18 വരെ കനത്ത മഴയ്ക്ക് സാധ്യത ;സംസ്ഥാനത്തെ 33 ഡാമുകൾ തുറന്നു

പമ്പാ നദി കരകവിഞ്ഞ് ഒഴുകിയതോടെ റാന്നി ടൗൺ, ഇട്ടിയപ്പാറ, വടശേരിക്കര തുടങ്ങിയ സ്ഥലങ്ങൾ വെള്ളത്തിനടിയിലായി
18 വരെ കനത്ത മഴയ്ക്ക് സാധ്യത ;സംസ്ഥാനത്തെ 33 ഡാമുകൾ തുറന്നു

തിരുവനന്തപുരം :  കേരളത്തില്‍ മഴ വീണ്ടും ശക്തമായി. പതിനെട്ടാം തീയതി വരെ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. മണിക്കൂറിൽ 60 കിലോമീറ്റർ വേ​ഗതയിൽ കാറ്റ് വീശിയേക്കുമെന്നാണ് അറിയിപ്പ്. തീരപ്രദേശങ്ങളിലുള്ളവർ ജാ​ഗ്രത പാലിക്കണമെന്ന് ആവസ്യപ്പെട്ടിട്ടുണ്ട്. 

ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള അപകട സാധ്യതകള്‍ കണക്കിലെടുത്ത് ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ്  റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.  ഇടുക്കിയില്‍ 17 വരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ 16 വരെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ തീരത്തിനടുത്ത് രൂപം കൊണ്ട ന്യൂനമര്‍ദം അതിശക്ത ന്യൂനമര്‍ദമായി മാറിയിരിക്കുകയാണ്. ഇതാണ് മഴ കനക്കാൻ കാരണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. 

ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് സംസ്ഥാനത്തെ 33 ഡാമുകൾ തുറന്നിരിക്കുകയാണ്. പമ്പാ നദി കരകവിഞ്ഞ് ഒഴുകിയതോടെ റാന്നി ടൗൺ, ഇട്ടിയപ്പാറ, വടശേരിക്കര തുടങ്ങിയ സ്ഥലങ്ങൾ വെള്ളത്തിനടിയിലായി. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി. പമ്പയിൽ വെള്ളം കയറിയതിനെ തുടർന്ന് ശബരിമല ഒറ്റപ്പെട്ട അവസ്ഥയിലാണ്. 

ഭാരതപ്പുഴ കരകവിഞ്ഞൊഴുകിയതോടെ നിരവധി വീടുകളിൽ വെള്ളം കയറി. പൊന്നാനി, തിരുനാവായ, കുറ്റിപ്പുറം എന്നിവിടങ്ങളിലാണ് വീടുകളിൽ വെള്ളം കയറിയത്. കനത്ത മഴയും മലമ്പുഴ അണക്കെട്ട് തുറന്നതുമാണ് ഭാരതപുഴയിൽ വെള്ളം കൂടാൻ കാരണമായത്. റൺവേയിൽ വെള്ളം കയറിയതിനെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ പ്രവർത്തനം ഉച്ചയ്ക്ക് രണ്ടു മണി വരെ പൂർണമായും നിർത്തിവെച്ചു. നെടുമ്പാശ്ശേരിയിലേക്ക് വന്ന വിമാനങ്ങളെല്ലാം വഴി തിരിച്ചു വിട്ടു. ഉരുൾ പൊട്ടലിനെ തുടർന്ന് കോട്ടയം- കുമളി റോഡിൽ ​ഗതാ​ഗതം സ്തംഭിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com