വന നിയമങ്ങള്‍ അട്ടിമറിച്ച് സര്‍ക്കാര്‍; തോട്ടം മേഖലയെ ഇഎഫ്എല്‍ പരിധിയില്‍നിന്ന് ഒഴിവാക്കി

വന നിയമങ്ങള്‍ വന്‍തോതില്‍ അട്ടിമറിക്കപ്പെടുമെന്ന ആശങ്ക തള്ളി തോട്ടങ്ങളെ പരിസ്ഥിതി ലോല മേഖലകളില്‍നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു
വന നിയമങ്ങള്‍ അട്ടിമറിച്ച് സര്‍ക്കാര്‍; തോട്ടം മേഖലയെ ഇഎഫ്എല്‍ പരിധിയില്‍നിന്ന് ഒഴിവാക്കി
Updated on
2 min read

തിരുവനന്തപുരം: വന നിയമങ്ങള്‍ വന്‍തോതില്‍ അട്ടിമറിക്കപ്പെടുമെന്ന ആശങ്ക തള്ളി തോട്ടങ്ങളെ പരിസ്ഥിതി ലോല മേഖലകളില്‍നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നിയമസഭയില്‍ ചട്ടം 300 പ്രകാരം നടത്തിയ പ്രസ്താവനയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. സര്‍്ക്കാര്‍ തീരുമാനത്തിലൂടെ വന്‍തോതില്‍ വനഭൂമിയും മരങ്ങളും നഷ്ടമാവുന്ന സാഹചര്യമാണ് ഉണ്ടാവുകയെന്ന് ഇതിനകം തന്നെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റിട്ട. ജസ്റ്റിസ് കൃഷ്ണന്‍ നായര്‍ സമിതി സമര്‍പ്പിച്ച ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനം. സമിതി ശുപാര്‍കളില്‍ ആറാമത്തേത് ആയാണ് ഇഎഫ്എല്‍ പരിധിയില്‍നിന്ന് തോട്ടങ്ങളെ ഒഴിവാക്കാനുള്ള തീരുമാനം മുഖ്യമന്ത്രി സഭയില്‍ വായിച്ചത്. 

തോട്ടം മേഖല വമ്പിച്ച പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതെന്ന് മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. ഈ പ്രതിസന്ധി കൃഷിക്കാരുടെയും തൊഴിലാളികളുടെയും ജീവിതത്തെ പ്രതികൂലമായി ബാധിച്ചതു വഴി സാമൂഹ്യ സംഘര്‍ഷങ്ങള്‍ തന്നെ രൂപപ്പെട്ടുവന്നിരുന്നു. കടുത്ത സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ ഭൂവിനിയോഗ മാറ്റങ്ങള്‍ക്കും പാരിസ്ഥിതിക പ്രതിസന്ധി രൂക്ഷമാക്കുന്നതിലേക്കും നയിക്കുന്ന സ്ഥിതിയുമുണ്ടായി. ഈ സാഹചര്യത്തില്‍ തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുതകുന്ന സമഗ്രമായ ഒരു പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുമുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കൃഷ്ണന്‍നായര്‍ കമ്മിറ്റി സര്‍ക്കാരിന് നല്‍കിയ ശിപാര്‍ശകള്‍ പരിഗണിച്ച് ജൂണ്‍ ഇരുപതിനു ചേര്‍ന്ന മന്ത്രിസഭാ യോഗം കൈക്കൊണ്ട തീരുമാനങ്ങള്‍ ഇവയാണ്. 

1. പ്ലാന്റേഷന്‍ ടാക്‌സ് വളരെ പഴക്കമുള്ള ഒരു ടാക്‌സ് ഇനമാണ്. ഈ ടാക്‌സ് ഇപ്പോള്‍ കേരളത്തില്‍ മാത്രമാണ് നിലവിലുള്ളതെന്ന് പ്രസ്തുത കമ്മിറ്റി ശിപാര്‍ശ ചെയ്തു. ഇക്കാര്യങ്ങള്‍ പരിഗണിച്ച് പ്ലാന്റേഷന്‍ ടാക്‌സ് പൂര്‍ണ്ണമായും ഒഴിവാക്കാന്‍ തീരുമാനിച്ചു.

2. തോട്ടം മേഖലയില്‍നിന്നും കാര്‍ഷികാദായ നികുതി ഈടാക്കുന്നത് മരവിപ്പിക്കാന്‍ തീരുമാനിച്ചു.

3. എസ്‌റ്റേറ്റിലെ എല്ലാ ലയങ്ങളും വളരെ പഴക്കമുള്ളതും ജീര്‍ണ്ണാവസ്ഥയിലുള്ളതുമാണ്. ഇത്തരം ലയങ്ങള്‍ അറ്റകുറ്റപ്പണി ചെയ്ത് വാസയോഗ്യമാക്കുക അസാധ്യമാണ്. എല്ലാ ലയങ്ങളേയും കെട്ടിട നികുതിയില്‍ നിന്ന് ഒഴിവാക്കണമെന്ന നിര്‍ദ്ദേശം തദ്ദേശസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

4. നിലവിലുള്ള ലയങ്ങള്‍ അറ്റകുറ്റപ്പണി ചെയ്ത് വാസയോഗ്യമാക്കുന്നത് പ്രായോഗികമല്ലാത്തതിനാല്‍ സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയായ ലൈഫില്‍ ഉള്‍പ്പെടുത്തി, ലൈഫ് പദ്ധതിയുടെ മാര്‍ഗരേഖകള്‍ക്കു വിധേയമായി, തൊഴിലാളികള്‍ക്ക് ആവശ്യമായ വാസഗൃഹങ്ങള്‍ നിര്‍മ്മിക്കുന്നതാണ്. ഇതിന് ആവശ്യമായി വരുന്ന ചെലവിന്റെ 50% സര്‍ക്കാരും 50% തോട്ടം ഉടമകളും വഹിക്കും. തോട്ടം ഉടമകളില്‍നിന്ന് ഈടാക്കേണ്ട 50% തുക ഏഴ് വാര്‍ഷിക ഗഡുക്കളായി (പലിശ രഹിതം) ഈടാക്കി പദ്ധതി നടപ്പാക്കും. പദ്ധതി നടത്തിപ്പിനാവശ്യമായ സ്ഥലം എസ്‌റ്റേറ്റ് ഉടമകള്‍ സൗജന്യമായി സര്‍ക്കാരിന് ലഭ്യമാക്കുന്നതിനായി തോട്ടം ഉടമകളുമായി ഒരു കരാര്‍ ഉടമ്പടി ഉണ്ടാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

5. ഒരു റബ്ബര്‍ മരം മുറിച്ചുവില്‍ക്കുമ്പോള്‍ ലഭിക്കുന്ന ശരാശരി തുക ഏകദേശം 5000 രൂപയാണ്. നിലവില്‍ റബ്ബര്‍ മരങ്ങള്‍ മുറിച്ചുമാറ്റുമ്പോള്‍ 2500 രൂപ സീനിയറേജായി ഈടാക്കുന്നുണ്ട്. റബ്ബറിന്റെ വില വളരെ താഴ്ന്നിരിക്കുന്ന സാഹചര്യത്തില്‍ ഈ തുക വളരെ കൂടുതലാണ്. ഈ സാഹചര്യത്തില്‍ നിലവിലുള്ള സീനിയറേജ് തുക പൂര്‍ണ്ണമായും ഒഴിവാക്കുന്നതാണ്.

6. തോട്ടം തൊഴിലാളികള്‍ക്ക് ഇ.എസ്.ഐ സ്‌കീം ബാധകമാക്കുന്ന വിഷയം തൊഴില്‍ വകുപ്പ് പരിഗണിക്കും. തോട്ടങ്ങളുടെ പാട്ടകാലാവധി അവസാനിക്കുന്ന മുറയ്ക്ക് പാട്ടം പുതുക്കി നല്‍കുന്നതിനുള്ള കാലതാമസം ഒഴിവാക്കും. ഇക്കാര്യത്തില്‍ തടസ്സം നില്‍ക്കുന്ന കാര്യങ്ങള്‍ നിയമ വകുപ്പ് സെക്രട്ടറി പരിശോധിച്ച് ആവശ്യമായ ശിപാര്‍ശ സര്‍ക്കാരിന് സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേരള ഫോറസ്റ്റ് (വെസ്റ്റിംഗ് & മാനേജ്‌മെന്റ് ഓഫ് എക്കളോജിക്കലി ഫ്രെജൈല്‍ ലാന്റ്) ആക്ടിന്റെ പരിധിയില്‍ നിന്നും തോട്ടങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.

7. ഉപേക്ഷിക്കപ്പെട്ടതോ, പ്രവര്‍ത്തനരഹിതമായിക്കിടക്കുന്നതോ ആയ തോട്ടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തുകയോ അല്ലെങ്കില്‍ തൊഴിലാളികളുടെ സഹകരണ സംഘങ്ങള്‍ രൂപീകരിച്ച് അവയ്ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കി പ്രവര്‍ത്തിപ്പിക്കുകയോ, സന്നദ്ധതയുള്ള സ്വകാര്യ കമ്പനികള്‍ക്ക് വ്യക്തമായ മാനദണ്ഡങ്ങളോടെ, തോട്ടത്തിന്റെ സ്വഭാവത്തില്‍ മാറ്റം വരുത്തരുതെന്ന വ്യവസ്ഥയില്‍ നല്‍കി പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുംവിധം ആവശ്യമായ നിയമനിര്‍മ്മാണം നടത്താന്‍ ഉദ്ദേശിക്കുന്നു. റവന്യൂ വകുപ്പ് നിലവില്‍ തയ്യാറാക്കിയിരിക്കുന്ന ലാന്റ് ലീസ് ആക്ടിന്റെ പരിധിയില്‍ ഇക്കാര്യം കൂടി കൊണ്ടുവരുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നതാണ്.

8. തൊഴിലാളികളുടെ വേതനം കാലോചിതമായി പരിഷ്‌കരിക്കുന്നതു സംബന്ധിച്ച് ആവശ്യമായ നടപടികള്‍ തൊഴില്‍ വകുപ്പ് സ്വീകരിക്കുന്നതാണ്.

9. പ്ലാന്റേഷന്‍ മേഖല ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുടെ പരിഹാരത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്റേഷന്‍ പോളിസി തയ്യാറാക്കുന്നതിന് തൊഴില്‍ വകുപ്പ് നടപടി സ്വീകരിക്കുന്നതാണ്.

സംസ്ഥാനത്തിന്റെ സാമൂഹ്യസാമ്പത്തിക മേഖലയില്‍ വലിയ സംഭാവന നല്‍കിയ തോട്ടം മേഖലയുടെ സംരക്ഷണം കേരളത്തിന്റെ പുരോഗതിക്കും ജനങ്ങളുടെ ജീവിത സംരക്ഷണത്തിനും പ്രധാനമാണെന്ന് കണ്ടുകൊണ്ടുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. നൂറ്റാണ്ടുകളുടെ മനുഷ്യാധ്വാനത്തിന്റെയും ഇച്ഛാശക്തിയുടെയും നാടിന്റെ താല്‍പ്പര്യത്തിന്റെയും ഭരണസംവിധാനങ്ങളുടെ ഇടപെടലിന്റെയും ഫലമായി രൂപംകൊണ്ടുവന്ന തോട്ടം മേഖലയെ സംരക്ഷിക്കുക എന്ന ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടാണ് മേല്‍ പറഞ്ഞ നടപടികള്‍ സ്വീകരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com