വത്തക്ക പ്രയോഗം ആഭാസ ആണ്‍,പെണ്‍ ബന്ധത്തിനെതിരായ നിഷ്‌കളങ്ക ഉപമ; അധ്യാപകനെ വിമര്‍ശിച്ച പി കെ ഫിറോസിനെതിരെ സമസ്ത 

ഫറൂഖ് കോളേജ് വിവാദത്തില്‍ അധ്യാപകന്‍ ജൗഹര്‍ മുനവ്വറിനെതിരെ നിലപാടെടുത്ത യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സമസ്ത രംഗത്ത്
വത്തക്ക പ്രയോഗം ആഭാസ ആണ്‍,പെണ്‍ ബന്ധത്തിനെതിരായ നിഷ്‌കളങ്ക ഉപമ; അധ്യാപകനെ വിമര്‍ശിച്ച പി കെ ഫിറോസിനെതിരെ സമസ്ത 
Updated on
4 min read

കൊച്ചി:  ഫറൂഖ് കോളേജ് വിവാദത്തില്‍ അധ്യാപകന്‍ ജൗഹര്‍ മുനവ്വറിനെതിരെ നിലപാടെടുത്ത യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സമസ്ത രംഗത്ത്. മുസ്ലിം വിദ്യാര്‍ഥി,വിദ്യാര്‍ഥിനികള്‍ക്കിടയില്‍ വളര്‍ന്നു വരുന്ന ഫാഷന്‍ ഭ്രമത്തിനെതിരെ മുജാഹിദ് വിഭാഗം പ്രഭാഷകനും അധ്യാപകനുമായ ജൌഹര്‍ മുനവ്വര്‍ നടത്തിയ പ്രഭാഷണ ഭാഗം ദുര്‍വ്യാഖ്യാനിച്ച് ഇസ്‌ലാമിന്റെ സ്ത്രീ പക്ഷ നിലപാടിനെ പ്രതിക്കൂട്ടിലാക്കുകയും അതിന്റെ പേരില്‍ അധ്യാപകനെ ഒറ്റപ്പെടുത്തുകയും ചെയ്യുന്ന കപട ലിബറല്‍ മതേതര ബോധത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിന്റെ സമീപനം തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് നേതാക്കള്‍ സംയുക്തമായി പുറപ്പെടുവിച്ച ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

കാമ്പസുകളില്‍ നടക്കുന്ന ആഭാസകരമായ ന്യൂജനറേഷന്‍ ആണ്‍,പെണ്‍ ബന്ധത്തിന്റെ പാശ്ചാത്തലത്തില്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉദ്ധരിച്ചു മാന്യമായി വസ്ത്രം ധരിക്കാന്‍ ഉപദേശിക്കുന്ന നിഷ്‌കളങ്കമായ ഒരു ഉപമാലങ്കാര പ്രയോഗമാണ് അധ്യാപകന്‍ നടത്തിയത്. എന്നാല്‍ ഇതിനെ 
ഭാവനാ രഹിതമായി വളച്ചൊടിച്ച് അദ്ധ്യാപകന്‍ പറഞ്ഞത് കടുത്ത അശ്ലീലവും തികഞ്ഞ സ്ത്രീ വിരുദ്ധവുമെന്ന നിലയില്‍ വ്യാഖ്യാനിക്കുകയും അത് വഴി ഇസ്ലാമിക വിരുദ്ധ പൊതുബോധത്തെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന യൂത്ത് ലീഗ് നേതാവിന്റെ നിലപാട് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. എസ് എഫ് ഐ ഉള്‍പ്പെടെ മുസ്ലിം സ്വത്വത്തോട് എന്നും ഓക്കാനമുള്ളവര്‍ക്ക് ഊക്ക് നല്‍കുന്നതായിപ്പോയി ഈ നിലപാട്- ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

നിര്‍ഭയ, ഹാദിയ, മുത്തലാഖ് തുടങ്ങിയ വിഷയങ്ങളില്‍ ഫിറോസ് കൈക്കൊണ്ട സമീപനങ്ങളെയും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ സമസ്ത കുറ്റപ്പെടുത്തി. 

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇവരെ ഇനിയും കയറൂരി വിടരുത്

മുസ്ലിം വിദ്യാര്‍ഥിവിദ്യാര്‍ഥിനികള്‍ക്കിടയില്‍ വളര്‍ന്നു വരുന്ന ഫാഷന്‍ ഭ്രമത്തിനെതിരെ മുജാഹിദ് വിഭാഗം പ്രഭാഷകനും അധ്യാപകനുമായ ജൌഹര്‍ മുനവ്വര്‍ നടത്തിയ പ്രഭാഷണ ഭാഗം ദുര്‍വ്യാഖ്യാനിച്ച് ഇസ്ലാമിന്റെ സ്ത്രീ പക്ഷ നിലപാടിനെ പ്രതിക്കൂട്ടിലാക്കുകയും അതിന്റെ പേരില്‍ അധ്യാപകനെ ഒറ്റപ്പെടുത്തുകയും ചെയ്യുന്ന കപട ലിബറല്‍ മതേതര ബോധത്തോട് ഐക്യധാര്ട്യം പ്രഖ്യാപിച്ച യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിന്റെ സമീപനം തികച്ചും പ്രതിഷേധാര്‍ഹമാണ്.

കാമ്പസുകളില്‍ നടക്കുന്ന ആഭാസകരമായ ന്യൂജനറേഷന്‍ ആണ്‍പെണ് ബന്ധത്തിന്റെ പാശ്ചാത്തലത്തില്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉദ്ധരിച്ചു മാന്യമായി വസ്ത്രം ധരിക്കാന്‍ ഉപദേശിക്കുന്ന നിഷ്‌കളങ്കമായ ഒരു ഉപമാലങ്കാര പ്രയോഗത്തെ ഭാവനാ രഹിതമായി വളച്ചൊടിച്ച് അദ്ധ്യാപകന്‍ പറഞ്ഞത് കടുത്ത അശ്ലീലവും തികഞ്ഞ സ്ത്രീ വിരുദ്ധവുമെന്ന നിലയില്‍ വ്യാഖ്യാനിക്കുകയും അത് വഴി ഇസ്ലാമിക വിരുദ്ധ പൊതുബോധത്തെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന യൂത്ത് ലീഗ് നേതാവിന്റെ നിലപാട് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. എസ് എഫ് ഐ ഉള്‍പ്പെടെ മുസ്ലിം സ്വത്വത്തോട് എന്നും ഓക്കാനമുള്ളവര്‍ക്ക് ഊക്ക് നല്‍കുന്നതായിപ്പോയി ഈ നിലപാട്

വിദ്യാര്‍ഥികള്‍ക്കിടയിലെ അധാര്‍മ്മിക പ്രവണത തടയാനുള്ള കാമ്പസ് നിയന്ത്രണങ്ങള്‍ ചവിട്ടിപ്പൊളിക്കണമെന്ന അനിയന്മാരോടും അനിയത്തിമാരോടുമുള്ള നജീബ് കാന്തപുരത്തിന്റെ ആഹ്വാനവും ശരീഅത്തിനോടുള്ള വെല്ലുവിളിയാണ്. അധ്യാപകര്‍ക്ക് മുമ്പില്‍ പേടിച്ച് മൂത്രമൊഴിക്കേണ്ട എല്‍ കെ ജി കുട്ടികളല്ല നിങ്ങള്‍ എന്ന് പറഞ്ഞു അവരെ ധിക്കാരികളാക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന യൂത്ത് നേതാവിന്റെ കുറിപ്പ് അച്ചടക്കവും വിദ്യാഭ്യാസവുമുള്ള അഭിമാനകരമായ ഒരു തലമുറയെ സ്വപനം കണ്ട സാത്വികരായ മണ്മറഞ്ഞ നേതാക്കളുടെ ചെകിടത്തടിയാണ്.മതേതര പൊതുബോധത്തിനു മുമ്പില്‍ മതം പറയാന്‍ അപകര്‍ഷതയുള്ള ഈ നേതൃനിര തീര്‍ത്തും ആശങ്കപ്പെടുത്തുന്നു.

പി.കെ ഫിറോസ് ഇതാദ്യമായല്ല മത നിയമങ്ങള്‍ക്കും അതിന്റെ പ്രയോഗങ്ങള്‍ക്കുമെതിരെ ഒളിയമ്പ് എയ്ത് മാറി നിന്ന് സ്വന്തം അണികളെ തന്നെ പരിഹസിക്കുന്നത്. ദല്‍ഹിയിലെ 'നിര്‍ഭയ' പെണ്‍കുട്ടി ബലാല്‍സംഗത്തിനു വിധേയമായി കൊല്ലപ്പെട്ടു രാജ്യത്ത് കടുത്ത പ്രതിഷേധം ഉയര്ന്നപ്പോള്‍ മുഖ്യധാരാ മാധ്യമങ്ങളും ബുദ്ധിജീവികളും വരെ മാന്യമായ വസ്ത്രവും സ്വയം അച്ചടക്കവും പാലിച്ച് സ്ത്രീകള്ക്ക് നേരെയുള്ള അതിക്രമം നേരിടാമെന്ന വ്യത്യസ്തവും മതാഭിപ്രായത്തോട് ചേര്‍ന്നു നില്‍ക്കുന്നതുമായ അഭിപ്രായമുയര്‍ത്തിയ സാഹചര്യത്തില്‍ പോലും എം ഇ എസ് കോഴിക്കോട് സംഘടിപ്പിച്ച ഒരു സെമിനാറില്‍, ഡല്‍ഹിയില്‍ ആണും പെണ്ണും സ്വതന്ത്രമായി ഇടപെടുന്നത് പോലെ കംബാര്‍മെന്റലൈസ് ചെയ്യാതെ അവരെ വളര്‍ത്തണമെന്ന തീര്‍ത്തും ഇസ്ലാമിക വിരുദ്ധമായ ആധുനിക ഫെമിനിസ്റ്റ് വാദം ഉന്നയിക്കുകയായിരുന്നു ഫിറോസ്.

പലപ്പോഴായി ഉയര്‍ന്ന വന്ന സാമുദായിക വിഷയങ്ങളിലെല്ലാം ചില യൂത്ത് ലീഗ് നേതാക്കളുടെ സമീപനങ്ങള്‍ വ്യത്യസ്തമായിരുന്നില്ല. ഹാദിയ വിഷയം ചര്‍ച്ചയാവുകയും വീട്ടു തടങ്കലിലിട്ടു അവരുടെ മനുഷ്യാവകാശം പോലും നിഷേധിക്കുകയും ചെയ്തപ്പോള്‍ സാംസ്‌കാരിക കേരളം അവര്‍ക്ക് വേണ്ടി വാദിച്ച സന്ദര്ഭത്തില്‍ പോലും ഹാദിയയെ പീഡിപ്പിക്കുകയും സംഘ പരിവാരത്തിന്റെ 'മൌത്ത് പീസാ'യി നില്ക്കുകയും ചെയ്ത ഹാദിയയുടെ അച്ചന്റെ വേദനയെ പറ്റി ഉറക്കെ സംസാരിക്കുകയായിരുന്നു ഈ യുവ തുര്‍ക്കി . ഹാദിയയെ 'അഖില'യെന്നു സാംബോധന ചെയ്ത് സംഘ പരിവാരം കൂടി ഉള്‍കൊള്ളുന്ന ഇസ്ലാമിക വിരുദ്ധ ചേരിയെ അന്ന് ഇയാള്‍ കണക്കറ്റു സന്തോഷിപ്പിച്ചു.

കുറച്ച് മുമ്പ് മാതൃഭൂമി പത്രം സ്ത്രീ ചേലാ കര്‍മ്മത്തിനെതിരെ മുസ്ലിം വികാരം വ്രണപ്പെടുത്താന്‍ കരുതിക്കൂട്ടി ഒരുക്കിയ കെണിയിലേക്ക് സ്വയം എടുത്ത് ചാടി , ശരീഅത്തിന്റെ പ്രഖ്യാപിത നയങ്ങള്‍ക്കെതിരെ പ്രാകൃതമെന്ന പൊതു പ്രചാരണത്തെ സാധൂകരിക്കാന്‍ സഹായിക്കും വിധം ചേലാകര്‍മ്മ കേന്ദ്രത്തിന്റെ വാതില്‍ താഴിട്ട് പൂട്ടാന്‍ ഇതേ യൂത്ത് നേതാവ് നേതൃപരമായി ഇടപെട്ടതും മറക്കാനായിട്ടില്ല.

രാജ്യത്ത് മുത്തലാഖ് നിരോധിക്കാന്‍ സംഘു പരിവാരം ഗവന്മേന്റ്‌റ് മെഷിനറിയുടെ പൂര്‍ണ്ണ പിന്തുണയോടെ മുറവിളി നടത്തുകയും പൊതു അഭിപ്രായം രൂപപ്പെടുത്തി പരമോന്നത് കോടതിയുടെ പോലും വിധിയെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്ത സാഹചര്യത്തില്‍ യൂത്ത് ലീഗ് നേതാവ് ഫാത്തിമ തഹ്ലിയ മുത്തലാഖ നിരോധിക്കേണ്ടതാണെന്ന സമ്ഘ പരിവാര വാദം പരസ്യമായി ഉന്നയിച്ചതും ഇതോടൊപ്പം തന്നെ ചേര്‍ത്ത് വായിക്കേണ്ടതാണ്.

വിവാഹ പ്രായ വിഷയത്തില്‍ മുസ്ലിം സംഘടനകള്‍ ഒന്നിച്ചു എടുത്ത തീരുമാനത്തെ പോലും പരിഹസിച്ചു ലേഖനം എഴുതിയതും മുസ്ലിം സംഘടനാ നെത്രുത്വത്തിന്റെ യാഥാസ്ഥിതികത്വത്തെ പരിഹസിച്ച് ചാനലുകളില്‍ നിറഞ്ഞാടിയതും ഇതേ യൂത്ത് നേതൃത്വമാണ്. എം എസ് എഫില്‍ പര്ദ്ധയ്ക്ക് സ്ഥാനമില്ലെന്ന അനാവശ്യ വിവാദം സൃഷ്ടിച്ചതും ഓര്‍മ്മിക്കുക. കൊല്ലത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന, ആര്‍ക്കും എതിര്‍പ്പില്ലാത്ത നബിദിന ഘോഷ യാത്രയെ പോലും വിമര്‍ശിച്ചും പ്രഭാത നേരത്ത് കര്‍ണ്ണാനന്ദകരമായി നടത്തുന്ന മൌലൂദ് പാരായണത്തെ കര്‍ണ്ണ കടോരമായ ഡെസിബല്‍ ശബ്ദകോലാഹലത്തോട് ചേര്‍ത്ത് വെച്ച് പരിഹസിച്ചും ഇതേ യൂത്ത് നേതൃത്വം സമുദായത്തെ മുമ്പ് ഞെട്ടിച്ചിട്ടുണ്ട്.

മുസ്ലിം ലീഗ് വേദികളില്‍ (വനിതാ ലീഗ് യോഗത്തിലല്ല) സ്ത്രീകളെ പങ്കെടുപ്പിക്കുന്നതും പ്രവാസി സംഘടനകള്‍ വനിതകളുടെ മൈലാഞ്ചിക്കൈകള്‍ നോക്കി മാര്‍ക്ക് ഇടുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതും സിനിമാറ്റിക് സംഗീത നിശ സംഘടിപ്പിക്കുന്നതും യുവ തുര്‍ക്കികളുടെ ഇതേ മത വിരുദ്ധ മനോഭാവത്തിന്റെ കണ്ണാടിയായി തന്നെ കാണണം. ഫാത്തിമ തഹ്ലിയ ഇപ്പോള്‍ പല ലീഗ് വേദിയിലെയും സ്ഥിരം ക്ഷണിതാവുമാണ്.കുറച്ചു മുമ്പ് അബ്ദുസ്സമദ് പൂക്കൂട്ടോര്‍ പൊതുവേദിയിലെ സ്ത്രീ സാന്നിധ്യത്തിനെതിരെ പരസ്യമായി പ്രതികരിച്ചപ്പോള്‍ ഇതേ യൂത്ത് നേതൃത്വം ക്രൂരമായി പരിഹസിച്ചിട്ടുണ്ട്. മായിന്‍ ഹാജിയ്ക്കും ഉപദേശിച്ചതിന്റെ പേരില്‍ ഇവരുടെ ചാട്ടവാര്‍ പ്രഹരമേറ്റിരുന്നു

സ്വന്തം പാര്‍ട്ടിയുടെ പ്രത്യശാസ്ത്രത്തെ ഇടവും വലവും നോക്കാതെ രാഷ്ട്രീയമായും ബൌദ്ധികമായും പ്രതിരോധിക്കുന്ന ഇടത് പക്ഷ വിദ്യാര്‍ഥിയുവജന പ്രസ്ഥാനങ്ങളുടെയെങ്കിലും നിലവാരമോ കൂറോ പ്രകടിപ്പിക്കാതെ, വിശ്വാസം പരമപ്രധാനമായ ഒരു സമുദായം പ്രതിരോധത്തിലാകുമ്പോഴോക്കെ കൃത്യവും ചടുലവുമായ നിലപാടുകള്‍ കൊണ്ട് ധിഷണാ പരമായ നേതൃത്വം നല്‍കുന്നതിന് പകരം അവരെ കൂടുതല്‍ കൂടുതല്‍ പ്രതിരോധത്തിലേക്ക് തള്ളിവിടുന്ന ഈ സമീപനം ചില യൂത്ത് ലീഗ് നേതാക്കള്‍ ഇനിയെങ്കിലും അവസാനിപ്പിക്കേണ്ടതാണ്.

മുഖ്യധാര മുസ്ലിം രാഷ്ട്രീയത്തോട് എക്കാലവും ചേര്‍ന്ന് നിന്ന് പോകുന്ന സമസ്തയെയും അതിന്റെ നേതൃത്വത്തെയും പരിഹസിക്കുന്നതും യൂത്ത് ലീഗിലെ ചിലര്‍ ഒരു ഹരമായി കാണുന്നത് പോലെ അനുഭവപ്പെട്ടിട്ടുണ്ട്.ബഹുഭൂരിപക്ഷം സുന്നികളുള്ള ഒരു രാഷ്ട്രീയ സംഘടനയെ എല്ലാവരുടെതുമെന്ന ബാലിശ വാദം ഉയര്‍ത്തി സംഘടനാ പ്ലാറ്റ് ഫോം വഴി നവീന വാദവും അതിന്റെ പ്രയോഗവും അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം യൂത്ത് നേത്രുത്വത്തിലെ ചിലരില്‍ നിന്ന് പലപ്പോഴുമുണ്ടായി. പാണക്കാട് തങ്ങളെ പോലും ധിക്കരിച്ചു ശരീഅത്തിനു വിരുദ്ധമായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസില്‍ ജുമുഅ നടത്തിയതും അത് നിയമവിരുദ്ധമാണെന്ന ചെറുശ്ശേരി ഉസ്താദിന്റെ തീരുമാനത്തെ പുച്ചിച്ചു തള്ളിയതും ഉദാഹരണം മാത്രമാണ്.

യൂത്ത് ലീഗിന്റെയും എം എസ് ഫിന്റെയും എക്‌സിക്യൂട്ടീവ് ക്യാമ്പുകളില്‍ സമസ്തയ്‌ക്കെതിരെ പ്രചാരണം നടത്തിയും മത മേലാളന്മാര്‍ക്ക് കീഴോതുങ്ങരുത് എന്ന് പ്രമേയം പാസ്സാക്കിയും , വളര്‍ന്നു വരുന്ന ഒരു തലമുറയെ തന്നെ വലിയൊരു വിഭാഗം പണ്ഡിതന്മാര്‍ക്കെതിരെ തിരിച്ചു വിടാനുള്ള ശ്രമവും ചിലര്‍ ബോധപൂര്‍വ്വം തന്നെ നടത്തി.കുറച്ചു മുമ്പ് മലപ്പുറം മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റിന്റെ പേരില്‍ വന്ന സോഷ്യല്‍ മീഡിയാ കുറിപ്പില്‍ 'അമ്പലക്കള്ളന്‍' എന്നും 'കാടന്‍ അത്താഴി' എന്നും എസ് വൈ എസ് നേതാക്കള്‍ക്കെതിരെ കടുത്ത നിന്ദാ വാക്കുകള്‍ വന്നത് സൌഹൃദ ത്തോടെ കഴിഞ്ഞ ഉലമാഉമറാ ബന്ധത്തെ വഷളാക്കാന്‍ ചിലര്‍ നടത്തിയ ഗൂഡ ശ്രമങ്ങള്‍ വിജയിക്കുന്നതിന്റെ സൂചനയാണ്.

മതവിരുദ്ധമായി പ്രതികരിക്കുന്ന യൂത്ത് നേതാക്കളുടെ അതിര്‍ ലംഘനത്തെ സമയാസമയം മുഖം നോക്കാതെ എതിര്‍ക്കുന്ന 'തെറ്റ'ല്ലാതെ സമസ്തയുടെ വിദ്യാര്‍ഥി യുവജന പ്രസ്ഥാനവും അതിന്റെ നേതാക്കളും ഒരിക്കലും നടത്തിയിട്ടില്ല.പക്ഷെ അതിന്റെ പേരില്‍, തങ്ങള്‍ക്ക് പറ്റിയ അബദ്ധം തിരുത്തുന്നതിനു പകരം 'മുല്ലാ പൊളിറ്റിക്‌സ്' എന്നും ലീഗ് വിരുദ്ധതയെന്നും ആക്ഷേപിച്ചു അവരെ ചാപ്പകുത്തി മാറ്റാനാണ് യുവ നേതാക്കള്‍ എന്നും ശ്രമിച്ചത്.

പക്ഷെ പുതിയ വിവാദത്തിലൂടെ ഒരു കാര്യം വ്യക്തമാണ്.നിരന്തരം ഇസ്ലാമിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി , അതിന്റെ ആശയധാരയുടെ കാലാതിവര്‍ത്തിയായ അര്ഹതയെ വരികള്‍ക്കിടയിലൂടെയും നിലപാടുകളിലൂടെയും ചോദ്യം ചെയ്ത് കമ്യൂണിസ്റ്റ്കമ്യൂണലിസ്റ്റ് പ്രഭ്രുതികളെ സുഖിപ്പിച്ച് കണ്ടം ചാടാന്‍ തക്കം പാര്ത്തിരിക്കുന്നവരെ സമസ്ത യുവ വിഭാഗം മാത്രമല്ല, മത ബോധമുള്ള വലിയൊരു ജനത തന്നെ തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു.

സമുദായ രാഷ്ട്രീയത്തിന്റെ നേത്രുസ്ഥാനത്ത് ഇരിക്കുന്ന ആദരണീയ നേതാക്കളോട് ഇത്രയേ പറയാനുള്ളൂ. ഇസ്ലാമിക വിരുദ്ധതയുടെ വിഷം വമിപ്പിക്കുന്ന ഈ ഒറ്റുകാരെ ഇനിയും കയറൂരി വിടുകയാണെങ്കില്‍ അനുഭവിക്കുക മുസ്ലിം കേരളം മൊത്തത്തിലാണ്. മുസ്ലിം സ്വത്വ രാഷ്ട്രീയത്തിനു അഭിമാനകരമായ സംഭാവന നല്‍കിയ മുസ്ലിം സാമുദായിക രാഷ്ട്രീയത്തിനു പിന്നെ അഭിമാനിക്കാനായി മടിശ്ശീലയില്‍ ഒന്നും അവശേഷിക്കില്ല.

ഗുണകാംക്ഷയോടെ,

1)അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് 
2)മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ 
3)എം.പി കടുങ്ങല്ലൂര്‍
4)ബശീര്‍ ഫൈസി ദേശമംഗലം
5)അഹ്മദ് തേര്‍ളായി
6)എ.എം പരീത് എറണാകുളം
7)ഇബ്രാഹിം ഫൈസി പേരാല്‍
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com