

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്റെ നാലാം ദിവസവും പൊലീസ് വീഴ്ച ആയുധമാക്കി പ്രതിപക്ഷം. ആലുവ എടത്തലയില്‍ യുവാവിനെ പൊലീസ് മര്‍ദിച്ചതിനെക്കുറിച്ച് ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ഇതിനുള്ള മറുപടിയില്‍ മുഖ്യമന്ത്രി നടത്തിയ ചില പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വച്ചു.
ആലുവയിലെ സംഭവത്തില്‍ പൊലീസിനോട് ആദ്യം തട്ടിക്കയറിയത്, മര്‍ദനമേറ്റ യുവാവായ ഉസ്മാന്‍ ആണെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ഉസ്മാന്‍ പൊലീസിനോടു തട്ടിക്കയറുകയും ഡ്രൈവറെ ദേഹോപദ്രവം ഏല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനോട് പൊലീസിന്റെ പ്രതികരണം അംഗീകരിക്കാനാവാത്തതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമ നടപടികളിലേക്കു കടക്കുകയായിരുന്നു പൊലീസ് ചയ്യേണ്ടിയിരുന്നത്. സാധാരണക്കാരെപ്പോലെ പ്രതികരിക്കുകയല്ല പൊലീസ് ചെയ്യേണ്ടതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പരാതി ലഭിച്ചത് അനുസരിച്ച് സംഭവത്തില്‍ ഉള്‍പ്പെട്ട പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. ഒരു കേസിലും കുറ്റക്കാരെ സംരക്ഷിക്കുന്ന നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംഭവത്തില്‍ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷനിലേക്കു നടത്തിയ മാര്‍ച്ചില്‍ തീവ്ര സ്വഭാവമുള്ള സംഘടനയിലെ ആളുകളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കളമശ്ശേരി ബസ് കത്തിക്കല്‍ ഉള്‍പ്പെടെയുള്ള കേസുകളിലെ പ്രതികള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തിട്ടുണ്ട്. തീവ്രവാദം അനുവദിച്ചുകൊടുക്കാനാവില്ലെന്നും ആലുവ സ്വതന്ത്ര റിപ്പബ്ലിക് അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സഭയില്‍ ഒച്ചവയ്ക്കുന്ന പലരും തീവ്രവാദികള്‍ക്കായി വക്കാലത്ത് പിടിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകളെ ബഹളത്തോടെയാണ് പ്രതിപക്ഷം സ്വീകരിച്ചത്. പ്രസംഗത്തിനിടെ പ്രതിപക്ഷം നടുത്തളത്തിലറങ്ങി ബഹളം വച്ചു. ആലുവയിലെ ജനങ്ങളെ മുഴുവന്‍ തീവ്രവാദികളെന്ന് ആക്ഷേപിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ആരാണ് തീവ്രവാദിയെന്ന് മുഖ്യമന്ത്രി പറയണമെന്ന് പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടു.
ചോദ്യങ്ങള്‍ക്കു മറുപടി പറയാനുള്ള അവകാശം തനിക്കുണ്ടെന്ന് ബഹളത്തിനിടെ മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയെ സംസാരിക്കാന്‍ അനുവദിക്കാത്ത രീതി ശരിയല്ലെന്ന് സ്പീക്കറും ചൂണ്ടിക്കാട്ടി. പ്രതിപക്ഷം ബഹളം തുടര്‍ന്നതോടെ സഭ ഇന്നത്തേക്കു പിരിഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates