വിവാദ ഭൂമി ഇടപാട് :  കര്‍ദിനാള്‍ ആലഞ്ചേരിയെ പിന്തുണച്ച് വിശ്വാസികളുടെ സംഗമം ; ഫാദര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് കള്ളപുണ്യാളനെന്ന് പ്രതിനിധികള്‍ ( വീഡിയോ )

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th March 2018 12:55 PM  |  

Last Updated: 11th March 2018 01:06 PM  |   A+A-   |  

 

കൊച്ചി : വിവാദ ഭൂമി ഇടപാടില്‍ ആരോപണ വിധേയനായ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ പിന്തുണച്ച് കൊച്ചിയില്‍ വിശ്വാസികളുടെ സംഗമം. കൊച്ചി മറൈന്‍ ഡ്രൈവില്‍ നടക്കുന്ന സംഗമത്തില്‍ പങ്കെടുക്കുന്നത് വിവിധ രൂപതകളിലെ അല്‍മായ പ്രതിനിധികളാണ്. എറണാകുളം അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് കള്ളപുണ്യാളനാണെന്ന് പ്രതിനിധികള്‍ ആരോപിച്ചു. 

അദ്ദേഹം ഇത്രനാളും പറഞ്ഞത് കോട്ടപ്പടിയിലെ 70 ഏക്കര്‍ സ്ഥലം വാങ്ങുന്നത് ഞാനറിഞ്ഞിട്ടില്ല, എന്നോട് ചോദിച്ചിട്ടില്ല എന്നാണ്. ഇതേക്കുറിച്ച് താന്‍ തികച്ചും അജ്ഞനാണ്. ഒരു സമിതിയിലും ആലോചിച്ചിട്ടില്ല. ആലഞ്ചേരി പിതാവിന്റെ തന്നിഷ്ടമാണ് സഭയ്ക്കകത്ത് നടക്കുന്നത് തുടങ്ങി കള്ളത്തിന് ന്യായങ്ങളും, ന്യായത്തിന് കള്ളവും കണ്ടുപിടിച്ച് മുന്നോട്ടുപോകുകയാണ് ഫാദര്‍ എടയന്ത്രത്തില്‍ ചെയ്തതെന്ന് പ്രതിനിധികള്‍ ആരോപിച്ചു. 

എന്നാല്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തില്‍ ഫാദര്‍ ജോഷി പുതുവയ്ക്ക് അയച്ച ഇ മെയില്‍ സന്ദേശം പുറത്തുവന്നതിലൂടെ, കോട്ടപ്പടി ഭൂമി ഇടപാട് അദ്ദേഹം അറിഞ്ഞിരുന്നു എന്ന് വ്യക്തമാകുന്നതായി പ്രതിനിധികള്‍ വ്യക്തമാക്കി. കാനോന്‍ നിയമങ്ങളെല്ലാം ലംഘിച്ച് ജോഷി അച്ചന് തന്നിഷ്ടപ്രകാരം ചെയ്യാനുള്ള അനുവാദം സെബാസ്റ്റ്യന്‍ എടയന്ത്രത്തില്‍ നല്‍കിയിരുന്നതായുള്ള തെളിവുകളും പുറത്തുവന്നതായി ഇവര്‍ സൂചിപ്പിച്ചു. 


മുണ്ടാടന്റെ ഗുണ്ടാസംഘത്തെ സഭയില്‍ നിന്നും പുറത്താക്കുക, വട്ടോളിയുടെ വട്ടിനുള്ള ഇടമല്ല സഭ, ഞങ്ങള്‍ സബാ തലവനൊപ്പം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് വിശ്വാസികള്‍ കൊച്ചിയില്‍ ഒത്തുകൂടിയത്. കൊച്ചി മറൈന്‍ ഡ്രൈവില്‍ നിന്നും തുടങ്ങിയ പ്രതിഷേധമാര്‍ച്ച് ബിഷപ്പ് ഹൗസില്‍ സമാപിച്ചു. കര്‍ദിനാള്‍ ആലഞ്ചേരിയെ കള്ളക്കേസില്‍ കുടുക്കുകയാണ്. ഭൂമി ഇടപാടില്‍ നഷ്ടങ്ങള്‍ ഉണ്ടായിട്ടില്ല. ഫാദര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന്റെ കുതതന്ത്രങ്ങളാണ്  പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ഇവര്‍ ആരോപിച്ചു.