'നിങ്ങളേതാ ചാനല്‍? നിങ്ങള്‍ ഞങ്ങളെ ഭക്തരായി കാണില്ല'

'നിങ്ങളേതാ ചാനല്‍? നിങ്ങള്‍ ഞങ്ങളെ ഭക്തരായി കാണില്ല'

ശബരിമല ദര്‍ശനത്തിന് എത്തുന്നത് ആക്ടിവിസത്തിന്റെ ഭാഗമല്ലെ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട് ശക്തമായി പ്രതികരിച്ച് ദര്‍ശനത്തിനെത്തിയ യുവതി

പമ്പ: ശബരിമല ദര്‍ശനത്തിന് എത്തുന്നത് ആക്ടിവിസത്തിന്റെ ഭാഗമല്ലെ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട് ശക്തമായി പ്രതികരിച്ച് ദര്‍ശനത്തിനെത്തിയ യുവതി. ശരിയായ കാര്യങ്ങള്‍ പറഞ്ഞുകഴിഞ്ഞാല്‍ ആക്റ്റിവിസ്റ്റ് എന്ന് മുദ്രകുത്തുന്ന രീതി ശരിയല്ലെന്നും അതിലേക്കെത്തിക്കുന്നതില്‍ മാധ്യമങ്ങള്‍ക്കും പങ്കുണ്ടെന്നും യുവതി പറഞ്ഞു. ഇന്ന് രാവിലെ ശബരിമല ദര്‍ശനത്തിനായി എത്തിയ കൊയിലാണ്ടി സ്വദേശിനി ബിന്ദുവാണ് റേറ്റിങ് കൂട്ടാനായുള്ള മാധ്യമങ്ങളുടെ ശ്രമത്തിനെതിരെ പ്രതികരിച്ചത്. 

പബ്ലിസിറ്റിക്കും മാധ്യമശ്രദ്ധയ്ക്കുമായല്ലെ ഇപ്പോള്‍ ശബരിമല കയറാനെത്തിയത് എന്ന ചോദ്യത്തിന് ജനം ടിവി റിപ്പോര്‍ട്ടറുടെ കൈയ്യില്‍ നിന്ന് മൈക്ക് വാങ്ങി ലോഗോ നോക്കിയ ശേഷം അതേ മൈക്കിലൂടെയായിരുന്നു യുവതിയുടെ പ്രതികരണം. 'ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നും മാധ്യമശ്രദ്ധ ആകര്‍ഷിക്കാനാണെന്നും ജനം ടിവി പറഞ്ഞു. ജനം ടിവി പോലെയുള്ള ചാനലുകളെ ജനങ്ങള്‍ തിരിച്ചറിയും. നിലവില്‍ കേരള സര്‍ക്കാരിലും കേരളത്തിലെ പൊലീസ് സേനയിലും വിശ്വാസമുണ്ട്. ഭക്തിയോടുകൂടെ മാലയിട്ട് കെട്ടുനിറച്ച് വരുന്ന ഞങ്ങളെ ഭക്തരായി കാണുന്നില്ലെങ്കില്‍ നിങ്ങള്‍ ആരെയാണ് ഭക്തരായി കാണുന്നതെന്ന് എനിക്ക് അറിയില്ല. ഇവിടെ രക്തം വീഴ്തി ഇവിടെ അശുദ്ധമാക്കുമെന്ന് പറഞ്ഞവരെയാണ് നിങ്ങള്‍ ഭക്തരായി കാണുന്നതെങ്കില്‍ എനിക്ക് ജനം ടിവിയോട് മറുപടിയില്ല', ബിന്ദു പറഞ്ഞു. 

പെരുന്തല്‍മണ്ണ സ്വദേശിനി കനക ദുര്‍ഗ്ഗയും കോഴിക്കോട് കോയിലാണ്ടി സ്വദേശിനി ബിന്ദുവുമാണ് മലകയറാനെത്തിയത്. പുലര്‍ച്ചെ മൂന്നരയ്ക്ക് ഇവര്‍ പമ്പയിലെത്തി. അവിടെ കുറച്ച് നേരം വിശ്രമിച്ച ശേഷം ഗാര്‍ഡ് റൂം വഴി ശബരിമല കയറ്റം ആരംഭിക്കുകയായിരുന്നു.

പ്രതിഷേധം കനത്തതോടെ ബലം പ്രയോഗിച്ചാണ് യുവതികളെ പൊലീസ് തിരികെയിറക്കിയത്. അപ്പാച്ചിമേടും മരക്കൂട്ടവും പിന്നിട്ട ശേഷമാണ് യുവതികളെ തിരികെയിറക്കിയത്. ക്രമസമാധാന പ്രശ്‌നം കാരണമാണ് തിരികെയിറക്കുന്നത് എന്നാണ് പൊലീസ് വിശദീകരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com