ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുത്; നിലപാട് ആവര്‍ത്തിച്ച് ദേവസ്വം ബോര്‍ഡ് സുപ്രിം കോടതിയില്‍

സ്ത്രീകളെ മാറ്റിനിര്‍ത്തുകയല്ല, ശാരീരികമായ കാരണങ്ങള്‍ കൊണ്ട് സ്ത്രീകള്‍ ഒഴിവാക്കപ്പെടുകയാണെന്നും ഇതേ കാരണങ്ങളുള്ള ആരും ഇത്തരത്തില്‍ ഒഴിവാക്കപ്പെടുമെന്നും മനു അഭിഭേഷ്‌ക സിങ്വി
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുത്; നിലപാട് ആവര്‍ത്തിച്ച് ദേവസ്വം ബോര്‍ഡ് സുപ്രിം കോടതിയില്‍


ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിരുതെന്ന നിലപാട് ആവര്‍ത്തിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രിം കോടതിയില്‍. ശാരീരികമായ കാരണങ്ങള്‍ കൊണ്ടാണ് ശബരിമലയില്‍ സ്ത്രീകളെ പ്രവേശിക്കാത്തതെന്ന്, ദേവസ്വം ബോര്‍ഡിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംങ്വി പറഞ്ഞു.

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെ നേരത്തെയും സുപ്രിം കോടതിയില്‍ ദേവസ്വം ബോര്‍ഡ് എതിര്‍ത്തിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നിലപാടിന് അനുസരിച്ച് നിലപാടില്‍ മാറ്റം വരുത്തുമെന്നായിരുന്നു കഴിഞ്ഞ ദിവസം ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കിയത്. സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടാണ്, ഇടതു സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സ്വീകരിച്ചിട്ടുള്ളത്. 

ശബരിമലയില്‍ സ്ത്രീ പ്രവേശനം ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ വാദം പുനരാരംഭിച്ചപ്പോള്‍, മുന്‍ നിലപാട് ആവര്‍ത്തിക്കുകയായിരുന്നു ദേവസ്വം ബോര്‍ഡ്. സ്ത്രീകളെ മാറ്റിനിര്‍ത്തുകയല്ല, ശാരീരികമായ കാരണങ്ങള്‍ കൊണ്ട് സ്ത്രീകള്‍ ഒഴിവാക്കപ്പെടുകയാണെന്നും ഇതേ കാരണങ്ങളുള്ള ആരും ഇത്തരത്തില്‍ ഒഴിവാക്കപ്പെടുമെന്നും മനു അഭിഭേഷ്‌ക സിങ്വി വാദിച്ചു. എന്തുകൊണ്ടാണ് സ്ത്രീകള്‍ ഒഴിവാക്കപ്പെടുന്നു എന്നു പരിശോധിക്കേണ്ടതുണ്ട്. കുറെക്കാലമായി അയ്യപ്പ വിശ്വാസം പുലര്‍ത്തുന്നവര്‍ ഈ ആചാരം തുടരുന്നു എന്നതും കണക്കിലെടുക്കണമെന്ന് മനു സിങ്വി പറഞ്ഞു.

ദേവസ്വം ബോര്‍ഡ് ഇക്കാര്യത്തില്‍ എടുക്കുന്നത് വിരുദ്ധമായ നിലപാടുകളാണെന്നും ഇത് എങ്ങനെയാണ് നീതികരിക്കാനാവുകയെന്നും ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍ ചോദിച്ചു. മാസപൂജയ്ക്കു സ്ത്രീകളെ  അനുവദിക്കാം എന്നാണ് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ നിലപാടെടുത്തത്. ഇപ്പോള്‍ പ്രതിഷ്ഠയുടെ നൈഷ്ഠിക ബ്രഹ്മചര്യത്തെക്കുറിച്ച് പറയുന്നു. മാസപൂജയ്ക്ക് സ്ത്രീകള്‍ വരുന്ന അഞ്ചു ദിവസം പ്രതിഷ്ഠ അപ്രത്യക്ഷമാവുമോയെന്ന് ജസ്റ്റിസ്  നരിമാന്‍ ചോദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com