ബിനോയുടെ പണമിടപാട് വിഷയം പിബി ചര്‍ച്ച ചെയ്‌തേക്കും; പ്രശ്‌നം ഉടന്‍ തീര്‍ക്കാമെന്ന് നേതൃത്വത്തോട് കോടിയേരി

സാമ്പത്തിക ഇടപാടിനെ കുറിച്ച് അറിവ് ലഭിച്ചയുടനെ പ്രശ്‌നപരിഹാരത്തിന് കോടിയേരി ശ്രമിച്ചില്ലെന്ന വിലയിരുത്തലിലാണ് കേന്ദ്ര നേതൃത്വം
ബിനോയുടെ പണമിടപാട് വിഷയം പിബി ചര്‍ച്ച ചെയ്‌തേക്കും; പ്രശ്‌നം ഉടന്‍ തീര്‍ക്കാമെന്ന് നേതൃത്വത്തോട് കോടിയേരി

ന്യൂഡല്‍ഹി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ്‌ക്കെതിരെ ഉയര്‍ന്ന് പണമിടപാട് ആരോപണം സിപിഎം അവെയ്‌ലബിള്‍ പിബി ഇന്ന് ചര്‍ച്ച ചെയ്‌തേക്കും. ബിനോയുടെ സാമ്പത്തിക ഇടപാടിനെ കുറിച്ച് കേന്ദ്ര നേതൃത്വത്തിന് പരാതി ലഭിച്ചുവെന്നും, വിഷയം കോടിയേരിയുടെ ശ്രദ്ധയിലേക്ക് കേന്ദ്ര നേതൃത്വം വിരല്‍ചൂണ്ടിയിരുന്നുവെന്നുമാണ് സൂചന. 

മകനുമായി ബന്ധപ്പെട്ട പണമിടപാട് വിഷയം ഉടനെ പരിഹരിക്കുമെന്ന് കോടിയേരി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ സാമ്പത്തിക ഇടപാടിനെ കുറിച്ച് അറിവ് ലഭിച്ചയുടനെ പ്രശ്‌നപരിഹാരത്തിന് കോടിയേരി ശ്രമിച്ചില്ലെന്ന വിലയിരുത്തലിലാണ് കേന്ദ്ര നേതൃത്വം. ജാസ് ടൂറിസം മാനേജിങ് ഡയറക്ടര്‍ ഹസന്‍ ഇസ്മയില്‍ അബ്ദുല്ല അല്‍ മര്‍സുഖി സിപിഎം നേതൃത്വവുമായി ബിനോയ്‌ക്കെതിരെ നേരിട്ട് ചര്‍ച്ച നടത്തിയെന്നും സൂചനയുണ്ട്. 

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പിബിയ്ക്ക് മുന്നില്‍ ഒരു പരാതിയും എത്തിയിട്ടില്ലെന്നായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണം. ദുബായില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജാസ് എന്ന കമ്പനിയുടെ പേരില്‍ 13 കോടി രൂപ വെട്ടിച്ചു എന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. 

ഒരു ഔഡി കാര്‍ വാങ്ങുന്നതിന് 53.61 ലക്ഷം രൂപ ഈടുവായ്പയും ഇന്ത്യ, യു.എ.ഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങള്‍ക്ക് 7.7 കോടി രൂപയും ബിനോയ് കോടിയേരിയ്ക്ക് തങ്ങളുടെ അക്കൗണ്ടില്‍ നിന്ന് ലഭ്യമാക്കിയെന്നാണ് കമ്പനി പരാതിയില്‍ പറയുന്നത്. ബാങ്ക് പലിശയും കോടതിച്ചെലവും ചേര്‍ത്താണ് മൊത്തം 13 കോടി രൂപ തിരിച്ചു കിട്ടാനുള്ളതെന്നും കമ്പനി വൃത്തങ്ങള്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com