അതില്‍ സുന്നത്തും കാതുകുത്തും വരേണ്ട കാര്യമെന്ത്? വിശദീകരണവുമായി ആര്‍ ശ്രീലേഖ

ദൈവത്തിന്റെ പ്രതീകമായ കുഞ്ഞുങ്ങള്‍ ഇത് സഹിക്കേണ്ടി വരുമല്ലോ എന്നോര്‍ത്തിട്ടാണ് താന്‍ ഇതുസംബന്ധിച്ച് ബ്ലോഗ് എഴുതിയത്. അതില്‍ മതവും ജാതിയും ഒന്നുമില്ല. അതില്‍ കാതുകുത്തും സുന്നത്തും ഒന്നും വരേണ്ട 
അതില്‍ സുന്നത്തും കാതുകുത്തും വരേണ്ട കാര്യമെന്ത്? വിശദീകരണവുമായി ആര്‍ ശ്രീലേഖ

കൊച്ചി: ആറ്റുകാല്‍ ക്ഷേത്രത്തിലെ ആചാരാനുഷ്ടാനമായ കുത്തിയോട്ടവുമായി ബന്ധുപ്പെട്ട് തന്റെ ബ്ലോഗിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഡിജിപി ആര്‍ ശ്രീലേഖ. ദൈവത്തിന്റെ പ്രതീകമായ കുഞ്ഞുങ്ങള്‍ ഇത് സഹിക്കേണ്ടി വരുമല്ലോ എന്നോര്‍ത്തിട്ടാണ് താന്‍ ഇതുസംബന്ധിച്ച് ബ്ലോഗ് എഴുതിയത്. അതില്‍ മതവും ജാതിയും ഒന്നുമില്ല. അതില്‍ കാതുകുത്തും സുന്നത്തും ഒന്നും വരേണ്ട കാര്യവുമില്ലെന്ന് വിവധ കോണുകളില്‍ നിന്നുയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി ശ്രീലേഖ ഫെയ്‌സ്ബുക്കില്‍ കുറിച്ചു


ബ്ലോഗില്‍ കുറെ തെറ്റുണ്ടെന്ന് ചിലര്‍ പറയുന്നു. അത് തിരുത്തിയാണ് ശ്രീലേഖയുടെ പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ്. എന്ത് കാര്യത്തിനും രണ്ടു വശമുണ്ടാവും. പക്ഷെ കുട്ടികളോടുള്ള ക്രൂരതക്കും ഇതുണ്ടെന്നു ഇപ്പോഴാണ് ഞാന്‍ അറിയുന്നത്. അഞ്ചല്ല, ഏഴു ദിവസമാണ് കുഞ്ഞുങ്ങളെ കുത്തിയോട്ടത്തിനായി ആറ്റുകാല്‍ അമ്മയുടെ നടക്കിരുത്തുന്നത് എന്ന് തിരുത്തുന്നു. ഇപ്രാവശ്യം 1000 അല്ല, 993 കുട്ടികളാണ് കുത്തിയോട്ടത്തില്‍ പങ്കെടുക്കുന്നത് എന്നും തിരുത്തുന്നു. - ശ്രീലേഖ  

തിരുത്താനില്ലാത്തതു വീണ്ടും പറയാനാഗ്രഹിക്കുന്നു.ജയിലില്‍ പോലും തടവുകാര്‍ക്ക് വസ്ത്രം ഉടുക്കാന്‍ നല്‍കുന്നു. ഷര്‍ട്ടും മുണ്ടും. ഇവിടെ കുട്ടികള്‍ക്ക് വെറുമൊരു തോര്‍ത്ത് മാത്രം. അതുടുത്തുകൊണ്ടു കുളി, ഭക്ഷണം, നിലത്തു പായില്‍ ഉറക്കം, 1008 സാഷ്ടാംഗപ്രണാമം ഒക്കെ ആ 7 നാളില്‍ ചെയ്യണം. ജയിലുകളില്‍ സ്ഥല പരിമിതി കാരണം 2 പേര്‍ക്ക് കിടക്കാനുള്ളിടത്തു ചിലപ്പോള്‍ 6 പേരെ കിടത്തും. ഇവിടെ ക്ഷേത്രാങ്കണത്തില്‍ 2 മുറികളില്‍ പായ വിരിച്ചു 993 കുട്ടികളെ അടുക്കി കിടത്തും. രാത്രി (പകല്‍) ഒരു മണിവരെ ചെണ്ടമേളം ഈ മുറികള്‍ക്ക് തൊട്ടടുത്താണ്. കൂടാതെ വെടിയൊച്ചയും. കുഞ്ഞുങ്ങള്‍ ഉറങ്ങുന്നത് അതിനു ശേഷമാവും. കാലത്തു 4 മണിക്ക് ഉണര്‍ത്തി അമ്പലക്കുളത്തില്‍ കൊണ്ട് പോയി മുക്കിയെടുക്കും. ദര്‍ശനവും നമസ്‌ക്കാരവും കഴിഞ്ഞു കഞ്ഞിയും പയറും കഴിച്ചു വീണ്ടും പ്രദക്ഷിണവും ആരാധനയും. ഉച്ചക്ക് നിലത്തിരുന്നു ഇലയില്‍ ചോറും കറിയും. രാത്രി അവിലും പഴവും പിന്നെ കരിക്കും. ഇല്ലാത്ത അസുഖങ്ങള്‍ പോലും കുട്ടികള്‍ക്ക് ഉണ്ടാവാറില്ല സമയം. പേടിയും, ചന്നിയും, പന യും, ബോധക്ഷയവും, വിറയലും, ശ്വാസം മുട്ടലും ഒക്കെയായി അവിടെയുള്ള ഡോക്ടറുടെ അടുത്ത് ദിവസവും 60 കുട്ടികളെ കൊണ്ട് ചെല്ലാറുണ്ടെന്നു രജിസ്റ്റര്‍ നോക്കിയാല്‍ മനസ്സിലാകും - ശ്രീലേഖ പോസ്റ്റില്‍ കുറിച്ചു

കഴിഞ്ഞ 24ന് ഫിറ്റസ് വന്ന ഒരു കുത്തിയോട്ട വൃതക്കാരനെ PRS ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. ഇനി നാളെ ഈ കുട്ടികള്‍ക്ക് അനുഭവിക്കേണ്ടി വരുന്നത് കൂടി പറയാം. രാവിലെ 8 മണിക്ക് അവരെ ഒരു ഹാളിലേക്ക് കൊണ്ട് പോവും. ഭക്ഷണം നല്‍കില്ല, വെള്ളം കൊടുക്കും. പിന്നെ അലങ്കാരവും ചുട്ടികുത്തലുമാണ്. 12 മണിയാവുമ്പോള്‍ അവല്‍, കരിക്ക് എന്നിവ നല്‍കും. ലിപ്സ്റ്റിക്ക് പോകുമെന്ന പേടിയില്‍ പല കുട്ടികളും അതൊന്നും കഴിക്കില്ല. പൊങ്കാല കഴിയുന്നതുവരെ അവര്‍ക്കു റെസ്റ്റാണ്. സന്ധ്യ 6 മണിയാവുമ്പോഴാണ് ചൂരല്‍മുറി പ്രയോഗം. കുട്ടികളെ ബലിക്കല്ലിനിനു നേരെ നിര്‍ത്തി രണ്ടു വശത്തും ഒരു ചെറിയ ലോഹക്കമ്പി കൊണ്ട് തൊലി തുളച്ചെടുക്കും. അവരുടെ നിലവിളികള്‍ ചെണ്ട മേളത്തിന്റെ ഒച്ചയില്‍ ആരും കേള്‍ക്കില്ല. ആ കമ്പിയും മുറിവുമായി അവരെ രണ്ടു കിലോമീറ്റര് ദൂരം നടത്തിച്ചു അയ്യപ്പന്‍ ക്ഷേത്രത്തില്‍ കൊണ്ട് പോവും. പിറ്റേന്ന് വെളുപ്പിനെ 3 മണിയോടെ തിരികെ നടത്തി ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക്. പിന്നീട് ആണ് അവയുടെ തൊലിയില്‍ നിന്നും ലോഹ ചൂരല്‍ മാറ്റുന്നതും ഭസ്മം തേച്ചു വിടുന്നതും. ഒരാഴ്ച നല്ല ഉറക്കവും ഭക്ഷണവും, വീട്ടിലെ അന്തരീക്ഷവും, സ്‌നേഹവും കിട്ടാതെ ഏതോ കാര്യത്തിന് ശിക്ഷയെന്ന പോലെ കഴിഞ്ഞു ശരീരം മുറിഞ്ഞു വരുന്ന കുഞ്ഞുങ്ങളുടെ അവസ്ഥ ഒന്നോര്‍ത്തു നോക്കൂ -ശ്രീലേഖ ചോദിക്കുന്നു 

ഇത് ഞാന്‍ ഓര്‍ത്തു പോയി. ഈ ക്രൂരത ഇനി മതിയെന്ന് തോന്നിപ്പോയി. അത്ര മാത്രം. ആചാരവും അനുഷ്ഠാനവും ഒന്നും നിര്‍ത്തണ്ട. പൊങ്കാല ഇനിയും കോടിക്കണക്കിനു സ്ത്രീകള്‍ വര്ഷം തോറും ദേവിക്ക് നല്‍കണം. പക്ഷെ പെണ്‍കുട്ടികളുടെ താലപ്പൊലി പോലെയാക്കിക്കൂടെ ആണ്‍കുട്ടികളുടെ കുത്തിയോട്ടവും? ഒരു ദിവസം മാത്രം, കുത്തുന്നതിനു പകരം അവിടെ കുങ്കുമം തേച്ചു പ്രതീകാത്കമായി ഒരു ചരട് കെട്ടി മാത്രം? എന്തിനീ ദിവസങ്ങളോളമുള്ള കഠിന വൃതവും ശരീരം കുത്തിമുറിക്കലും? കുറ്റകരമല്ല ഇത്?
നിശബ്ദരായി എന്നോടൊപ്പം നില്‍ക്കുന്ന പലര്‍ അയച്ചു തന്ന ചിത്രങ്ങളാണ് ഞാന്‍ ബ്ലോഗില്‍ ഇട്ടത്. വീണ്ടും കിട്ടി കുറെ ചിത്രങ്ങള്‍ കൂടി. അത് ഞാന്‍ ഇവിടെ ഇടുന്നു. ഇനി നിങ്ങള്‍ പറയൂ, നമുക്കിതില്‍ എന്ത് ചെയ്യാനാവുമെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com