സ്ത്രീകള്‍ ശബരിമലയിലേക്കു വരരുത് എന്ന് ഒരു മന്ത്രിക്കും പറയാനാവില്ല; കടകംപള്ളിയെ തിരുത്തി മുഖ്യമന്ത്രി

ശബരിമലയിലേക്കു സ്ത്രീകള്‍ പോകണോ എന്നു തീരുമാനിക്കേണ്ടതു സ്ത്രീകളാണ്. അവിടെ എത്തുന്നവര്‍ക്കു സുരക്ഷ ഒരുക്കലാണ് സര്‍ക്കാരിന്റെ ചുമതല
സ്ത്രീകള്‍ ശബരിമലയിലേക്കു വരരുത് എന്ന് ഒരു മന്ത്രിക്കും പറയാനാവില്ല; കടകംപള്ളിയെ തിരുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: സ്ത്രീകള്‍ ശബരിമലയിലേക്കു വരേണ്ടതില്ലെന്ന് ഒരു മന്ത്രിക്കും പറയാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയിലേക്കു പോകണോ എന്നു തീരുമാനിക്കേണ്ടതു സ്ത്രീകളാണ്. അവിടെ എത്തുന്നവര്‍ക്കു സുരക്ഷ ഒരുക്കലാണ് സര്‍ക്കാരിന്റെ ചുമതലയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ശബരിമലയിലേക്കു സ്ത്രീകള്‍ വരരുതെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന ശ്രദ്ധയില്‍ പെടുത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

സര്‍ക്കാര്‍ സുപ്രിം കോടതി വിധി അനുസരിക്കുകയാണ് ചെയ്യുന്നത്. വിധിയനുസരിച്ച് ഒരു സ്ത്രീ വന്നാല്‍ സുരക്ഷ ഒരുക്കുകയാണ് സര്‍ക്കാരിന്റെ ചുമതല. അതിനാണ് സര്‍ക്കാര്‍ ഇതുവരെ ശ്രമിച്ചത്. ഇനിയും അതു തന്നെയാവും ചെയ്യുക. അവിടെ എതിര്‍പ്പ് ശക്തമായതുകൊണ്ട് വന്ന പലര്‍ക്കും തിരിച്ചുപോകേണ്ടി വന്നിട്ടുണ്ട് എന്നതു വസ്തുതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരാധനാ കേന്ദ്രം എന്ന നിലയില്‍ ശബരിമലയില്‍ ഇടപെടാന്‍ പൊലീസിനു പരിമതിയുണ്ട്. സ്ത്രീകള്‍ അവിടേക്കു വരരുത് എന്നു പറയാന്‍ ഒരു മന്ത്രിക്കും അവകാശമില്ല. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനും അങ്ങനെ പറയാനാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

വനിതാ മതില്‍ ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ തന്നെയാണെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുനേരെ കടന്നുകയറ്റമുണ്ടായി. എന്നാല്‍ ശബരിമലയിലേക്കു സ്ത്രീകളെ കയറ്റുക എന്നതല്ല, തുല്യനീതി സംരക്ഷിക്കുക എന്നതാണ് വനിതാ മതിലിന്റെ ലക്ഷ്യം. അത് അനിവാര്യമായ ഒന്നാണ്. വനിതാ മതില്‍ പങ്കാളിത്തം കൊണ്ടു വന്‍മതിലായി മാറുമെന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകളുടെ അവകാശ സംരക്ഷണം വര്‍ഗസമരത്തിന്റെ ഭാഗമാണ്. അതു കമ്യൂണിസ്റ്റ് രീതിയാണെന്ന്, വിഎസ് അച്യുതാനന്ദന്‍ അച്യുതാനന്ദന്‍ ഉന്നയിച്ച വിമര്‍ശനത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

നവോത്ഥാന പാരമ്പര്യം പിന്‍പറ്റുന്ന സംഘടന അയ്യപ്പജ്യോതിയെ പിന്തുണയ്ക്കരുതായിരുന്നെന്ന് എന്‍എസ്എസിനെ പേരെടുത്തു പറയാതെ മുഖ്യമന്ത്രി പറഞ്ഞു. ആചാരങ്ങള്‍ മാറ്റുന്നതുകൊണ്ടാണ് ശബരിമല വിധിക്കെതിരെ നില്‍ക്കുന്നത് എന്ന നിലപാടു മനസിലാക്കാനാവുന്നില്ല. ഏതെല്ലാം ആചാരങ്ങളാണ് നാട്ടില്‍ മാറിയിട്ടുള്ളത്? മന്നത്തു പദ്മനാഭനെപ്പോലുള്ളവര്‍ നേതൃത്വം കൊടുത്തു മാറ്റിയ ആചാരങ്ങളുണ്ട്. ആ സമരങ്ങള്‍ ഇന്നും പ്രസക്തമാണ്. ശബരിമലയില്‍ തന്നെ ഒട്ടേറെ ആചാരങ്ങള്‍ മാറിയിട്ടുണ്ട്. സ്ത്രീകളെ കയറ്റാന്‍ അനുവദിച്ചുകൊണ്ടുള്ള വിധി വരുമ്പോള്‍ മാത്രം എതിര്‍പ്പു വരുന്നത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഏതില്‍നിന്നൊക്കെ സമദൂരം പാലിക്കണം എന്നതു പരിശോധിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയില്‍ എത്തിയ മനീതി പ്രവര്‍ത്തകരില്‍ ഒരാള്‍ തന്നെ കണ്ടിരുന്നു എന്നു പറഞ്ഞതായി കണ്ടു. ഇതു ശരിയല്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com