ശ്രീരാമകൃഷ്ണന്റെ കണ്ണടയ്ക്ക് 'അരലക്ഷം' രൂപ ; ആരോഗ്യമന്ത്രിക്ക് പിന്നാലെ സ്പീക്കറും കണ്ണട വിവാദത്തില്‍

ചികില്‍സാ ഇനത്തില്‍ ശ്രീരാമകൃഷ്ണന്‍ 4,25,594 രൂപ റീ-ഇംപേഴ്‌സ്‌മെന്റ് ഇനത്തില്‍ കൈപ്പറ്റി
ശ്രീരാമകൃഷ്ണന്റെ കണ്ണടയ്ക്ക് 'അരലക്ഷം' രൂപ ; ആരോഗ്യമന്ത്രിക്ക് പിന്നാലെ സ്പീക്കറും കണ്ണട വിവാദത്തില്‍

തിരുവനന്തപുരം : ആരോഗ്യമന്ത്രിക്ക് പിന്നാലെ സ്പീക്കറും കണ്ണട വിവാദത്തില്‍. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ കണ്ണട വാങ്ങിയ ഇനത്തില്‍ 49,900 രൂപ കൈപ്പറ്റിയതായ രേഖകള്‍ പുറത്ത്. വിവരാവകാശ പ്രകാരം സമര്‍പ്പിച്ച അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമായത്. കണ്ണടയുടെ ലെന്‍സിനായി 45,000 രൂപയും, ഫ്രെയിമിനായി 4,900 രൂപയുമാണ് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ കൈപ്പറ്റിയത്. 

നേരത്തെ വക്കം പുരുഷോത്തമന്‍ സ്പീക്കറായിരിക്കെ കണ്ണട വാങ്ങുമ്പോള്‍ ഫ്രെയിമിന് 5000 രൂപയില്‍ കൂടാന്‍ പാടില്ലെന്ന് നിര്‍ദേശം നല്‍കിയിരുന്നു. അക്കാലത്ത് കൂടുതല്‍ പേരും ഫ്രെയിമിനായി കൂടുതല്‍ തുക ചെലവഴിക്കുന്നു എന്നു കണ്ടാണ് ഫ്രെയിമിന് നിബന്ധന വെച്ചത്. അതേസമയം ലെന്‍സിന് പരമാവധി എത്ര തുക വരെ ചെലവഴിക്കാമെന്ന് നിശ്ചയിച്ചിട്ടില്ല. 

ഈ നിയമമനുസരിച്ച്  ശ്രീരാമകൃഷ്ണന്‍ കണ്ണടയുടെ ഫ്രെയിമിന് 4,900 രൂപയും, ലെന്‍സിനായി 45,000 രൂപയുമാണ് കൈപ്പറ്റിയിട്ടുള്ളത്. ലെന്‍സിന്റെ കട്ടി കുറക്കുക അടക്കം കോസ്‌മെറ്റിക് തരത്തില്‍ മാറ്റിയതു കൊണ്ടാകാം ലെന്‍സിന് ഇത്ര ഭീമമായ തുക ചെലവായതെന്നാണ് വിലയിരുത്തല്‍. 

ചികില്‍സാ ഇനത്തില്‍ ശ്രീരാമകൃഷ്ണന്‍ 4,25,594 രൂപ റീ-ഇംപേഴ്‌സ്‌മെന്റ് ഇനത്തില്‍ കൈപ്പറ്റിയിട്ടുണ്ട്. എന്നാല്‍ ശ്രീരാമകൃഷ്ണന് എന്താണ് അസുഖമെന്നോ, ഏതൊക്ക അസുഖത്തിനാണ് ചികില്‍സിച്ചതെന്നോ നിയമസഭാ സെക്രട്ടേറിയറ്റില്‍ രേഖകളില്ല. ചികില്‍സാ രേഖകള്‍ അതാത് സമയത്ത് നല്‍കിയതായാണ് മറുപടിയെന്ന് ആര്‍ടിഐ രേഖ പറയുന്നു. നിയമസഭാ സാമാജികരുടെ റീ ഇംപേഴ്‌സ്‌മെന്റ് സമ്പ്രദായം നിര്‍ത്തലാക്കി, പകരം അവര്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം സര്‍ക്കാരിന് മുന്നിലുണ്ട്. എന്നാല്‍ ഇത് ഇതുവരെ നടപ്പാക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല. 

മെഡിക്കല്‍ ഇന്‍ഷുറന്‍സ് നടപ്പാക്കിയാല്‍, റീ-ഇംപേഴ്‌സ്‌മെന്റ് നടപ്പാക്കുമ്പോള്‍ ഉണ്ടാകുന്നത്ര സാമ്പത്തിക ഭാരം സര്‍ക്കാരിന് വരില്ലെന്നാണ് ബന്ധപ്പെട്ട കമ്മീഷന്റെ ശുപാര്‍ശ. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാര്‍ ചെലവ് ചുരുക്കണമെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ നിര്‍ദേശത്തിന് പിന്നാലെയാണ്, ചികില്‍സ, കണ്ണട ഇനത്തിലെ ചെലവുകളുടെ രേഖകള്‍ പുറത്തുവരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com