ഇടുക്കിയില്‍ ജലനിരപ്പ് ഉയരുന്നു ; അയ്യപ്പന്‍കോവില്‍ ക്ഷേത്രം വെള്ളത്തില്‍

ക്ഷേത്രത്തില്‍ ഇപ്പോള്‍ ആറടിയോളം വെള്ളം കയറിയിരിക്കുകയാണ്. നാഗരാജ പ്രതിഷ്ഠകളും, ക്ഷേത്രത്തിന്റെ മൂന്ന് പടികളും വെള്ളത്തില്‍ മുങ്ങി
ഇടുക്കിയില്‍ ജലനിരപ്പ് ഉയരുന്നു ; അയ്യപ്പന്‍കോവില്‍ ക്ഷേത്രം വെള്ളത്തില്‍

ഇടുക്കി : ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ചരിത്രപ്രസിദ്ധമായ അയ്യപ്പന്‍കോവില്‍ ക്ഷേത്രം വെള്ളത്തിനടിയിലായി. അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നതോടെ, ക്ഷേത്രത്തിന്റെ ചുറ്റുമുള്ള വെള്ളവും ഉയരുകയാണ്. ഇതോടെ ദിനംപ്രതിയുള്ള പൂജകളും മുടങ്ങുന്ന സ്ഥിതിയാണ്. 

ക്ഷേത്രത്തില്‍ ഇപ്പോള്‍ ആറടിയോളം വെള്ളം കയറിയിരിക്കുകയാണ്. നാഗരാജ പ്രതിഷ്ഠകളും, ക്ഷേത്രത്തിന്റെ മൂന്ന് പടികളും വെള്ളത്തില്‍ മുങ്ങി. ക്ഷേത്രം ഓഫീസിന്റെ മുക്കാല്‍ ഭാഗത്തോളം വെള്ളത്തിലാണ്. ഇതുവരെ ഈറ്റ ചങ്ങാടത്തിലാണ് പൂജാരിയും ഭക്തരും മറ്റും എത്തിയിരുന്നത്. എന്നാല്‍ വെള്ളം ഇനിയും ഉയരുന്ന സാഹചര്യത്തില്‍ എങ്ങനെ പൂജ നടത്തുമെന്ന കാര്യത്തിലും അനിശ്ചിതത്വമുണ്ട്. 

2013 ല്‍ ശ്രീകോവിലിന് ഉള്ളില്‍ വരെ വെള്ളം കയറിയിരുന്നു. ഇപ്രാവശ്യം ക്രമാതീതമായി വെള്ളം ഉയരുന്നതോടെ, ക്ഷേത്രം തന്നെ മുങ്ങുമോ എന്ന ആശങ്കയുമുണ്ട്. കര്‍ക്കിട മാസത്തിലെ കറുത്ത വാവിന് ബലിതര്‍പ്പണത്തിന് പേരുകേട്ട ക്ഷേത്രമാണിത്. ആഗസ്റ്റ് 11 നാണ് കറുത്ത വാവ്. വെള്ളം പൊങ്ങിയ സാഹചര്യത്തില്‍ മാളികപ്പുറത്തമ്മയുടെ പ്രതിഷ്ഠയ്ക്ക് സമീപത്തേക്ക് ബലിതര്‍പ്പണം മാറ്റേണ്ടി വരുമോ എന്ന ആലോചനയിലാണ് ക്ഷേത്രം ഭാരവാഹികള്‍. 

ക്ഷേത്രത്തിലേക്കുള്ള വഴികളും വെള്ളത്തിനടിയിലാണ്. അയ്യപ്പന്‍ കോവിലിലെ പുല്‍മേടുകളും വെള്ളത്തിനടിയിലാണ്. കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ഡാമില്‍ ഇപ്പോള്‍ 2390.98 അടി ജലമാണ് ഉള്ളത്. കഴിഞ്ഞദിവസം മാത്രം 39.35 മി.മീറ്റര്‍ ക്യൂബിക് ജലമാണ് ഒഴുകിയെത്തിയത്. ജലനിരപ്പ് വീണ്ടും ഉയര്‍ന്നാല്‍ ക്ഷേത്രം പൂര്‍ണമായും മുങ്ങുന്ന സാഹചര്യമാകും ഉണ്ടാകുക. സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു. പരമാവധി സംഭരണ ശേഷിയായ 2400 അടിയായാല്‍ ഡാം തുറക്കാനാണ് അധികൃതരുടെ തീരുമാനം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com