'ഒരുമാസം കൊണ്ട് ജോലി തരാന്‍ ആരും എടുത്തുവെച്ചിട്ടില്ല' ; മന്ത്രി എം എം മണി അവഹേളിച്ചെന്ന് സനലിന്റെ ഭാര്യ വിജി

നെയ്യാറ്റിന്‍കരയില്‍ ഡിവൈഎസ്പി ഹരികുമാര്‍ കൊലപ്പെടുത്തിയ സനല്‍കുമാറിന്റെ കുടുംബത്തെ മന്ത്രി മണി അവഹേളിച്ചതായി ആക്ഷേപം
'ഒരുമാസം കൊണ്ട് ജോലി തരാന്‍ ആരും എടുത്തുവെച്ചിട്ടില്ല' ; മന്ത്രി എം എം മണി അവഹേളിച്ചെന്ന് സനലിന്റെ ഭാര്യ വിജി

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ ഡിവൈഎസ്പി ഹരികുമാര്‍ വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സനല്‍കുമാറിന്റെ കുടുംബത്തെ മന്ത്രി എം എം മണി അവഹേളിച്ചതായി ആക്ഷേപം. ഒരുമാസം കൊണ്ട് ജോലി തരാന്‍ ആരും എടുത്തുവെച്ചിട്ടില്ല. മുഖ്യമന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും കയ്യില്‍ ജോലി ഇരിപ്പില്ല. മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെങ്കില്‍ സമരം കിടക്കാതെ മുഖ്യമന്ത്രിയെ പോയി കാണണമെന്ന് മന്ത്രി മണി ആവശ്യപ്പെട്ടു. 

കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി, മന്ത്രി മണിയെ വിളിച്ച് സമരത്തിന്റെ കാര്യം അറിയിച്ചപ്പോഴാണ് മണി ഇത്തരത്തില്‍ പ്രതികരിച്ചത്. തോന്ന്യാസത്തിന് സമരം ചെയ്താല്‍ ജോലി തരാനാകില്ലെന്നും മണി പറഞ്ഞു. എന്തിനാണ് സമരം നടത്തുന്നത് ?,  ആരാണ് നിങ്ങള്‍ക്ക് പിന്നിലെന്നും മണി ചോദിച്ചു. 

കുടുംബത്തിന് ജോലി അടക്കമുള്ള സഹായങ്ങള്‍ മൂന്നുമന്ത്രിമാര്‍ വീട്ടിലെത്തി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ ഒരു സഹായവും കിട്ടിയിട്ടില്ല. ഈ സാഹചര്യത്തിലാണ് സമരം നടത്തിയതെന്ന് വിജി മന്ത്രിയോട് പറഞ്ഞു. അപ്പോള്‍ സമരം നടത്താതെ, മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെങ്കില്‍ അദ്ദേഹത്തെ പോയി വീണ്ടും കാണണമെന്ന് മണി നിര്‍ദേശിച്ചു. 

സമരത്തിന് പിന്നില്‍ ആക്ഷന്‍ കൗണ്‍സില്‍ ആണ് ഉള്ളതെന്ന വിജിയുടെ മറുപടിയോടാണ്, ഒരുമാസം കൊണ്ട് ജോലി നല്‍കാന്‍ ആരും ജോലി എടുത്തുവെച്ചിട്ടില്ലെന്ന് മന്ത്രി പ്രതികരിച്ചത്. ജോലി നല്‍കാമെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന് അതിന്റേതായ സമയം എടുക്കുമെന്നും മന്ത്രി പറഞ്ഞു. 

മറ്റുമന്ത്രിമാരെ ഫോണില്‍ വിളിച്ചെങ്കിലും ആരും എടുത്തിരുന്നില്ല. സര്‍ക്കാരിന്റെ തുടര്‍ച്ചയായ നിലപാട് വേദനിപ്പിക്കുകയാണെന്ന് വിജി പറഞ്ഞു. രണ്ടു തവണ ഇക്കാര്യം സൂചിപ്പിച്ച് മുഖ്യമന്ത്രിയെ കണ്ടെങ്കിലും പരിഗണിക്കാം എന്ന വാക്കല്ലാതെ, ഒരു സഹായവും ലഭിച്ചില്ലെന്നും വിജി പറഞ്ഞു. സെക്രട്ടേറിയറ്റ് പടിക്കല്‍ നീതി തേടി വിജിയും കുട്ടികളും നടത്തുന്ന സമരം പത്താംദിവസത്തിലേക്ക് കടന്നു. 
 
നെയ്യാറ്റിൻകരയിൽ വെച്ച് തന്റെ കാറിന് മുന്നിൽ വാഹനം പാർക്കുചെയ്തതിൽ പ്രകോപിതനായി ഡിവൈഎസ്പി ഹരികുമാർ സനൽകുമാറിനെ മർദിക്കുകയും, റോഡിലൂടെ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് മുന്നിലേക്ക് തള്ളിയിടുകയുമായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ സനൽ ആശുപത്രിയിൽ വെച്ച് മരിച്ചു. സംഭവം വിവാദമായതോടെ ഹരികുമാറിനെതിരെ ക്രിമിനൽ കേസെടുത്തു. തുടർന്ന്  ഒളിവിൽ പോയ ഹരികുമാറിനെ പിന്നീട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com