ഫോണ്‍കെണിക്കേസില്‍ എ കെ ശശീന്ദ്രന്‍ കുറ്റവിമുക്തന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th January 2018 04:05 PM |
Last Updated: 27th January 2018 04:07 PM | A+A A- |

തിരുവനന്തപുരം : ഫോണ്‍കെണികേസില്‍ മുന്‍മന്ത്രി എ കെ ശശീന്ദ്രന്‍ കുറ്റവിമുക്തന്‍. താനല്‍ ലേഖിക നല്‍കിയ പരാതി നിലനില്‍ക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി. ചാനല്‍ പ്രവര്‍ത്തകയുടെ ഹര്‍ജി കോടതി തള്ളി. പരാതി ഇല്ലെന്ന മാധ്യമപ്രവര്‍ത്തകയുടെ മൊഴി കോടതി അംഗീകരിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. കേസ് ഒത്തുതീര്‍പ്പാക്കരുതെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച സ്വകാര്യ ഹര്‍ജിയും കോടതി തള്ളി. ശശീന്ദ്രനെതിരെ പരാതി ഇല്ലെന്ന് പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക കോടതിയില്‍ മൊഴി നല്‍കിയിരുന്നു.
രാവിലെ കേസ് പരിഗണിച്ചപ്പോള്‍ നാടകീയ നീക്കങ്ങള്‍ക്കാണ് കോടതി സാക്ഷ്യം വഹിച്ചത്. കേസ് തീര്‍പ്പാക്കരുതെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ഹര്‍ജി കോടതിയിലെത്തി. തുടര്‍ന്ന് വിധി പ്രസ്താവം ഉച്ചകഴിഞ്ഞ് നടത്തുമെന്ന് കോടതി പ്രഖ്യാപിക്കുകയായിരുന്നു. അതിനിടെ ഹര്‍ജിക്കാരിയുടെ മേല്‍വിലാസം വ്യാജമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഹര്‍ജിക്കാരിയുടെ ഉദ്ദേശം എന്താണെന്ന് കോടതി ചോദിച്ചിരുന്നു.
നേരത്തെ ഫോണില്‍ തന്നോട് അശ്ലീലം പറഞ്ഞത് ശശീന്ദ്രനാണെന്ന് തനിക്ക് ഉറപ്പില്ലെന്നും, മന്ത്രി വസതിയില്‍ വെച്ച് തന്നോട് അദ്ദേഹം അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും യുവതി കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞദിവസം തിരുവനന്തപുരം സിജെഎം കോടതിയിലാണ് യുവതി മൊഴി നല്‍കിയത്.
നേരത്തെയും ശശീന്ദ്രനെതിരായ പരാതിയും തുടര്‍നടപടിയും റദ്ദാക്കണമെന്ന് പരാതിക്കാരി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് ആ ഹര്‍ജി പിന്‍വലിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ ഹൈക്കോടതിയില്‍ നിലനിന്നിരുന്ന കേസ് ഒത്തുതീര്‍പ്പാക്കിയിരുന്നു. കോടതി വിധിയോടെ എകെ ശശീന്ദ്രന് വീണ്ടും മന്ത്രിപദവിയില്‍ തിരിച്ചെത്താന്‍ സാധ്യത തെളിഞ്ഞു. കേസില്‍ കോടതി വിധി പുറപ്പെടുവിച്ചാല്‍ ഉടന്‍ തന്നെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനത്തില്‍ ഉടന്‍ തീരുമാനം എടുക്കുമെന്നും എന്‍സിപി സംസ്താന പ്രസിഡന്റ് ടിപി പീതാംബരന്‍ വ്യക്തമാക്കിയിരുന്നു.