പിന്നോട്ടില്ലെന്ന് റമ്പാന്‍, കോടതി വിധി നടപ്പാക്കുന്നതുവരെ പളളിയില്‍ തുടരും;  യാക്കോബായ വിഭാഗക്കാരുടെ പ്രതിഷേധം തുടരുന്നു

കോടതിവിധിയുടെ പശ്ചാത്തലത്തില്‍ പ്രാര്‍ത്ഥനയ്ക്കായി കോതമംഗലം ചെറിയപള്ളിയില്‍ എത്തിയ ഓര്‍ത്തഡോക്‌സ് റമ്പാനെ വിശ്വാസികള്‍ തടഞ്ഞിട്ട് 18 മണിക്കൂര്‍ പിന്നിടുന്നു
പിന്നോട്ടില്ലെന്ന് റമ്പാന്‍, കോടതി വിധി നടപ്പാക്കുന്നതുവരെ പളളിയില്‍ തുടരും;  യാക്കോബായ വിഭാഗക്കാരുടെ പ്രതിഷേധം തുടരുന്നു

കോതമംഗലം: കോടതിവിധിയുടെ പശ്ചാത്തലത്തില്‍ പ്രാര്‍ത്ഥനയ്ക്കായി കോതമംഗലം ചെറിയപള്ളിയില്‍ എത്തിയ ഓര്‍ത്തഡോക്‌സ് റമ്പാനെ വിശ്വാസികള്‍ തടഞ്ഞിട്ട് 18 മണിക്കൂര്‍ പിന്നിടുന്നു. നൂറുകണക്കിന് യാക്കോബായ വിശ്വാസികള്‍ പള്ളി അങ്കണത്തില്‍ റമ്പാനും 4 ഓര്‍ത്തഡോക്‌സ് വിശ്വാസികളും വന്ന വാഹനത്തിന് മുന്നില്‍ പ്രതിഷേധം തുടരുകയാണ്. അതേസമയം കോടതി വിധി നടപ്പാക്കുന്നതുവരെ പിന്നോട്ടില്ലെന്നും പളളിയില്‍ തന്നെ തുടരുമെന്നും റമ്പാന്‍ തോമസ് പോള്‍ അറിയിച്ചു. വന്‍ പൊലീസ് സംഘം പള്ളി പരിസരത്ത് തമ്പടിച്ചിരിക്കുകയാണ്.

ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട റമ്പാന്റെ ഡ്രൈവറെ
പൊലീസ് പുലര്‍ച്ചെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം പിറവം പള്ളിത്തര്‍ക്കത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കാന്‍ പോലിസ് സംരക്ഷണം തേടി ഓര്‍ത്തഡോക്‌സ് വിഭാഗം നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ഇന്നലെ രാവിലെ പ്രാര്‍ഥനയ്ക്ക് എത്തിയ ഓര്‍ത്തഡോക്‌സ് റമ്പാന്‍ തോമസ് പോളിനെ യാക്കോബായ വിഭാഗക്കാര്‍ തടഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. യാക്കോബായ വിഭാഗത്തിലെ സ്ത്രീകള്‍ അടക്കമുള്ള വന്‍ സംഘം റമ്പാനെ തടയുകയായിരുന്നു. പള്ളിക്കു മുന്നില്‍ നിലത്ത് വീണുകിടന്ന് ഇവര്‍ പ്രതിരോധം തീര്‍ത്തു. റമ്പാന്‍ ഗോ ബാക്ക് എന്നു വിളിച്ചുകൊണ്ടായിരുന്നു പ്രതിരോധം. ഒരു വിഭാഗം പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയെങ്കിലും കൂടുതല്‍ പേര്‍ പള്ളിയിലെത്തി. ഇതോടെ സംഘര്‍ഷം കനത്തു. 

ഓര്‍ത്തഡോക്‌സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കമുള്ള പള്ളിയില്‍ സുപ്രിം കോടതി വിധിയോടെ നിയമപരമായി അധികാരം ഓര്‍ത്തഡോക്‌സ് വിഭാഗത്തിനാണ്. എന്നാല്‍ ഭൂരിപക്ഷം വിശ്വാസികളും യാക്കോബായ പക്ഷത്തായതിനാല്‍ വിധി നടപ്പാക്കാനായിട്ടില്ല. ഇതിനിടെ ഓര്‍ത്തഡോക്‌സ് പക്ഷത്തിന് ആരാധനയ്ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് മുന്‍സിഫ് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ യാക്കോബായ വിഭാഗം ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. കോടതി വിധി നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയതിന് പൊലീസിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com