കണ്ണട വിവാദം: പിശക് പറ്റി;നവ മാദ്ധ്യമ രീതി നമ്മുടെ സമൂഹ വികാസത്തിന്റെ അപചയമെന്നും പി ശ്രീരാമകൃഷ്ണന്‍

ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയും സൂക്ഷ്മതയും പുലര്‍ത്തേണ്ടതുണ്ടെന്ന ബോദ്ധ്യം ഉണ്ടാക്കിത്തന്ന മുഴുവന്‍ സുഹൃത്തുക്കളോടും വിമര്‍ശകരോടും നന്ദി അറിയിക്കുകയും ചെയ്യുന്നു.
കണ്ണട വിവാദം: പിശക് പറ്റി;നവ മാദ്ധ്യമ രീതി നമ്മുടെ സമൂഹ വികാസത്തിന്റെ അപചയമെന്നും പി ശ്രീരാമകൃഷ്ണന്‍
Updated on
2 min read

തിരുവനന്തപുരം:കണ്ണട വിവാദവുമായി ബന്ധപ്പെട്ട് വിശദീകരവുമായി നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. ചില പ്രത്യേക കാഴ്ചാ പ്രശ്‌നമുള്ളതിനാല്‍ ഡോക്ടര്‍ നിര്‍ദേശിച്ച കണ്ണടയാണ് വാങ്ങിയത്. അത് വിവാദമുണ്ടാക്കുമെന്ന് കരുതിയില്ലെന്നും കണ്ണട വാങ്ങുന്നതുമായി ബന്ധപ്പെട്ട് സൂക്ഷ്മ പരിശോധന നടത്താത്തതില്‍ പിശക് സംഭവിച്ചുവെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സ്പീക്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

നാലു പതിറ്റാണ്ടുകാലത്തെ ഒരു വ്യക്തിയുടെ പൊതു ജീവിതത്തിന്റെ അളവുകോലായി ഈ ഒരൊറ്റ സംഭവം മാത്രമെടുക്കുന്നതിലെ യുക്തിരാഹിത്യം ചര്‍ച്ച ചെയ്യപ്പെടണമെന്നും അദ്ദഹം പറഞ്ഞു.

കഠിനാനുഭവങ്ങളിലൂടെ കടന്നു പോകു മ്പോഴാണ് ജീവിതം മൂശയിലിട്ടു വാര്‍ത്തതു പോലെ തെളിച്ചമാര്‍ന്നതാവുക. അത്തരമൊരനുഭവമാണ് എന്റെ പൊതുജീവിതത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്.

എട്ടാമത്തെ വയസ്സില്‍ അടിയന്തിരാവസ്ഥാ പ്രഖ്യാപനം വന്ന ദിവസം മുന്നിലെത്തിയ പത്രത്തില്‍ നിന്നാണ് രാഷ്ട്രീയ ചലനങ്ങള്‍ ഞാന്‍ ശ്രദ്ധിക്കാന്‍ തുടങ്ങുന്നത്. സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തീര്‍ന്നത് 12 വയസ്സില്‍ ബാലസംഘത്തിലൂടെയും.
ഇക്കഴിഞ്ഞ പത്തു മുപ്പത്തേഴു വര്‍ഷത്തെ പൊതുപ്രവര്‍ത്തനത്തിനിടയിലൊരിക്കലും വഴിവിട്ട നീക്കങ്ങളുടെയോ, സാമ്പത്തികാരോപണങ്ങളുടെയോ, ധൂര്‍ത്തിന്റെയോ പേരില്‍ വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടില്ല. എന്റെ രീതികളെയും ജീവിതത്തെയും അറിയുന്നവര്‍ക്കാര്‍ക്കും അങ്ങനെയൊരു വിമര്‍ശനമുണ്ടാവുമെന്ന് ഞാന്‍ കരുതുന്നുമില്ല.
എന്നാല്‍ ഉപയോഗിക്കേണ്ടി വന്ന, ഒരു കണ്ണടയുടെ പേരില്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്ന വിവാദങ്ങളും നര്‍മോക്തി കലര്‍ന്ന പരിഹാസങ്ങളും അതിലുപരി ക്രൂരമായ പ്രചരണ പീഡനങ്ങളും നിര്‍ഭാഗ്യകരം എന്നേ പറയാനുള്ളൂ. എന്നാല്‍ എല്ലാ വിമര്‍ശനങ്ങളെയും തികച്ചും പോസിറ്റീവ് ആയി കാണുകയും , ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയും സൂക്ഷ്മതയും പുലര്‍ത്തേണ്ടതുണ്ടെന്ന ബോദ്ധ്യം ഉണ്ടാക്കിത്തന്ന മുഴുവന്‍ സുഹൃത്തുക്കളോടും വിമര്‍ശകരോടും നന്ദി അറിയിക്കുകയും ചെയ്യുന്നു.
പക്ഷെ, നാലു പതിറ്റാണ്ടുകാലത്തെ ഒരു വ്യക്തിയുടെ പൊതു ജീവിതത്തിന്റെ അളവുകോലായി ഈ ഒരൊറ്റ സംഭവം മാത്രമെടുക്കുന്നതിലെ യുക്തിരാഹിത്യം ചര്‍ച്ച ചെയ്യപ്പെടണം. ഇതില്‍ കാണിക്കുന്ന സവിശേഷ താല്‍പര്യം അസാധാരണമാണോ എന്നത് സമൂഹവും കാലവും വിധിയെഴുതട്ടെ.
ഏതെങ്കിലും തരത്തില്‍ ആര്‍ഭാടകരമായ ഫ്രെയിമുകള്‍ ഇതുവരെ ഞാന്‍ ഉപയോഗിച്ചിട്ടില്ല. വിദേശത്തു നിന്നും നാട്ടില്‍ നിന്നും സുഹൃത്തുക്കള്‍ വിലയേറിയ കണ്ണടകള്‍ സമ്മാനിക്കുമ്പോഴൊക്കെ സ്‌നേഹപൂര്‍വ്വം നിരസിക്കുകയാണ് പതിവ്. മാത്രമല്ല ഇടക്കിടെ പല സ്ഥലത്തും വച്ച് നഷ്ടപ്പെട്ടു പോവുന്ന തിനാല്‍ അതിനോടൊരു പ്രത്യേക താല്‍പര്യമോ മമതയോ തോന്നിയിട്ടുമില്ല.
കഴിഞ്ഞ രണ്ടു വര്‍ഷമായി എനിക്ക് കാഴ്ചയുമായി മാത്രം ബന്ധപ്പെട്ടതല്ലാത്ത മറ്റു ചില ബുദ്ധിമുട്ടുകളുണ്ട്. എന്റെ ദൈനംദിന ജീവിതത്തെ, പൊതു പ്രവര്‍ത്തനത്തെ ബാധിക്കാത്തിടത്തോളം അതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനോ സമൂഹത്തില്‍ ചര്‍ച്ചക്ക് വെക്കാനോ ഞാന്‍ തയ്യാറുമല്ല.
അര്‍ദ്ധ ചന്ദ്രാകൃതിയിലുള്ള നിയമസഭാ വേദി ശരീരം പൂര്‍ണ്ണമായി തിരിഞ്ഞാല്‍ മാത്രമേ മുഴുവനായി കാണാന്‍ കഴിയുന്നുള്ളൂവെന്ന കാഴ്ചാ പ്രശ്‌നത്തെക്കുറിച്ച് നിരന്തരമായി പരാതി പറഞ്ഞപ്പോഴാണ് ഡോക്ടര്‍ പുതിയ സ്‌പെസിഫിക്കേഷനിലുള്ള ലെന്‍സോടുകൂടിയ കണ്ണട ഉപയോഗിച്ചേ മതിയാവൂ എന്ന് നിര്‍ദ്ദേശിക്കുന്നത്. നിര്‍ദ്ദേശിക്കപ്പെട്ട കണ്ണട വാങ്ങാന്‍ സ്റ്റാഫിലെ ചിലരെ നിയോഗിച്ചു. 
എന്നാല്‍ ലെന്‍സിന്റെ വില ഇപ്പോള്‍ വിമര്‍ശന വിധേയമായത്രയും വരുമോ , ഒഫ്താല്‍മോളജിസ്റ്റിന്റെ നിര്‍ദ്ദേശം ശരിയാണോ , കടയില്‍ നിന്ന് പറയുന്നതു പൂര്‍ണ്ണമായും ശരിയാണോ എന്നൊക്കെയുള്ള വിഷയങ്ങളില്‍ സൂക്ഷ്മ പഠനത്തിനും പരിശോധനക്കും മിനക്കെട്ടില്ലെന്ന പിശക് എനിക്ക് സംഭവിച്ചിട്ടുണ്ട്. ഇതല്ലാതെ മറ്റ് പോംവഴിയില്ലെന്ന ഡോക്ടറുടെ നിര്‍ദ്ദേശം ലഭിച്ചപ്പോള്‍ ഗഹനമായ പഠനം നടത്തുകയോ ബദല്‍ മാര്‍ഗ്ഗങ്ങള്‍ ആരായുകയോ ചെയ്യാതെ ലെന്‍സ് വാങ്ങാന്‍ നിരബന്ധിതനാവുകയാണുണ്ടായത്. എന്നെ സംബന്ധിച്ചിടത്തോളം കാഴ്ചയായിരുന്നു പ്രധാനം.
ഒരു പക്ഷേ, സര്‍ക്കാര്‍ പണം നല്‍കിയില്ലെങ്കില്‍ പോലും അത് വാങ്ങിക്കാതിരിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ഞാന്‍.
ഇതില്‍ ഏതെങ്കിലും തരത്തിലുള്ള കാപട്യമോ ഒളിച്ചു വക്കലോ ആവശ്യമുണ്ടെന്ന് തോന്നിയില്ല. വില മറ്റാരെക്കൊണ്ടെങ്കിലും കൊടുപ്പിക്കാന്‍ കഴിയുമായിരുന്നില്ലേ..? കണക്കില്‍ പെടാത്ത വിധം കൈകാര്യം ചെയ്യാമായിരുന്നില്ലേ..? അതൊന്നുമല്ല, അനുവദിച്ച ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്തുക തന്നെയാണ് ശരി എന്നതു തന്നെയാണ് എന്റെ നിലപാട്.
പ്രായമായ മാതാവിന്റെയോ, കുടുംബത്തിന്റെയോ എന്റെയോ ചികില്‍സക്ക് ആവശ്യമായി വന്നാല്‍ നിയമം അനുശാസിക്കുന്ന രീതി അവലംബിക്കുകയാണ് ശരി എന്നാണ് എന്റെ പക്ഷം. ഔദാര്യങ്ങള്‍ സ്വീകരിച്ച് മാന്യനായി നടിക്കുന്നത് ശരിയല്ല എന്നത് എന്റെ വീക്ഷണവും. അത് അബദ്ധമാണോ സുബദ്ധമാണോ എന്ന് സമൂഹം തീരുമാനിക്കട്ടെ.
എല്ലാ അഞ്ചു വര്‍ഷത്തിലും കണ്ണട വാങ്ങാന്‍ നിയമസഭാ സാമാജികര്‍ക്കുള്ള പരിരക്ഷ ഉപയോഗപ്പെടുത്തിയിട്ടില്ലെന്ന് കൂടെ കൂട്ടത്തില്‍ പറയട്ടെ.
സാമാജികര്‍ക്കു ലഭിക്കുന്ന ചികിത്സാ നിര്‍ദ്ദേശങ്ങളുടെ കൃത്യത സംബന്ധിച്ച വസ്തുതകള്‍ പരിശോധിക്കുന്നതിന് ഡോക്ടേഴ്‌സ് പാനല്‍ പോലുള്ള ചില നിയമസഭാ സംവിധാനങ്ങളുണ്ടാക്കണമെന്നും ആഗ്രഹിക്കുന്നു.
മാധ്യമങ്ങളോട് ഒരു വാക്ക്. മുന്നിലെത്തുന്ന പാവപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടത്തുന്ന വ്യക്തിപരമായ പരിശ്രമങ്ങള്‍ക്ക് ഈ മാദ്ധ്യമ ശ്രദ്ധയും പിന്തുണയും കിട്ടാറില്ലല്ലോ. മാദ്ധ്യമ ശ്രദ്ധ ലഭിക്കാന്‍ വേണ്ടിയല്ല അതിലൊക്കെ ഇടപെടുന്നതും. സഹായിക്കാന്‍ തയ്യാറുള്ളവരുടെ പിന്തുണ കിട്ടുമെന്നുള്ള ഉറപ്പുള്ളതു കൊണ്ടാണ്. കിട്ടാതെ വരുമ്പോള്‍ സ്വയം ചെയ്യാന്‍ മടി കാണിക്കാറുമില്ല. അതൊന്നും ശ്രദ്ധിക്കരുത്.! വാര്‍ത്തയാക്കരുത്.!
ഏതായാലും ഇത് ഒരു അനുഭവവും പാഠവുമാണ് .എന്റെ വ്യക്തി ശുദ്ധീകരണത്തിന് എന്ന നിലയില്‍ എന്നെ വിമര്‍ശിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു. വിമര്‍ശങ്ങള്‍ ഏറ്റുവാങ്ങുന്നു.
സമൂഹം എന്നില്‍ ഏല്‍പിക്കുന്ന പ്രതീക്ഷയുടെയും വിശ്വാസത്തിന്റെയും തുറന്ന പ്രതികരണങ്ങള്‍ കുടുതല്‍ ഉത്തരവാദിത്തബോധത്തോടെ പ്രവര്‍ത്തിക്കാന്‍ എന്നെ പ്രാപ്തനാക്കുമെന്ന് ഉറപ്പു നല്‍കുന്നു.
സ്പീക്കറുടെ ഓഫീസുമായി ബന്ധപ്പെട്ട എല്ലാ ചിലവുകളിലും ഒരു പുന:പരിശോധന ആവശ്യമെങ്കില്‍ ഇന്റേണല്‍ ഓഡിറ്റിംഗ്, നടത്താനും തീരുമാനിക്കുന്നു.
പക്ഷേ ഒപ്പം, ലഭിക്കേണ്ടിയിരുന്ന പിന്തുണകള്‍ ലഭിക്കാതെ പോയല്ലോ, എന്ന വിഷമം കൂടിയുണ്ട്. 
വ്യക്തി ജീവിതത്തിലെ വൈഷമ്യങ്ങളെ, വേദനകളെ, ശാരീരികാവശതകളെ പോലും സമൂഹ മദ്ധ്യേ വികൃതമായി ചിത്രീകരിക്കുന്ന മാദ്ധ്യമ, നവ മാദ്ധ്യമ രീതി നമ്മുടെ സമൂഹ വികാസത്തിന്റെ അപചയങ്ങളെയാണ് സൂചിപ്പിക്കുന്നത് എന്നും പറയാതെ വയ്യ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com