്നാട് തയ്യാറാകുവെന്നാണ് സൂചന. അതേസമയം, സ്പില്‍വേ തുറന്ന് പെട്ടെന്ന് അധികജലം ഒഴുക്കിയാല്‍ പെരിയാറിൽ വെള്ളപ്പൊക്കത്തിന് കാരണമായേക്കും.
400 ഘനയടി വീതം വെള്ളംകൊണ്ടുപോകാന്‍ ശേഷിയുള്ള നാല് പെന്‍സ്റ്റോക്ക് പൈപ്പുകളിലൂടെയാണ് തമിഴ്‌നാട് ആദ്യം കൂടുതല്‍ വെള്ളം കൊണ്ടുപോകുക. പിന്നീട് വേണ്ടിവന്നാല്‍ ഇറച്ചിപ്പാലം കനാലിലൂടെ കൂടുതല്‍ വെള്ളം ഒഴുക്കും. മുല്ലപ്പെരിയാര്‍ സംഭരണിയിലെ ജലനിരപ്പ് ഇപ്പോഴത്തെ 142-ല്‍ നിന്ന് 152 അടിയാക്കി ഉയര്‍ത്തണമെന്നാണ് ഇപ്പോൾ തമിഴ്നാടിന്റെ ആവശ്യം. എന്നാൽ കേരളം ഈ നീക്കത്തെ എതിർക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates