ശ്രീധരനെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കരുത്: ലൈറ്റ് മെട്രോ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് ജി സുധാകരന്‍

പദ്ധതിക്ക് കേന്ദ്രാനുമതി കിട്ടിയാല്‍ ഇ ശ്രീധരനുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ് - സര്‍ക്കാര്‍ ശ്രീധരനെ ഓടിച്ചിട്ടില്ല - കേന്ദ്രാനുമതി കിട്ടാത്തതാണ് പ്രശ്‌നം
ശ്രീധരനെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കരുത്: ലൈറ്റ് മെട്രോ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് ജി സുധാകരന്‍

തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികള്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. മെട്രോമാന്‍ ഈ ശ്രീധരനെ സര്‍ക്കാര്‍ ഓടിച്ചിട്ടില്ലെന്നും അയാളെ ആരും ഓട്ടപന്തയത്തില്‍ നിര്‍ത്തി യിട്ടില്ലെന്നും പദ്ധതിക്ക് കേന്ദ്രാനുമതി കിട്ടാത്തതാണ് നിലവിലെ പ്രശ്‌നമെന്നും മന്ത്രി പറഞ്ഞു. 

പദ്ധതിക്ക് കേന്ദ്രാനുമതി കിട്ടിയാല്‍ ഇ ശ്രീധരനുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ്. ഇപ്പോള്‍ ശ്രീധരനെ പിന്തുണച്ച് രംഗത്ത് എത്തിയവര്‍ കേന്ദ്രം സഹായം നല്‍കില്ലെന്നറിയിച്ചാല്‍ കൂടെയുണ്ടാവില്ലെന്നും സുധാകരന്‍ പറഞ്ഞു. ലൈറ്റ് മെട്രോ വിഷയത്തില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടിയതായി തെളിയിച്ചാല്‍ ചര്‍ച്ചയ്ക്കു തയ്യാറാണ്. പുതിയ മെട്രോ നയം വരുന്നതിനു മുന്‍പുതന്നെ കേന്ദ്രസര്‍ക്കാരിനു സംസ്ഥാനം കത്തയച്ചതാണ്. എന്നിട്ടും ഇ.ശ്രീധരന്‍ ഉള്‍പ്പടെ സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് സങ്കടകരമാണ്.

കേന്ദ്ര സര്‍ക്കാരില്‍ സ്വാധീനമുണ്ടെന്നു പറയുന്നവര്‍ക്ക് ആദ്യ പദ്ധതിക്ക് അനുമതി വാങ്ങിത്തരാന്‍ കഴിഞ്ഞില്ല. സല്‍പ്പേരുവച്ചു സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യാനാണു ശ്രമം. ഞങ്ങള്‍ ഡിഎംആര്‍സിയെ ഏറ്റുമുട്ടാന്‍ ക്ഷണിച്ചിട്ടില്ല. പദ്ധതിയില്‍ ഡിഎംആര്‍സി ഇല്ലെങ്കില്‍ എന്താണു പ്രശ്‌നം? ലോകത്തെല്ലാം മെട്രോ പണിയുന്നതു ഡിഎംആര്‍സി അല്ല. കൊടുക്കാത്ത കരാര്‍ ചോദിച്ചുവാങ്ങാന്‍ എന്താണധികാരമെന്നും സുധാകരന്‍ ചോദിച്ചു.  കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മെട്രോ നയമാണു പദ്ധതിയുടെ മുന്നിലുള്ള പ്രധാന തടസ്സം. സ്വകാര്യ പങ്കാളിത്തത്തോടെ മാത്രമേ പദ്ധതി നടപ്പാക്കാനാകൂ എന്നാണു കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. ഇടതുപക്ഷ സര്‍ക്കാരിന്റെ നയങ്ങള്‍ക്കു വിരുദ്ധമാണിത്. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com