രാജ്യസഭാ സീറ്റ്; യുഡിഎഫിലും പൊട്ടിത്തെറി, ജോണി നെല്ലൂര്‍ യുഡിഎഫ് യോഗത്തിനെത്തില്ല

കോണ്‍ഗ്രസ്-ലീഗ് നേതാക്കള്‍ മാത്രം യോഗം ചേര്‍ന്ന് തീരുമാനം എടുത്തതിന് ശേഷം യുഡിഎഫ് യോഗം ചേരുന്നതില്‍ ഘടക കക്ഷികള്‍ക്ക് അതൃപ്തി
രാജ്യസഭാ സീറ്റ്; യുഡിഎഫിലും പൊട്ടിത്തെറി, ജോണി നെല്ലൂര്‍ യുഡിഎഫ് യോഗത്തിനെത്തില്ല

തിരുവനന്തപുരം: ഒഴിവു വന്ന രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയതിനെതിരെ യുഡിഎഫിനുള്ളിലും അമര്‍ഷം പുകയുന്നു. കോണ്‍ഗ്രസ്-ലീഗ് നേതാക്കള്‍ മാത്രം യോഗം ചേര്‍ന്ന് തീരുമാനം എടുത്തതിന് ശേഷം യുഡിഎഫ് യോഗം ചേരുന്നതില്‍ ഘടക കക്ഷികള്‍ അതൃപ്തി രേഖപ്പെടുത്തി കഴിഞ്ഞു. 

മാണിയുടെ മുന്നണി പ്രവേശനം ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയില്‍ ചേരുന്ന യുഡിഎഫ് യോഗത്തില്‍ കേരള കോണ്‍ഗ്രസ് ജെ വിഭാഗം നേതാവും യുഡിഎഫ് സെക്രട്ടറിയുമായ ജോണി നെല്ലൂര്‍ പങ്കെടുക്കില്ല. യുഡിഎഫ് യോഗത്തില്‍ രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് നല്‍കിയ സാഹചര്യം വിശദീകരിക്കും.

മുന്നണി വിപുലീകരണം അനിവാര്യമാണെന്ന അഭിപ്രായമായിരിക്കും കോണ്‍ഗ്രസും ലീഗും യോഗത്തില്‍ വിശദീകരിക്കുക. മുന്നണിയില്‍ നിന്നും വിട്ടുപോയ കേരള കോണ്‍ഗ്രസിനെ തിരികെ കൊണ്ടുവരാന്‍ കയ്യിലുണ്ടായിരുന്ന സീറ്റ് അടക്കം വിട്ടുനല്‍കേണ്ടിവന്നതിനെ വിമര്‍ശിച്ചെത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ യുഡിഎഫ് യോഗത്തിലും എതിര്‍ സ്വരം ഉന്നയിക്കും. 

അതിനിടെ രാജ്യസഭാ സീറ്റിന് വേണ്ടി ജോസഫ് വിഭാഗവും അവകാശവാദം ഉന്നയിച്ചേക്കും. എന്നാല്‍ രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ ജോസഫ് വിഭാഗം കടംപിടുത്തത്തിന് മുതിര്‍ന്നേക്കില്ലെന്നാണ് സൂചന. കേരള കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലായിരിക്കും പി.ജെ.ജോസഫ് വിഭാഗം അവകാശവാദം ഉന്നയിക്കുക. തങ്ങളുടെ രാജ്യസഭാ സ്ഥാനാര്‍ഥി ആരാകുമെന്ന പ്രഖ്യാപനം കേരള കോണ്‍ഗ്രസ് ഇന്ന് നടത്തുമെന്നാണ് ജോസ്.കെ. മാണി വ്യക്തമാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com